പ്രാദേശിക റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ബാങ്കുകളെ അനുവദിച്ചേക്കും

പ്രാദേശിക റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ബാങ്കുകളെ അനുവദിച്ചേക്കും

സ്വര്‍ണ, വെള്ളി വിതരവുമായി ബന്ധപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പുതുക്കുന്നത് അന്തിമഘട്ടത്തില്‍

ന്യൂഡെല്‍ഹി: പ്രാദേശിക റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സാമ്പത്തിക കാര്യ വകുപ്പും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിഐഎസ്, എന്‍എബിഎല്‍ എന്നിവയുടെ അക്രഡിറ്റേഷനുള്ള റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നതിനുള്ള നിര്‍ദേശമാണ് ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ എല്‍ബിഎംഎ യുടെ അക്രഡിറ്റേഷനുള്ള റിഫൈനറികളില്‍ നിന്നുമാത്രമാണ് ബാങ്കുകള്‍ക്ക് സ്വര്‍ണം വാങ്ങാനാകുക.

സ്വര്‍ണ, വെള്ളി വിതരണവുമായി ബന്ധപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ പുതുക്കിക്കൊണ്ടു മാത്രമേ പുതിയ നിര്‍ദേശം നടപ്പാക്കാനാകൂ എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഈ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇതില്‍ തീരുമാനമായാല്‍ വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ ഇത് നടപ്പാക്കും. മുത്തുകളുടെയും ആഭരണങ്ങളുടെയും കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്ന കൗണ്‍സിലും ആഭ്യന്തര കൗണ്‍സിലും ഇപ്പോള്‍ തന്നെ വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണ സംവിധാനത്തിന് കീഴിലാണ്.

ഗുണ നിലവാര മാനദണ്ഡങ്ങളില്‍ തീരുമാനമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അക്രഡിറ്റഡായ കളക്ഷന്‍ സെന്ററുകളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ അനുമതി നല്‍കും. ശേഖരണത്തിനും ശുദ്ധതാ പരിശോധനയ്ക്കുമായിട്ടുള്ള ഇത്തരം സെന്ററുകളില്‍ ഇന്ത്യക്കാരായിട്ടുള്ളവര്‍ നിക്ഷേപിച്ചിട്ടുള്ള ആഭരണങ്ങളില്‍ നിന്നാണ് ബാങ്കുകള്‍ക്കായുള്ള സ്വര്‍ണ ബാറുകള്‍ തയാറാക്കുക. സ്വര്‍ണ ഉപയോഗത്തില്‍ കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റിഫൈന്‍ഡ് സ്വര്‍ണത്തിന്റെ ഇറക്കുമതി പരമാവധി കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. നിലവില്‍ പ്രതിവര്‍ഷം 800-900 ടണാണ് ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം. ഇതില്‍ 80 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്.

Comments

comments

Categories: FK News
Tags: Buying Gold

Related Articles