ഇറാനില്‍ പ്രളയം; 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഇറാനില്‍ പ്രളയം; 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപം കൊണ്ട വെള്ളപ്പൊക്കത്തില്‍പ്പെട്ട് 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ 13 പ്രവിശ്യകളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം ഫാര്‍സ്, ലൊറേസ്റ്റാന്‍, ഗോലേസ്റ്റാന്‍, ഹമേദാന്‍ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 19-മുതല്‍ ഇറാനില്‍ കനത്ത മഴയാണു പെയ്തത്. ഇതേ തുടര്‍ന്ന് ഇറാനിലെ 1,900-ാളം നഗരങ്ങളിലും, ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കൃഷി നാശം വലിയ തോതിലുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 140-ാളം നദികള്‍ തീരം കവിഞ്ഞൊഴുകി. 409 മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 78 റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ 84 പാലങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച ആയിരത്തോളം പേര്‍ സഹായമെത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് അറിയിച്ചു. നൂറു കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റിപ്പാര്‍പ്പിച്ചതായും സംഘടന അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, പുതപ്പ്, ഹെല്‍ത്ത് കിറ്റ് തുടങ്ങിയവയും നല്‍കി. ദുരിത ബാധിതര്‍ക്കു സഹായം അനുവദിക്കുന്നതില്‍നിന്നും ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് സംഘടനയെ അമേരിക്ക പിന്തിരിപ്പിക്കുന്നുണ്ടെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി ആരോപിച്ചു.

Comments

comments

Categories: FK News