ടെലികോം വിപണിയില്‍ മുന്നേറ്റം ശക്തമാക്കി റിലയന്‍സ് ജിയോ

ടെലികോം വിപണിയില്‍ മുന്നേറ്റം ശക്തമാക്കി റിലയന്‍സ് ജിയോ

ജിയോയുടെ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ (എജിആര്‍) 14.63 ശതമാനം വര്‍ധനയാണ് ഡിസംബര്‍ പാദത്തിലുണ്ടായത്

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ റിലന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളെ പിന്നിലാക്കി നേതൃസ്ഥാനം ഊട്ടിഉറപ്പിച്ചതായി ടെലികോം നിയന്ത്രണ അതോറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ടെലികോം മേഖലയിലെ ലൈസന്‍സ് ഫീയും സ്‌പെക്ട്രം യുസേജ് ചാര്‍ജില്‍ നിന്നുള്ള വരുമാനവും മെച്ചപ്പെട്ടതായും ഇന്ത്യന്‍ ടെലികോം വ്യവസായം പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ തുടക്കമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിയോയുടെ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ (എജിആര്‍) സെപ്റ്റംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.63 ശതമാനം വര്‍ധനയാണ് ഡിസംബര്‍ പാദത്തിലുണ്ടായത്. 9,482.31 കോടി രൂപയാണ് ലൈസന്‍സ്ഡ് സേവനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം. വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ ക്രമീകരിച്ച മൊത്ത വരുമാനം ഡിസംബര്‍ പാദത്തില്‍ 4.05 ശതമാനം ഇടിഞ്ഞ് 7,223.72 കോടി രൂപയായി.

ഇക്കാലയളവില്‍ ഭാരതി എയര്‍ടെലിന്റെ വരുമാനം 4.18 ഇടിഞ്ഞു. 6,439.65 രൂപയുടെ എജിആര്‍ ആണ് എയര്‍ടെല്‍ ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തിലാണ് എജിആറിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ മാറിയത്. വോഡഫോണ്‍ ഐഡിയയെ പിന്നിലാക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്.

ഡിസംബര്‍ പാദത്തില്‍ ടെലികോം മേഖലയിലെ മൊത്തം എജിആറില്‍ 0.24 ശതമാനം ഇടിവാണ് ഉണ്ടായത്. 36,054 കോടി രൂപയാണ് മേഖലയിലെ ക്രമീകരിച്ച മൊത്ത വരുമാനം. ടെലികോം സേവനങ്ങളുടെ മൊത്തം എജിആറില്‍ 72.31 ശതമാനം പങ്കാളിത്തമാണ് ഇന്റര്‍നെറ്റ് ആക്‌സസ് സേവനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എജിആര്‍ കുറഞ്ഞെങ്കിലും ഒന്‍പത് പാദത്തിനുശേഷം ലൈസന്‍സ് ഫീയില്‍ നിന്നും സ്‌പെക്ട്രം യുസേജ് ചാര്‍ജില്‍ നിന്നുമുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ട്. ടെലികോം വിപണിയില്‍ രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന നിരക്ക് യുദ്ധത്തിന് ശക്തി കുറയുന്നതിന്റെ സൂചനകളാണിതെന്ന് ട്രായ് വ്യക്തമാക്കി.

സ്‌പെക്ട്രം യൂസേജ് ചാര്‍ജിലും ലൈസന്‍സ് ഫീസിലും ഒരുമിച്ച് അവസാനം വര്‍ധന രേഖപ്പെടുത്തിയിരുന്നത് 2016 ജൂണ്‍ പാദത്തിലാണ്. സെപ്റ്റംബറില്‍ ജിയോ എത്തിയതോടെ വിപണിയില്‍ നിരക്ക് യുദ്ധത്തിന് കളമൊരുങ്ങി. ഡിസംബര്‍ പാദത്തില്‍ ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിലേക്കെത്തിയത് 2,890 കോടി രൂപയാണ്. സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഇത് 0.03 ശതമാനം വര്‍ധിച്ചു. സ്‌പെക്ട്രം യൂസേജ് ചാര്‍ജ് 2 ശതമാനം വര്‍ധിച്ച് 1,064 കോടി രൂപയായി.

Comments

comments

Categories: Business & Economy
Tags: Jio, Reliance Jio