റെനോ ട്രൈബര്‍; ക്വിഡ് അടിസ്ഥാനമായ 7 സീറ്ററിന് പേരിട്ടു

റെനോ ട്രൈബര്‍; ക്വിഡ് അടിസ്ഥാനമായ 7 സീറ്ററിന് പേരിട്ടു

ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ടാണ് കോംപാക്റ്റ് 7 സീറ്റര്‍ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമെന്ന് റെനോ ഇന്ത്യ

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ കോംപാക്റ്റ് 7 സീറ്ററിന്റെ പേര് പ്രഖ്യാപിച്ചു. ക്വിഡ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന വാഹനത്തിന് ട്രൈബര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമിലാണ് എംപിവി നിര്‍മ്മിക്കുന്നത്. അതായത് പരിഷ്‌കരിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്ന് ഉറപ്പിക്കാം. റെനോ ക്വിഡ് നിര്‍മ്മിച്ചിരിക്കുന്നത് സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലാണ്. റെനോയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ക്വിഡിനും എസ്‌യുവികള്‍ക്കുമിടയിലായിരിക്കും പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് സ്ഥാനം. 2019 രണ്ടാം പകുതിയില്‍ വിപണിയില്‍ അവതരിപ്പിക്കും.

ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ടാണ് കോംപാക്റ്റ് 7 സീറ്റര്‍ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമെന്ന് റെനോ ഇന്ത്യ അറിയിച്ചു. ഇതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയ സെഗ്‌മെന്റിന് തുടക്കമാകുമെന്ന് കമ്പനി അവകാശപ്പെട്ടു. കോംപാക്റ്റ് അനുപാതങ്ങളിലാണ് 7 സീറ്റര്‍ മോഡല്‍ വരുന്നത്. ഒരുപക്ഷേ, ഡാറ്റ്‌സണ്‍ ഗോ പ്ലസ് പോലെ നാല് മീറ്ററിന് താഴെ നീളം വരുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായിരിക്കാം. എങ്കിലും കാറിനകം വിശാലമായിരിക്കുമെന്ന് റെനോ അവകാശപ്പെട്ടു. റെനോ ട്രൈബറിന്റെ പ്രോട്ടോടൈപ്പ് മോഡലുകള്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു.

പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ടേണ്‍ ലൈറ്റുകളോടെ പുറം കണ്ണാടികള്‍ എന്നിവ സവിശേഷതകളായിരിക്കും. പുതുതായി രൂപകല്‍പ്പന ചെയ്ത കറുപ്പ്, ഇളം തവിട്ടു നിറങ്ങളിലുള്ളതായിരിക്കും (ഡുവല്‍ ടോണ്‍) ഡാഷ്‌ബോര്‍ഡ്. വിഷമ ചതുര്‍ഭുജത്തിന്റെ ആകൃതിയുള്ള എസി വെന്റുകള്‍ക്കുചുറ്റും സില്‍വര്‍ പാനല്‍ കാണാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.

16 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് റെനോ ട്രൈബര്‍ വരുന്നതെന്ന് തോന്നുന്നു. എന്‍ജിന്‍ ഓപ്ഷനുകള്‍ വ്യക്തമല്ല. എന്നാല്‍ ക്വിഡ് ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍ കൂടുതല്‍ കരുത്തോടെ നല്‍കുമായിരിക്കും. ഒരുപക്ഷേ ടര്‍ബോചാര്‍ജര്‍ ഉണ്ടാകും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto