വിദേശ ഓഹരി നിക്ഷേപം: ഏഷ്യയില്‍ നമ്പര്‍1 ഇന്ത്യ

വിദേശ ഓഹരി നിക്ഷേപം: ഏഷ്യയില്‍ നമ്പര്‍1 ഇന്ത്യ
  • മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുകിയത് 4.89 യുഎസ് ഡോളര്‍
  • 7 വര്‍ഷത്തിനിടെ ഏറ്റവുമധികം നിക്ഷേപം ആകര്‍ഷിച്ച് ഇന്ത്യന്‍ ഓഹരികള്‍
  • അഭിപ്രായ സര്‍വേകള്‍ മോദി സര്‍ക്കാരിന് അനുകൂലമായത് നേട്ടത്തിന് കാരണം

ന്യൂഡെല്‍ഹി: രാഷ്ട്രീയ സ്ഥിരതയുടെ കരുത്തില്‍ വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ഫെബ്രുവരി മുതല്‍ റെക്കോഡ് നിക്ഷേപത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യന്‍ ഓഹരികള്‍ ചൈനയടക്കം ഏഷ്യയിലെ എല്ലാ പ്രമുഖ വിപണികളെയും പിന്തള്ളി ഒന്നാമതെത്തി. മാര്‍ച്ചില്‍ 4.89 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപമായി ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുകിയെത്തിയത്. മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഓഹരി നിക്ഷേപമാണ് നടന്നത്. ആഗോള മാന്ദ്യത്തിന്റെ ആശങ്കകളുടെയും കയറ്റുമതി ഇടിവിന്റെയും പശ്ചാത്തലത്തില്‍ മറ്റ് ഏഷ്യന്‍ വിപണികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നേട്ടമുണ്ടാക്കി കുതിക്കുന്നത്.

മാര്‍ച്ചില്‍ ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാന്‍, തായ് ലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ വിപണികൡല്‍ നിന്ന് 4.96 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങി. ഇതില്‍ 4.89 ബില്യണും ഇന്ത്യയിലേക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയന്‍ ഓഹരികളില്‍ 262 ദശലക്ഷം ഡോളറിന്റെ വിദേശ നിക്ഷേപം നടന്നു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ വിപണികളില്‍ നിന്ന് ഓഹരികള്‍ വാങ്ങാന്‍ 100 ദശലക്ഷം ഡോളറോ അതില്‍ കുറവോ മാത്രമാണ് വിദേശ നിക്ഷേപകര്‍ മുടക്കിയത്. 2019 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ 15.87 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് ഏഴ് ഏഷ്യന്‍ വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാങ്ങലാണിത്. 8.23 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വന്തമാക്കിയ ഇന്ത്യന്‍ ഓഹരി വിപണിയാണ് ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും 7.7 ശതമാനത്തിന്റെ നേട്ടമാണ് കഴിഞ്ഞമാസം ഉണ്ടാക്കിയത്.

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും സാമ്പത്തിക പരിഷ്‌കരണ നടപടികളും വികസന പ്രോത്സാഹനവും തുടരുമെന്നുമുള്ള പ്രതീക്ഷകളാണ് വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ വിപണിയായി ഇന്ത്യയെ മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ സുസ്ഥിരതക്കൊപ്പം യുഎസ് ബോണ്ടുകള്‍ അനാകര്‍ഷകമായതും ഇന്ത്യക്ക് ഗുണം ചെയ്തു. ഏപ്രിലിലും വിപണിയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം എത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയോടൊപ്പം തന്നെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തായ്‌ലന്‍ഡില്‍ ഭരണത്തുടര്‍ച്ചാ പ്രതീക്ഷകള്‍ മങ്ങിയത് വിപണിക്കും തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ 512 ദശലക്ഷം ഡോളറിന്റെ തായ് ഓഹരികളാണ് വിദേശികള്‍ വിറ്റഴിച്ചത്.

തിരിച്ചടി പ്രതീക്ഷിക്കാം

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതോടെ ഏഷ്യന്‍ വിപണികള്‍ക്കും തിരിച്ചടിയേല്‍ക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള തലത്തില്‍ ഉപഭോക്തൃ ആവശ്യകത കുറഞ്ഞതും വിനയായേക്കും. മാര്‍ച്ച് മാസത്തില്‍ ചൈനയിലെ ഉല്‍പ്പാദന മേഖല നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിയറ്റ്‌നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉല്‍പ്പാദനം മുരടിച്ചു. തുടര്‍ച്ചയായി അഞ്ചാം മാസവും ദക്ഷിണ കൊറിയയുടെ ഉല്‍പ്പാദന മേഖല താഴേക്ക് പോകുന്നതും മാര്‍ച്ചില്‍ കാണാനായി. തുര്‍ക്കി, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദം ഏഷ്യയിലേക്കും കവിഞ്ഞൊഴുകിയെത്താമെന്ന് ഡിബിഎസ് ബാങ്കിലെ ഇക്വിറ്റി തന്ത്രജ്ഞയായ ജൊവാന്‍ ഗോ പറയുന്നത്.

Categories: Business & Economy, Slider