ഹൈദരാബാദില്‍ വന്‍ ലോജിസ്റ്റിക്‌സ് സൗകര്യമൊരുക്കി ആമസോണ്‍

ഹൈദരാബാദില്‍ വന്‍ ലോജിസ്റ്റിക്‌സ് സൗകര്യമൊരുക്കി ആമസോണ്‍

13 സംസ്ഥാനങ്ങളിലായി 50ല്‍ അധികം ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് ആമസോണിന് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്

ബെംഗളൂരു: തങ്ങളുടെ ലോജിസ്റ്റിക്‌സ് സൗകര്യം ഉയര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഇന്ത്യ 2,40,000 ചതുരശ്രയടി സ്ഥലം ഹൈദരാബാദില്‍ പാട്ടത്തിന് എടുത്തു. ഇതോടെ തെലങ്കാനയിലെ ആമസോണിന്റെ മൊത്തം ലോജിസ്റ്റിക്‌സ് ശേഷി 6,50,000 ചതുശ്രയടിയിലേക്ക് എത്തിയതാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഹൈദരാബാദില്‍ 4,00,000 ചതുരശ്രയടി വലുപ്പമുള്ള ഒരു ഫുള്‍ഫില്‍മെന്റ് സെന്റര്‍ കമ്പനിക്കുണ്ട്. ഇതില്‍ 2 മില്യണ്‍ ക്യുബിക് ഫീറ്റ് സംഭരണത്തിനായാണ് ഉപയോഗിക്കുന്നത്.

ഹൈദരാബാദ് ലോജിസ്റ്റിക്‌സ് പാര്‍ക്കിലെ നിലവിലെ തങ്ങളുടെ ലോജിസ്റ്റിക്‌സ് സംവിധാനത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ സ്ഥലവും ആമസോണ്‍ സജ്ജമാക്കുന്നത്. 2019ല്‍ തന്നെ ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ലാണ് തങ്ങളുടെ ഏറ്റവും വലിയ ഫുള്‍ഫില്‍മെന്റ് സെന്റര്‍ ഷംസാബാദിലെ രാജിവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആമസോണ്‍ ആരംഭിക്കുന്നത്. പാറ്റ്‌ഫോമിലെ വില്‍പ്പനക്കാരുടെ ഉല്‍പ്പന്നങ്ങള്‍ സജ്ജീകരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍.
തങ്ങളുടെ ഫുള്‍ഫില്‍മെന്റ് ശൃംഖല വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും സാങ്കേതിക വിദ്യയിലും ലോജിസ്റ്റിക്‌സിലും നടത്തുന്ന നിക്ഷേപങ്ങള്‍ തുടരുമെന്നും ആമസോണ്‍ വ്യക്തമാക്കി. വില്‍പ്പനക്കാര്‍ കൂടുതലായി തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്കെത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

13 സംസ്ഥാനങ്ങളിലായി 50ല്‍ അധികം ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് ആമസോണിന് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. 20 മില്യണ്‍ ക്യുബിക് ഫീറ്റിലധികമാണ് നിലവില്‍ കമ്പനിയുടെ രാജ്യത്തെ സംഭരണ ശേഷി. വെയര്‍ഹൗസിംഗ് വ്യവസായത്തിന് ശുഭകരമായൊരു വര്‍ഷമായിരുന്നു 2018 എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 24 മില്യണ്‍ ചതുരശ്രയടിയിലേക്കാണ് ഈ മേഖല എത്തിയിട്ടുള്ളത്.

Comments

comments

Categories: FK News