വായുമലിനീകരണം പ്രമേഹരോഗം വരുത്തും

വായുമലിനീകരണം പ്രമേഹരോഗം വരുത്തും

ശ്വാസകോശ രോഗങ്ങള്‍ക്കു മാത്രമല്ല പ്രമേഹരോഗത്തിനും വായുമലിനീകരണം കാരണമാകുമെന്നു പഠനം

വായുമലിനീകരണം ശ്വാസതടസ്സം മാത്രമല്ല ഉണ്ടാക്കുക, പ്രമേഹരോഗ മരണങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ട്. യുഎസ് അധിഷ്ഠിത ഗവേഷണ ഫലങ്ങള്‍ ക്രോഡീകരിക്കുന്ന ഗ്ലോബല്‍ എയര്‍ 2019 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുകയിലടങ്ങിയ ഘടകങ്ങളാണ് 2017 ലെ ടൈപ്പ് 2 പ്രമേഹമരണങ്ങളുടെ മൂന്നാമത്തെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രക്തത്തിലെ പഞ്ചസാരനില ക്രമാതീതമായി ഉയരുന്നതും അമിതഭാരവുമാണ് ഒന്നും രണ്ടും കാരണങ്ങള്‍. 2017ല്‍ ടൈപ്പ് 2 പ്രമേഹം മൂലം ഒരു ദശലക്ഷത്തിലധികം മരണങ്ങളും 57 ദശലക്ഷം ആജീവനാന്തരോഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവ രണ്ടും 1990നേക്കാള്‍ യഥാക്രമം 175%, 141% വുമാണ് വര്‍ധിച്ചത്. പ്രമേഹരോഗ നിരക്കില്‍ ലോകമെമ്പാടും വര്‍ധന കാണുന്നുണ്ടെങ്കിലും ചൈനയും ഇന്ത്യയുമാണ് ഇതിന്റെ നഷ്ടം ഏറ്റവുമധികം അനുഭവിക്കുന്നത്.

ഫൈന്‍ പാര്‍ട്ടിക്കുലേറ്റ് എന്ന മലിനവായുവിലെ ഘടകം മനുഷ്യന്റെ രക്തപര്യയനവ്യൂഹത്തില്‍ പ്രവേശിക്കുന്നതോടെ ഞരമ്പുകളെ ദുര്‍ബലപ്പെടുത്തുകയും ഇന്‍സുലിന്‍ ഉല്‍പാദനത്തിന്റെ അളവു ക്രമേണ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം വായുമലിനീകരണവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രോഗികളെ ബോധ്യപ്പെടുത്തുന്നതാണെന്ന് അവര്‍ പറയുന്നു. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതിനുശേഷം മാത്രമേ ഇതിനാവശ്യമായ തെളിവുകള്‍ ലഭിക്കുകയുള്ളൂ. ശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ഇത് വ്യക്തമാകും. കാരണം വായുവിന്റെ നിലവാരം മെച്ചപ്പെടുമ്പോള്‍ പുതിയ പ്രമേഹരോഗികളുടെ എണ്ണവും ക്രമേണ കുറയുമെന്ന് മണിപ്പാല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. മോഹന്‍ ബദ്ഗാന്‍ഡി പറഞ്ഞു.

വ്യാവസായിക രാസമാലിന്യങ്ങളിലൂടെ പുറത്തു വരുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ ശരീരത്തില്‍ രാസപരിണാമങ്ങളുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളുടെയും കോശങ്ങളുടെയും നാശത്തിലേക്ക് നയിക്കുന്നു. വായുമലിനീകരണം, പ്രമേഹം, പ്രമേഹമരണം എന്നിവ തമ്മില്‍ ജീവശാസ്ത്രപരമായ ബന്ധമുണ്ട്. വായുവിലടങ്ങിയ വിഷഘടകങ്ങള്‍ രക്തത്തില്‍ കലരുമ്പോള്‍ സ്വാഭാവികമായും അവയെ പുറംതള്ളാനുള്ള പ്രവണതയാണു കാണിക്കുക. ഇത് ശരീരത്തിനു ഹാനികരമാണ്. മാത്രമല്ല ഇത് ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയ്ക്കും. വായു മലിനീകരണവും പ്രമേഹവും പരസ്പരബന്ധിതമാകുന്നത് ഇങ്ങനെയാണെന്ന് ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവസ്‌ക്കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ ഉപദേശകനായ ഡോക്റ്റര്‍ രാഹുല്‍ പാട്ടീല്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തില്‍ വായുമലിനീകരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹൃദ്രോഗവിദഗ്ധനാണ് അദ്ദേഹം.

പ്രമേഹം ഉണ്ടാക്കുന്നതില്‍ ജനിതക, പാരിസ്ഥിതിക ഘടകങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, വിഷപ്പുകയിലടങ്ങിയ ഘടകങ്ങള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈയിടെ കൂടിയിട്ടുണ്ടെന്ന് അമേയ ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും എന്‍ഡോക്രൈനോളജിസ്റ്റുമായ ഡോ. എസ് സതീഷ് കുമാര്‍ പറയുന്നു. ഇതിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും, ഈ വിഷയത്തില്‍ കാര്യമായ ഗവേഷണം നടക്കുന്നുണ്ട്. ഇത്തരം ഘടകങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ രോഗപ്രതിരോധകുത്തിവെപ്പുകള്‍ വേണ്ടി വരുന്നു. ഇത് ഇന്‍സുലിന്‍ ഉല്‍പ്പാദനത്തില്‍ തടസം സൃഷ്ടിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയ്ക്ക് ഇതുണ്ടാക്കുന്ന ഹാനി വലുതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം പുകമാലിന്യങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ പ്രവേശിക്കപ്പെടുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനൊപ്പം തന്നെ ഹൃദ്രോഗമരണങ്ങളും വര്‍ധിക്കുന്നു.

2017 ല്‍ പക്ഷാഘാതം, പ്രമേഹം, ഹൃദയാഘാതം, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം ഏകദേശം അഞ്ചു ദശലക്ഷം പേരാണ് മരണപ്പെട്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളടങ്ങുന്ന തെക്കനേഷ്യയാണ് ലോകത്തിലെ ഏറ്റവും മലിനമായ പ്രദേശം. ഇവിടെ 1.5 ദശലക്ഷം മരണങ്ങളാണ് വായു മലിനീകരണം മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Comments

comments

Categories: Health