ശുദ്ധസസ്യാഹാരികള്‍ക്ക് ദീര്‍ഘായുസ്

ശുദ്ധസസ്യാഹാരികള്‍ക്ക് ദീര്‍ഘായുസ്

പൂര്‍ണമായും സസ്യഭക്ഷണം ശീലമാക്കിയവരില്‍ മാരകരോഗങ്ങളെ തടയുന്ന ആന്റിയോക്‌സിഡന്റുകള്‍ ഉയര്‍ന്ന നിലയിലെന്ന് പഠനം

വീഗനിസം

സസ്യാഹാരം ശീലമാക്കുന്നതിനെപ്പറ്റി വലിയ ചര്‍ച്ചകള്‍ ലോകത്ത് ഉയരുന്നുണ്ട്. ഇതില്‍ ശുദ്ധസസ്യാഹാരശീലം ഇന്ന് ലോകത്തു തന്നെ വലിയ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. സസ്യഭുക്കുകളില്‍ പലരും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാറുണ്ട്. എന്നാല്‍ ഇവ പോലും കഴിക്കാത്ത കൂട്ടരുണ്ട്. ഇവരാണ് വീഗനുകള്‍ എന്നറിയപ്പെടുന്നത്. മാംസവും ക്ഷീരോല്‍പ്പന്നങ്ങളും ഉയര്‍ന്ന തോതില്‍ കഴിക്കുന്ന പല രാജ്യങ്ങളിലും നിരവധി പേര്‍ ഇപ്പോള്‍ വീഗനിസത്തിന്റെ പ്രയോക്താക്കളായിട്ടുണ്ട്. എന്നാല്‍ ഒരു ഫാഷനപ്പുറം ഇത് മികച്ച ആരോഗ്യശീലമാണെന്നു തെളിയിക്കുന്ന പഠനഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വീഗനുകളുടെ ശരീരത്തില്‍ കൊഴുപ്പ് കുറഞ്ഞ അളവിലും ആന്റിയോക്‌സിഡന്റുകള്‍ ഉയര്‍ന്ന അളവിലും കാണപ്പെടുന്നുവെന്നാണ് പുതിയ പഠനത്തില്‍ കാണുന്നത്.

ഇതിന്റെ പ്രധാന നേട്ടമെന്തെന്നു വെച്ചാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ തടയാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കു സവിശേഷ കഴിവുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അതായത് വീഗന്‍മാര്‍ക്ക് ശരീരത്തിനുള്ളിലെ ഹാനികാരികളായ പല ഘടകങ്ങളെയും പുറംതള്ളാനും ഉപാപചയപ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ശാരീരിക ശുദ്ധി കൈവരിക്കാനുമാകുന്നു. ഓട്‌സ് പാല്‍ അടക്കമുള്ള വീഗന്‍ ഭക്ഷണശീലം പിന്തുടരുന്നയാള്‍ നിങ്ങള്‍ക്ക് അപഹാസ്യനായേക്കാം. എന്നാല്‍, ഒന്നോര്‍ക്കുക, അയാള്‍ക്ക് നിങ്ങളെക്കാള്‍ കൂടുതല്‍ കാലം ആയുസ്സുണ്ടാകും. ഇന്നു ലോകത്ത് മാംസാഹാരശീലം കുറഞ്ഞുവരുകയാണ്. ആരോഗ്യവിചാരം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്നിവയ്ക്കു പുറമെ പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടം വരെയുള്ള നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്.

മാംസാഹാരം ശീലമാക്കിയ പാശ്ചാത്യരില്‍ വലിയൊരു വിഭാഗം ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ നിന്ന് മാംസം ഒഴിവാക്കിയിരിക്കുന്നു. മാംസാഹാരശീലത്തെ മറികടന്നു സസ്യാഹാരം ശീലിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് രോഗവിമുക്തിയും കൂടുതല്‍ നാള്‍ ജീവിക്കാനുള്ള ആഗ്രഹവുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ മാരകരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സസ്യാഹാരശീലത്തിനു കഴിയുന്നുവെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദ് ജേണല്‍ ഓഫ് ന്യൂട്രീഷ്യന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനങ്ങള്‍, ശരീരത്തിനാവശ്യമായ കരോട്ടിനോയ്ഡുകളും ആന്റിയോക്‌സിഡന്റുകളും പോലുള്ളവ ഉയര്‍ന്ന നിലയില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനാലാണ് ഇത്.

അഞ്ചു ഭക്ഷണരീതികള്‍ പിന്തുടര്‍ന്ന 840 ആളുകളിലാണു പഠനം നടത്തിയത്. സംപൂര്‍ണ സസ്യാഹാരികളായ വീഗനുകള്‍, മുട്ടയും പാലുല്‍പ്പന്നങ്ങളും കഴിക്കുന്ന ലാക്‌റ്റോ- ഓവോ- സസ്യഭുക്കുകള്‍, മീന്‍ കഴിക്കുന്ന പെസ്‌കോ- സസ്യഭുക്കുകള്‍, ആഴ്ചയില്‍ ഒരിക്കലും മാസത്തില്‍ ഒന്നിലധികവും തവണയും മാംസം കഴിക്കുന്നവര്‍, മാംസഭക്ഷണം സാധാരണയായി കഴിക്കുന്നവര്‍. ഇവരുടെ രക്തം, മൂത്രം, കൊഴുപ്പ് സാംപിളുകള്‍ എന്നിവയില്‍ നിന്ന് ആന്റിയോക്‌സിഡന്റ്, പൂരിത കൊഴുപ്പ്, അപൂരിത കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവയുടെ നിലകള്‍ പഠിച്ചു. വീഗനുകളിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ കരോട്ടിനോയ്ഡുകള്‍ കണ്ടെത്തിയത്. അതുപോലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന സോഫ്‌ലോവണ്‍സ്, എന്ററോലാക്‌റ്റോണ്‍ എന്നിവയുടെ സംയുക്തവും ഇവരില്‍ ഉയര്‍ന്ന നിലയില്‍ കണ്ടെത്തി. ഇവ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും.

പൊതുവേ മീന്‍ കഴിക്കുന്നവരില്‍ സമൃദ്ധമായി കാണപ്പെടാറുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും സസ്യഭുക്കുകളില്‍ കൂടുതലാണെന്നു കാണാനായി. പയര്‍, അണ്ടിപ്പരിപ്പ് എന്നിവ ഒമേഗ -3യിനാല്‍ സമ്പന്നമാണ്. ഇക്കാര്യത്തില്‍ സസ്യഭുക്കളുടെ നിലയും മാസാഹാരികളുടെ നിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അര്‍ധസസ്യഭുക്കുകളിലും മാംസഭുക്കുകളിലും ഒമേഗ-3യുടെ അളവില്‍ കാര്യമായ വ്യത്യാസം കണ്ടെത്താനായില്ല. കൂടുതല്‍ കാലം ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇറച്ചി ഉപേക്ഷിക്കണം എന്ന് പറയുന്നില്ലെങ്കിലും മികച്ച ജീവിതശൈലി സ്വായത്തമാക്കാന്‍ ഭക്ഷണക്രമത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് പഠനം നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health
Tags: Vegan, vegetarian