പലിശ നിരക്കുകള്‍ 0.25% താഴ്ത്തി ആര്‍ബിഐ

പലിശ നിരക്കുകള്‍ 0.25% താഴ്ത്തി ആര്‍ബിഐ
  • പുതിയ റിപ്പോ നിരക്ക് 6%; റിവേഴ്‌സ് റിപ്പോ നിരക്ക് 5.75%
  • ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയുമെന്ന് പ്രതീക്ഷ
  • സമ്പദ് ഘടനയെ ഉത്തേജിപ്പിക്കാനും പണലഭ്യത കൂട്ടാനും ലക്ഷ്യം

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ദ്വൈമാസ ധനനയ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വാണിജ്യ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനത്തിലേക്കാണ് കുറച്ചത്. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കായ റിവേഴ്‌സ് റിപ്പോ 6 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ബാങ്ക് ബോര്‍ഡിലെ നാല് അംഗങ്ങള്‍ റിപ്പോ നിരക്ക് താഴ്ത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ എതിര്‍ത്തു. ഭവന, വാഹന, വ്യാപാര വായ്പകളുടെ ചെലവ് കുറയ്ക്കുന്നതാണ് തീരുമാനം. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ നിരക്കുകള്‍ താഴ്ത്തിയ ആര്‍ബിഐ നടപടി സര്‍ക്കാരിനും ആവേശം പകരും. ഫെബ്രുവരിയിലെ നിരക്കിളവിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുന്നത് വൈകിപ്പിക്കുന്ന വാണിജ്യ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സമ്പദ് ഘടനയില്‍ ഉണര്‍വുണ്ടാക്കുക, വിപണിയില്‍ പണലഭ്യത ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് തുടര്‍ച്ചയായി രണ്ടാം തവണയും കേന്ദ്ര ബാങ്ക് റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ താഴ്ത്തുന്നത്. ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റ ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ധനനയ യോഗത്തിലും റിപ്പോ നിരക്കില്‍ കാല്‍ ശതമാനം (25 അടിസ്ഥാന പോയന്റുകള്‍) കുറവ് വരുത്തിയിരുന്നു. ധനനയം സംബന്ധിച്ച് ഫെബ്രുവരിയില്‍ സ്വീകരിച്ച നിഷ്പക്ഷ കാഴ്ചപ്പാട് ഇത്തവണയും അതേപടി തുടര്‍ന്നിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്ക് സുസ്ഥിര പലിശ നിരക്ക് ഉറപ്പ് നല്‍കുന്നതും സമീപ കാലത്തൊന്നും പലിശാ നിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് വ്യക്തമാക്കുന്നതുമായ സ്റ്റാറ്റസാണ് ന്യൂട്രല്‍. വിപണിയിലും സമ്പദ് വ്യവസ്ഥയിലും ഉണര്‍വ് കൊണ്ടു വരുന്നതും ബാങ്കുകള്‍ക്കും വായ്പ എടുക്കാനാഗ്രഹിക്കുവര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതുമാണ് ഈ കാഴ്ചപ്പാട്.

പണപ്പെരുപ്പം കുറഞ്ഞതിനാലും ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും ആഗോള തലത്തിലും വളര്‍ച്ച മന്ദഗതിയിലായതിനാലും പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പണപ്പെരുപ്പം, കഴിഞ്ഞ ഏഴ് മാസമായി ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തിന് താഴെ തുടരുകയാണെങ്കിലും ഭക്ഷണം, ഇന്ധനം എന്നിവയില്‍ അധിഷ്ഠിതമായ അടിസ്ഥാന പണപ്പെരുപ്പം 5.55 ശതമാനമെന്ന ഉയര്‍ന്ന നിലയിലാണ്.

ജിഡിപി വളര്‍ച്ച 7.2%

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. നേരത്തെ കണക്കാക്കിയ 7.4 ശതമാനത്തില്‍ നിന്നും കുറവാണിത്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ദ്ധ വര്‍ഷത്തില്‍ 6.8-7.1 ശതമാനം വളര്‍ച്ചയും രണ്ടാമത്തെ പകുതിയില്‍ 7.3-7.4 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു

കിട്ടാക്കടം: പുതിയ സര്‍ക്കുലര്‍ വരും

കിട്ടാക്കടം തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച ഫെബ്രുവരി 12 സര്‍ക്കുലര്‍ സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ സര്‍ക്കുലര്‍ ആര്‍ബിഐ പുറപ്പെടുവിക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കടം തിരിച്ചടക്കാനുള്ള കാലാവധിയായ ആറ് മാസത്തിനു ശേഷം ഒരു ദിവസം പോലും കാത്തിരിക്കാതെ കേസ് പാപ്പരത്ത കോടതിക്ക് കൈമാറണമെന്ന സര്‍ക്കുലറാണ് കോടതി തള്ളിയിരുന്നത്. കോടതി വിധി ആര്‍ബിഐയുടെ അധികാരങ്ങളെ ഏതെങ്കിലും വിധത്തില്‍ ചോദ്യം ചെയ്യുന്നതല്ലെന്ന് ദാസ് പറഞ്ഞു. ‘സമ്മര്‍ദ്ദിത ആസ്തികളുടെ പ്രശ്‌ന പരിഹാരത്തിന്റെ വേഗത നിലനിര്‍ത്താനും വായ്പാ തിരിച്ചടവിലെ അച്ചടക്കം നിലനിര്‍ത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ ഒരു വിപരീത സര്‍ക്കുലര്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അനാവശ്യമായി ഇക്കാര്യം വൈകിപ്പിക്കില്ല,’ ദാസ് പറഞ്ഞു. കമ്പനികളും വ്യക്തികളും ആര്‍ബിഐയെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതിനോട് അവരുടെ ജനാധിപത്യപരമായ അവകാശമാണതെന്ന് ശക്തികാന്ത ദാസ് പ്രതികരിച്ചു.

Categories: FK News, Slider
Tags: RBI Rate