മോദിക്ക് യുഎഇ പരമോന്നത പുരസ്‌കാരം

മോദിക്ക് യുഎഇ പരമോന്നത പുരസ്‌കാരം

ദുബായ്: മികച്ച സേവനം കാഴ്ചവെയ്ക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ‘സായിദ് മെഡല്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് യുഎഇ രാഷ്ട്രപിതാവിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. മോദിയെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്നാണ് ട്വീറ്റില്‍ അദ്ദേഹം വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു തവണ ഇന്ത്യയും സന്ദര്‍ശിച്ചു. ഈ കൂടിക്കാഴ്ചകളിലെല്ലാം ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് നിരവധി കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ”ഇന്ത്യയുമായി ചരിത്രപരവും വിശാലവുമായ നയതന്ത്ര ബന്ധമാണുള്ളത്. പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ഊട്ടിയുറപ്പിച്ചു. അതിനെ മാനിച്ചാണ് ഈ പുരസ്‌കാരം നല്‍കുന്നത്”, യുഎഇ കിരീടാവകാശി ട്വിറ്ററില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌടിമിര്‍ പുടിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍, എലിസബത്ത് രാജ്ഞി II, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തുടങ്ങിയവരാണ് മുന്‍പ് ഈ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

Comments

comments

Categories: FK News
Tags: Modi