ഗൂഗിളിനുമപ്പുറം, സ്റ്റാര്‍ട്ടപ്പുകളുടെ മാലാഖയാണവന്‍!

ഗൂഗിളിനുമപ്പുറം, സ്റ്റാര്‍ട്ടപ്പുകളുടെ മാലാഖയാണവന്‍!

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഒരു രാജിവാര്‍ത്തയില്‍ വല്ലാത്ത സന്തുഷ്ടരാണ്. ഗൂഗിള്‍ ഇന്ത്യയുടെ തലവന്‍ രാജന്‍ ആനന്ദന്‍ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചതാണ് യുവസംരംഭകരുടെ ആനന്ദത്തിന് കാരണം. രാജന്‍ ആനന്ദന്റെ രാജി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് ഉത്‌പ്രേരകമാകുന്നതെങ്ങനെയെന്ന് നോക്കാം…

  • ഗൂഗിളിന്റെ ഇന്ത്യന്‍ മുഖം രാജന്‍ ആനന്ദന്‍ രാജിവെക്കുകയാണെന്ന് ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത്
  • രാജിവാര്‍ത്തയില്‍ ഏറ്റവുമധികം സന്തോഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
  • സെക്ക്വോയ ഇന്ത്യയുടെ നിക്ഷേപ ഉപദേശകനും മെന്ററുമായാണ് പുതിയ ദൗത്യം
  • ഇന്ത്യയിലെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വന്‍അവസരമാണ് നല്‍കുന്നത്
  • ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ഏറ്റവും സജീവ നിക്ഷേപകരിലൊരാളാണ് രാജന്‍ ആനന്ദന്‍

ഇന്റര്‍നെറ്റിനെ പുനര്‍നിര്‍വചിച്ച കമ്പനിയാണ് ടെക് ഭീമന്‍ ഗൂഗിള്‍. ഒരു ഗരാജിനെ ഓഫീസാക്കി തുടങ്ങിയ സംരംഭം ഇന്ന് ഇന്റര്‍നെറ്റിന്റെ മുഖം തന്നെയായി മാറി. ആ ഗൂഗിളിന്റെ ഇന്ത്യയിലെ മുഖമായിരുന്നു രാജന്‍ ആനന്ദന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തോളം ഇന്ത്യയില്‍ ഗൂഗിളിനായി തന്ത്രങ്ങള്‍ മെനഞ്ഞതും ഉജ്ജ്വലങ്ങളായ പദ്ധതികള്‍ നടപ്പാക്കിയതും ശതകോടികളിലേക്ക് ബിസിനസ് വളര്‍ത്തിയതും എല്ലാം അദ്ദേഹം തന്നെ. ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിരിക്തമായ സംരംഭകത്വസ്വഭാവം നല്‍കാന്‍ രാജന്‍ ആനന്ദനായി എന്നത് ശ്രദ്ധേയമാണ്. ഗൂഗിളിന്റെ ഇന്ത്യ ഗ്രോത്ത് സ്‌റ്റോറിയില്‍ നെടുനായകത്വം വഹിച്ച രാജന്‍ ആനന്ദന്‍ കമ്പനിയുടെ ദക്ഷിണകിഴക്കന്‍ ഏഷ്യ വിഭാഗം വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ഇന്ത്യയിലും ദക്ഷിണകിഴക്കേഷ്യയിലുമായി 850 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിലും ഗൂഗിളിന്റെ ഈ മേഖലയിലെ വരുമാനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്നതിലും ആനന്ദന്റെ പങ്ക് അസാധാരണം തന്നെയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഗൂഗിളില്‍ നിന്നും താന്‍ പടിയിറങ്ങുന്നതായി രാജന്‍ ആനന്ദന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജിയില്‍ വലിയ ആനന്ദമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ളത്. കാരണം രാജന്‍ ആനന്ദന്റെ പുതിയ ദൗത്യം സിലിക്കണ്‍ വാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭമായ സെക്ക്വോയയുടെ ഇന്ത്യന്‍ വിഭാഗത്തിലാണ്. സംരംഭകത്വ വിപ്ലവത്തിന് ഉത്‌പ്രേരകമായി വര്‍ത്തിക്കുന്ന സെക്ക്വോയയുടെ നിക്ഷേപ ഉപദേശകനായും മെന്ററായും സേവനമനുഷ്ഠിക്കാനാണ് രാജന്‍ ആനന്ദന്റെ പുതിയ പദ്ധതി.

എന്തുകൊണ്ടാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കിത്ര സന്തോഷം

സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകളില്‍ വിശ്വസിക്കുന്ന ടെക്‌നോക്രാറ്റാണ് രാജന്‍ ആനന്ദന്‍. പുതിയ വഴികളിലൂടെ സ്വയം വെല്ലുവിളിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. രണ്ട് കാര്യങ്ങളാണ് എന്നും എനിക്ക് ആവേശം നല്‍കിയിട്ടുള്ളത്. ഒന്ന് ടെക്‌നോളജിയുടെ ശക്തി. രണ്ട്, വലിയ ആഗ്രഹങ്ങളുള്ള സംരംഭകരുടെ ശക്തി. മാനവരാശിയുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ സംരംഭകത്വത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നവരവാണവര്‍-രാജിയോട് അനുബന്ധിച്ച് രാജന്‍ ആനന്ദന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇതില്‍ പറഞ്ഞ രണ്ടാമത്തെ കാര്യത്തിനായി ഇനി മുഴുവന്‍ സമയം നീക്കിവെക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഗൂഗിള്‍ ജീവനക്കാരോട് പറഞ്ഞു. ഭാവിയുടെ വാഗ്ദാനങ്ങളായേക്കാവുന്ന പ്രാരംഭഘട്ട ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കുകയാണ് ലക്ഷ്യം. അതിന് കൂട്ടുപിടിക്കുന്നതാകട്ടെ ലോകത്തെ തന്നെ ഏറ്റവും മികച്ച വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങളിലൊന്നായ സെക്ക്വോയ ഇന്ത്യയെയും. പിന്നെങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷമില്ലാതിരിക്കും. മികച്ച ആശയവും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാങ്കേതികവിദ്യയും ഉറപ്പ് നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ബിസിനസ്് ചെയ്യാതിരിക്കേണ്ട സാഹചര്യം വരില്ലെന്ന് സാരം. ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യാനാണ് രാജന്‍ ആനന്ദന്റെ പദ്ധതി.

രാജന്‍ ആനന്ദനെ സെക്ക്വോയയുടെ മാനേജിംഗ് ഡയറക്റ്ററായി സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും കമ്പനിയുടെ ‘സര്‍ജ്’ എന്ന പദ്ധതിയുടെ നേതൃത്വം വഹിക്കുക അദ്ദേഹമായിരിക്കുമെന്നും സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യയുടെ ശൈലേന്ദ്ര സിംഗ് ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഭാവിയുടെ ബിസിനസുകള്‍ കെട്ടിപ്പടുക്കാനായി സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിലാകും രാജന്‍ ആനന്ദന്‍ ഊന്നല്‍ നല്‍കുക. അതിനായി അവര്‍ക്ക് മൂലധനമൊരുക്കുന്നതിലും അവരിലെ വൈദഗ്ധ്യം വികസിപ്പിക്കുന്നതിലും നെറ്റ്‌വര്‍ക്കിംഗ് മെച്ചപ്പെടുത്തുന്നതിലും എല്ലാം ശ്രദ്ധവെക്കും. ദക്ഷിണകിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലുമുള്ള പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് ‘ദി സര്‍ജ്’ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രണയം സംരംഭകത്വത്തോട്

ഗൂഗിളില്‍ ജോലി നോക്കുമ്പോള്‍ തന്നെ രാജന്‍ ആനന്ദന്‍ സംരംഭകത്വത്തോടുള്ള തന്റെ അഭിനിവേശം പ്രകടമാക്കിയിരുന്നു. യുവസംരംഭകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രത്യേക താല്‍പ്പര്യം കാണിച്ചു. ഏകദേശം 80ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ രാജന്‍ ആനന്ദന്‍ നിക്ഷേപം നടത്തിയതായാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഗൂഗിള്‍ ഇന്ത്യയിലെ ആരും മോഹിക്കുന്ന ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇറങ്ങുന്ന രാജന്‍ ആനന്ദന്റെ നടപടിയില്‍ വലിയ ആശ്ചര്യത്തിനൊന്നും വകയില്ല.

സമ്പന്നമായ കരിയര്‍

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച ശേഷമാണ് ആനന്ദന്‍ 2010ല്‍ ഗൂഗിളിനോടൊപ്പം ചേരുന്നത്. അതിന് മുമ്പ് ഡെല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കിന്‍സി ആന്‍ഡ് കോയിലും രാജന്‍ ആനന്ദന്‍ ഒരു കൈ നോക്കിയിരുന്നു. ഗൂഗിളിന്റെ ഇന്ത്യയിലെ വരുമാനം 7,000 കോടി രൂപയോട് അടുത്തെത്തിക്കാന്‍ അദ്ദേഹത്തിനായി എന്നതാണ് ശ്രദ്ധേയമായ കാര്യം.

പുതിയ മേഖലകളിലേക്ക് ‘തെരച്ചില്‍യന്ത്ര’ ഭീമന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ആനന്ദന് സാധിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഡിജിറ്റല്‍ പേമെന്റ്‌സ് രംഗത്തേക്കുള്ള പ്രവേശനമായിരുന്നു. രാജന്‍ ആനന്ദന്റെ നേതൃത്വത്തിലാണ് കമ്പനി 2017 ഓഗസ്റ്റില്‍ ഗൂഗിള്‍ പേ ഡിജിറ്റല്‍ വാലറ്റ് ആരംഭിച്ചത്.

വരുമാനം ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ ഇന്ത്യയില്‍ മികച്ച കോര്‍പ്പറേറ്റ് പ്രതിച്ഛായയുണ്ടാക്കാനും ഗൂഗിളിനായി. ലോകത്തിലെ ഏറ്റവും വലിയ വൈഫൈ പദ്ധതികളിലൊന്നിന് ഇന്ത്യയില്‍ നേതൃത്വം നല്‍കിയത് ഗൂഗിളാണ്. രാജ്യത്തെ 400ഓളം സ്‌റ്റേഷനുകളിലാണ് അതിവേഗ വൈഫൈ സംവിധാനങ്ങള്‍ വന്നത്. കമ്പനിയുടെ സമൂഹ്യ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു രാജന്‍ ആനന്ദന്‍. ഇന്റര്‍നെറ്റ് സാത്തി പോലെയുള്ള വനിതാശാക്തീകരണ പദ്ധതികള്‍ വേറെയുമുണ്ട് ഈ ശ്രീലങ്കന്‍ തമിഴ് വംശജന്റെ ക്രെഡിറ്റില്‍. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ആവസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് രാജന്‍ ആനന്ദന്‍. സര്‍ക്കാരുമായും മറ്റ് സ്ഥാപനങ്ങളുമായും വളരെ മികച്ച രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ തനതായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല.

പ്രത്യയശാസ്ത്രം വ്യക്തം

വളരെ കൃത്യമായ നിക്ഷേപ അജണ്ടയുള്ള വ്യക്തിയാണ് രാജന്‍ ആനന്ദന്‍. വെറുതെ പണമെറിഞ്ഞു പണം വാരുകയല്ല ലക്ഷ്യം. അതിശക്തവും ക്രിയാത്മകവും പുരോഗനാത്മകവുമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചുവരുന്നത്. അതിലൂടെ മഹായശസ്‌കരായ സംരംഭകത്വ നേതാക്കളെ വാര്‍ത്തെടുക്കുകയാണ് മോഹം. അതിന് തെരഞ്ഞെടുക്കുന്നതാകട്ടെ സാങ്കേതികവിദ്യയുടെ നൂതനാത്മകമായ സങ്കേതങ്ങളളും. ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഓണ്‍ലൈന്‍ ഹെല്‍ത്ത്‌കെയര്‍, മൊബീല്‍ കൊമേഴ്‌സ് തുടങ്ങിയ രംഗങ്ങള്‍ രാജന്‍ ആനന്ദന് വലിയ ആവേശം നല്‍കുന്നവയാണ്. ടെക്‌നോളജിയെ കുറിച്ചുള്ള ആനന്ദന്റെ അനിതരസാധാരണമായ അവബോധം നാളെയുടെ ബിസിനസുകള്‍ക്ക് ഉപകാരപ്പെടുമെന്നാണ് സെക്ക്വോയയുടെ മാനേജിംഗ് ഡയറക്റ്ററായ ശൈലേന്ദ്ര സിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

സ്വന്തം നിലയ്ക്ക് ഇതിനോടകം തന്നെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ രാജന്‍ ആനന്ദന്‍ നിക്ഷേപമിറക്കിയിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞു. ക്ലൗഡ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ ധ്രുവയിലാണ് ആനന്ദന്‍ ഏറ്റവുമധികം തുകയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്, 200 മില്ല്യണ്‍ ഡോളര്‍. കാപില്ലറി ടെക്, സിപ്‌ഗോ, ഇന്നൊവാക്കെര്‍, അണ്‍അക്കാഡമി, ഡന്‍സോ, ഇന്‍ഡിഫി, ബൈക് ടാക്‌സി ആപ്പായ റാപ്പിഡോ തുടങ്ങിയ സംരംഭങ്ങളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. വനിതകള്‍ക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ ഫോറം എന്ന നിലയില്‍ ശ്രദ്ധേയമായ ഷീറോസിലും സ്റ്റാന്‍ഫോഡിലെ ഈ മുന്‍വിദ്യാര്‍ത്ഥി നിക്ഷേപമിറക്കിയിട്ടുണ്ട്. വെറുതെ പണമിറക്കി ഗ്യാലറിയിലിരുന്ന് കളി കാണുക മാത്രമല്ല ആനന്ദന്‍ ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കൊപ്പം നിന്ന്, കൃത്യമായ മെന്ററിംഗ് നല്‍കി, സ്ഥിരതയാര്‍ന്ന പ്രോല്‍സാഹനത്തിലൂടെ അവരെ വളര്‍ത്തിക്കൊണ്ടുവരികയാണ്. അതിനാലാണ് അദ്ദേഹം സ്റ്റാര്‍ട്ടപ്പുകളുടെ യഥാര്‍ത്ഥ മാലാഖയായി

മാറുന്നത്. ഇന്ത്യയുടെ എയ്ഞ്ചല്‍ ഫണ്ടിംഗ് രംഗത്തെ വേറിട്ട സാന്നിധ്യമായി രാജന്‍ ആനന്ദനെ പലരും കാണുന്നതിന് കാരണവും അതുതന്നെ. സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലാണ് ഇന്ത്യയെന്ന് പറയുമ്പോഴും പ്രാരംഭദശയില്‍ നിന്നും അടുത്തഘട്ട വളര്‍ച്ചയിലേക്ക് കടക്കാന്‍ പല നവസംരംഭങ്ങള്‍ക്കും കഴിയുന്നില്ലെന്ന പരാതികളും കൂടുതലാണ്. മെന്ററിംഗിലെ അഭാവവും ഫ്യൂച്ചറിസ്റ്റിക്കായ മാര്‍ഗരേഖയുടെ പോരായ്മയുമാണ് ഇതിന് കാരണമെന്ന വിലയിരുത്തലുകളുണ്ട്. രാജന്‍ ആനന്ദനെ പോലുള്ളവര്‍ ഈ രംഗത്ത് മുഴുവന്‍സമയ സേവനം നടത്തുന്നത് ഇന്ത്യയിലെ നവസംരംഭകരുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകുമെന്ന വാദത്തിന് അതുകൊണ്ടുതന്നെ ബലം കൂടുതലാണ്.

‘മാലാഖ’യായി രാജന്‍ ആനന്ദന്‍ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധേയമായ ചില സംരംഭങ്ങള്‍. നിക്ഷേപിച്ച തുകയാണ് കൂടെ ചേര്‍ത്തിരിക്കുന്നത്

ധ്രുവ: 200 മില്ല്യണ്‍ ഡോളര്‍

കാപില്ലറി ടെക്: 100 മില്ല്യണ്‍ ഡോളര്‍

സിപ്‌ഗോ: 55 മില്ല്യണ്‍ ഡോളര്‍

ഇന്നൊവാക്കെര്‍: 51 മില്ല്യണ്‍ ഡോളര്‍

ജിഒക്യുഐഐ: 43.4 മില്ല്യണ്‍ ഡോളര്‍

അണ്‍അക്കാഡമി: 39.44 മില്ല്യണ്‍ ഡോളര്‍

ഡന്‍സോ: 17.88 മില്ല്യണ്‍ ഡോളര്‍

ഇന്‍ഡിഫി: 15.06 മില്ല്യണ്‍ ഡോളര്‍

യൂണിഫോര്‍: 14.91 മില്ല്യണ്‍ ഡോളര്‍

പോപ്ക്‌സോ: 11.66 മില്ല്യണ്‍ ഡോളര്‍

Categories: FK Special, Slider