ലോകത്തിലെ ആദ്യ രാജ്യവ്യാപക 5ജി നെറ്റ്‌വര്‍ക്കിന് തുടക്കമിട്ട് ദക്ഷിണ കൊറിയ

ലോകത്തിലെ ആദ്യ രാജ്യവ്യാപക 5ജി നെറ്റ്‌വര്‍ക്കിന് തുടക്കമിട്ട് ദക്ഷിണ കൊറിയ

ആറു പ്രമുഖ വ്യക്തിത്വങ്ങളുടെ 5ജി കണക്ഷന്‍ ആക്റ്റിവേറ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു

സിയോള്‍: രാജ്യ വ്യാപകമായി വ്യാവസായികാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ മാറി. നേരത്തേ നിശ്ചയിച്ചരുന്നതില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് 5ജിയില്‍ ആദ്യ സ്ഥാനക്കാരാകുക എന്ന സ്വപ്‌നത്തിലേക്ക് ദക്ഷിണ കൊറിയ ചുവടുവെച്ചത്. യുഎസ് മൊബീല്‍ കാരിയറായ വെരിസോണ്‍ 5ജി നെറ്റ്‌വര്‍ക്കിന്റെ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് ഏപ്രില്‍ 5ന് നിശ്ചയിച്ചിരുന്ന 5ജി അവതരണം നേരത്തേയാക്കാന്‍ ദക്ഷിണ കൊറിയയെ പ്രേരിപ്പിച്ചത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെ എസ്‌കെ ടെലികോം, കെടി, എല്‍ജി യുപ്ലസ് തുടങ്ങിയ മൂന്ന് മുന്‍നിര കമ്പനികള്‍ രാജ്യത്ത് 5ജി സേവനത്തിന് തുടക്കമിട്ടു.

സാങ്കേതിക രംഗത്തെ മുന്നേറ്റത്തില്‍ ഏറെക്കാലമായി മികച്ച മാതൃകയായി നിലകൊള്ളുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടി ഫലപ്രദമാകുമെന്ന കണക്കുകൂട്ടലില്‍ 5ജി അവതരണത്തിന് മുന്തിയ പരിഗണനയാണ് രാജ്യം നല്‍കിയിരുന്നത്. ബുധനാഴ്ച തന്നെ വെരിസോണും ചിക്കാഗോയിലും മിന്നിയപോളിസിലും 5ജി അവതരണം നടത്തിയിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചതിനേക്കാള്‍ ഒരാഴ്ച മുമ്പായിരുന്നു ഈ ചടങ്ങ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ 5ജി അവതരണം 2 മണിക്കൂര്‍ നേരത്തേയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറു പ്രമുഖ വ്യക്തിത്വങ്ങളുടെ 5ജി കണക്ഷന്‍ ആക്റ്റിവേറ്റ് ചെയ്തുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചതായി കൊറിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്‌കെ ടെലികോം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ ആറു പേരാണ് ലോകത്തിലെ ആദ്യ 5ജി ഉപഭോക്താക്കള്‍ എന്നും കമ്പനി അവകാശപ്പെട്ടു. അതേ സമയത്തു തന്നെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതായി കെടി, എല്‍ജി യുപ്ലസ് എന്നീ കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മുതലായിരിക്കും സാധാരണ ഉപയോക്താക്കള്‍ക്ക് 5ജി കണക്ഷനുകള്‍ നല്‍കിത്തുടങ്ങുക. കൊറിയന്‍ കമ്പനിയായ സാംസംഗ് ഇലക്ട്രോണിക്‌സ് 5ജി അധിഷ്ഠിത സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി എസ് 10 പുറത്തിറക്കുന്നതും അന്നാണ്. ലോകത്തില്‍ ആദ്യമായി വിപണിയിലെത്തുന്ന 5ജി സ്മാര്‍ട്ട് ഫോണാണ് ഗാലക്‌സി എസ് 10. ലെനോവോയുടെ മോട്ടോ ഇസഡ്3 സ്മാര്‍ട്ട് ഫോണിലൂടെയാകും വെരിസോണിന്റെ 5ജി ഉപയോക്താക്കളിലേക്കെത്തുക.

Comments

comments

Categories: FK News
Tags: 5G, South Korea