ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ കമ്പനികള്‍ ലയിക്കും

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ കമ്പനികള്‍ ലയിക്കും

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ ഇന്ത്യ എന്നീ കമ്പനികളെ ലയിപ്പിച്ച് ഒരു കുടക്കീഴിലാക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ ഇന്ത്യ എന്നീ പാസഞ്ചര്‍ വാഹന ഉപകമ്പനികളെ ലയിപ്പിക്കുമെന്ന് ജര്‍മ്മന്‍ വാഹന ഭീമനായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. മൂന്ന് കമ്പനികളെയും ലയിപ്പിച്ച് ഒരു കുടക്കീഴിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മൂന്ന് കമ്പനികളുടെയും ഇന്ത്യയിലെ മാനേജ്‌മെന്റ് ബോര്‍ഡ് ലയന നീക്കത്തിന് അംഗീകാരം നല്‍കി. ഇനി റെഗുലേറ്ററി, നിയമപരമായ അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. സ്‌കോഡ നേതൃത്വം നല്‍കുന്ന ഇന്ത്യ 2.0 പ്രോജക്റ്റിന് അഴിച്ചുപണി അനിവാര്യമാണെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വ്യക്തമാക്കി. വിഭവങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ലയനം ഉപകരിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു.

മേല്‍പ്പറഞ്ഞ ലയനം നടക്കുമെങ്കിലും ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡുകള്‍ തങ്ങളുടേതായ സാന്നിധ്യവും വ്യക്തിത്വവും തുടരും. അതായത് സ്വന്തം ഡീലര്‍ ശൃംഖല ഉണ്ടായിരിക്കും. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെയും സ്‌കോഡ ഓട്ടോ ഇന്ത്യയുടെയും മാനേജിംഗ് ഡയറക്റ്ററായ ഗുര്‍പ്രതാപ് ബൊപ്പാരൈ ആയിരിക്കും പൊതുവായ തന്ത്രത്തിന് രൂപം നല്‍കി ഇന്ത്യയിലെ ബിസിനസ്സിന് ചുക്കാന്‍ പിടിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും ആകര്‍ഷകവുമായ വളര്‍ച്ചാ വിപണിയാണ് ഇന്ത്യയെന്ന്, ലയനത്തെക്കുറിച്ച് സംസാരിക്കവേ ഗുര്‍പ്രതാപ് ബൊപ്പാരൈ പറഞ്ഞു. മൂന്ന് കമ്പനികളുടെയും സാങ്കേതികവും ഭരണപരവുമായ വൈദഗ്ധ്യം ഒന്നിച്ചുചേര്‍ക്കാനാണ് ലയനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങളെല്ലാം ഏകോപിപ്പിച്ച് അതിവേഗത്തില്‍ തീരുമാനമെടുക്കാന്‍ ലയനം സഹായിക്കുമെന്നും ബൊപ്പാരൈ പറഞ്ഞു.

ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ഇന്ത്യയില്‍ 8,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്ലാന്റ് വിപുലീകരിക്കുന്നതിനും പുതിയ മോഡലുകള്‍ വികസിപ്പിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പുണെയില്‍ പുതിയ സാങ്കേതികവിദ്യാ കേന്ദ്രം തുറന്നിരുന്നു. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കിയുള്ള എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെയായിരിക്കും. ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന ആദ്യ കോംപാക്റ്റ് എസ്‌യുവി സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡുകളില്‍ വില്‍ക്കും.

Comments

comments

Categories: Auto
Tags: Volkswagen