യുഎസ് 24 സീഹോക്ക് ചോപ്പറുകള്‍ നല്‍കും

യുഎസ് 24 സീഹോക്ക് ചോപ്പറുകള്‍ നല്‍കും
  • ചൈനയുടെ മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാന്‍ സജ്ജം
  • ഇടപാട് 2.4 ബില്യണ്‍ ഡോളറിന്റേത്
  • പത്തു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് മുങ്ങിക്കപ്പല്‍ ഭീഷണിയെ നേരിടാന്‍ ഇന്ത്യക്ക് അത്യാധുനിക എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. 2.4 ബില്യണ്‍ ഡോളറാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ‘റോമിയോ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചോപ്പറുകള്‍ വാങ്ങാന്‍ ഇന്ത്യ മുടക്കുക. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിക്കാന്‍ ആക്രമണ ക്ഷമതയേറിയ ഹെലികോപ്റ്ററുകള്‍ക്കായുള്ള ഇന്ത്യയുടെ ദശാബ്ദം നീണ്ട അന്വേഷണങ്ങളാണ് ഇതോടെ സഫലമായിരിക്കുന്നത്. തന്ത്രപ്രധാന പ്രതിരോധ പങ്കാളിയെന്ന പരിഗണന വെച്ചാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതെന്ന് യുഎസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയുടെ ആവശ്യം പരിഗണിക്കാമെന്ന ധാരണയിലെത്തിയിരുന്നത്.

മുങ്ങിക്കപ്പലുകളെ വേട്ടയാടാനും യുദ്ധക്കപ്പലുകളെ തകര്‍ക്കാനും കടലില്‍ തെരച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങളും നടത്താനും സാധനങ്ങള്‍ കൊണ്ടുപോകാനും ഈ ചോപ്പറുകള്‍ ഉപയോഗിക്കാം. കാലപ്പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് സീഹോക്ക് ഉപയോഗിക്കുക. എല്ലാത്തരം വിമാനവാഹിനിക്കപ്പലുകളിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ലോകത്തെ ഏറ്റവും സക്ഷമമായ സമുദ്ര ഹെലികോപ്റ്ററുകളാണ് റോമിയോയെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുകയും അതിനൊപ്പം അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും പിന്തുണക്കുന്നതുമാണ് ഇടപാടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനത്തില്‍ അഭിപ്രായപ്പെട്ടു. ഇന്തോ-പസഫിക്, ദക്ഷിണേഷ്യാ മേഖലയിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക വികസനം എന്നിവക്കായി നിലകൊള്ളുന്ന സുപ്രധാന പ്രതിരോധ പങ്കാളിയായ ഇന്ത്യയുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇടപാട് സഹായിക്കുമെന്നും യുഎസ് വ്യക്തമാക്കി. സൈന്യത്തിലേക്ക് ഈ ചോപ്പറുകള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടൊന്നുമുണ്ടാവില്ലെന്നും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും മേഖലാ ഭീഷണികളെ നേരിടാനും ഇവ ഉപകരിക്കുമെന്നും യുഎസ് പറയുന്നു. മേഖലയിലെ സൈനിക സമതുലനാവസ്ഥയെ ഇടപാട് ബാധിക്കില്ല.

പസഫിക് മേഖലയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമായി ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും വിറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയെ നിലയ്ക്ക് നിര്‍ത്താന്‍ ഉതകുന്നതാണ് സീഹോക്കുകള്‍. 76 മുങ്ങിക്കപ്പലുകള്‍ സ്വന്തമായുള്ള ചൈന ‘മുത്തുമാല’ തന്ത്രത്തിലൂടെ കടല്‍മാര്‍ഗം ഇന്ത്യയെ ചുറ്റിവളയാന്‍ ശ്രമിക്കുകയാണ്. 16 മുങ്ങിക്കപ്പലുകള്‍ മാത്രം സ്വന്തമുള്ള ഇന്ത്യക്ക് സീഹോക്ക് പോലെയുള്ള ആക്രമണ ഹെലികോപ്റ്ററിന്റെ ആവശ്യകത ഏറെയായിരുന്നു.

കടലിനടിയിലെ കരുത്ത്

രാജ്യം മുങ്ങിക്കപ്പലുകള്‍
ഉ. കൊറിയ 86
ചൈന 76
യുഎസ് 68
റഷ്യ 56
ഇറാന്‍ 34
ജപ്പാന്‍ 18
ഇന്ത്യ 16
പാക്കിസ്ഥാന്‍ 5

Categories: FK News, Slider