മാര്‍ച്ചിലും ഉല്‍പ്പാദനവും വില്‍പ്പനയുമില്ലാതെ നാനോ

മാര്‍ച്ചിലും ഉല്‍പ്പാദനവും വില്‍പ്പനയുമില്ലാതെ നാനോ

വില്‍പ്പന ഇടിഞ്ഞതും സുരക്ഷാ, മലിനീകരണ മാനദണ്ഡങ്ങള്‍ വര്‍ധിച്ചതും വിനയായി

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസത്തിലും നാനോ കാര്‍ ഉല്‍പ്പാദിപ്പിക്കാതെ ടാറ്റ മോട്ടേഴ്‌സ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് കാറിന്റെ ഉല്‍പ്പാദനം നിര്‍ത്തി വെക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തന്‍ ടാറ്റ അവതരിപ്പിച്ച നാനോ കാറിന്റെ ഭാവി ഇതോടെ അനശ്ചിതത്വത്തിലായിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ഒരു യൂണിറ്റ് കാര്‍ പോലും വിറ്റിട്ടില്ലെന്ന് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു. പുതിയ സുരക്ഷാ, കാര്‍ബണ്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കാറിന്റെ നിലവിലെ രൂപത്തിന് കഴിയില്ല. പുതിയ നിക്ഷേപ ഉള്‍ച്ചേര്‍ക്കലും കമ്പനിക്ക് ആവശ്യമാണ്. ഇവയെല്ലാമാണ് ഉല്‍പ്പാദകരെ പിന്നോട്ടടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 31 യൂണിറ്റ് നാനോ കാറുകളാണ് കമ്പനി ഉല്‍പ്പാദിപ്പിച്ചത്. 29 യൂണിറ്റുകള്‍ വില്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉല്‍പ്പാദനമൊന്നും നടന്നില്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ഒരു കാര്‍ വിറ്റുപോയി. എന്നാല്‍ കയറ്റുമതി പൂര്‍ണമായും നിലച്ചു.

”ഉയര്‍ന്നു വരുന്ന മത്സരങ്ങള്‍, വിപണി പശ്ചാത്തലങ്ങള്‍, വ്യവസ്ഥകള്‍ മുതലായവ കണക്കിലെടുത്തതിന് ശേഷം മാത്രമേ ടാറ്റാ നാനോയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കൂ”, കമ്പനി വക്താവ് അറിയിച്ചു. കാറിന്റെ നിര്‍മാണമെന്നത് ആവശ്യകത, ചരക്ക് പട്ടിക സംവിധാനം, ആസൂത്രിത കാര്യക്ഷമത മുതലായവയുടെ ബോധപൂര്‍വമായ നിര്‍വഹണമാണ്. അതിനാല്‍ തന്നെ കാറിന്റെ ഒരു മാസത്തെ ഉല്‍പ്പാദനം കണക്കിലാക്കി പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ കമ്പനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കിയത് മൂലം 2020 ഏപ്രിലോടെ ടാറ്റ നാനോയുടെ ഉല്‍പ്പാദനവും വില്‍പ്പനയും അവസാനിപ്പിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2009 ലാണ് രത്തന്‍ ടാറ്റയുടെ സ്വപ്‌ന കാറായ നാനോ നിരത്തിലെത്തിയത്. മലിനീകരണ ചട്ടങ്ങളില്‍ ബിഎസ് 6 നിലവാരത്തിലേക്ക് നാനോയെ ഉയര്‍ത്തേണ്ടതില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: FK News
Tags: Nano, TATA Nano

Related Articles