ഫേസ്ബുക്കിന് ഉത്തരവാദിത്തമുണ്ട്

ഫേസ്ബുക്കിന് ഉത്തരവാദിത്തമുണ്ട്

ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ ആഗോളതലത്തില്‍ ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത അനിവാര്യമാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് ഏറ്റവും പ്രധാനപ്പെട്ട വിപണി കൂടിയാണ്. വിവരം ചോര്‍ത്തലിന്റെയും പക്ഷപാതിത്വത്തിന്റെയും പേരില്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലമാണിത്. ഈ അവസരത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെന്ന നിലയില്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സോഷ്യല്‍ മീഡിയയ്ക്ക് അപാരമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുവെന്നതാണ് ഇത്തവണത്തെ ലോക്‌സഭാ ഇലക്ഷനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ നടപടികളും സുതാര്യമായിരിക്കണം.

ശുചിയാക്കല്‍ പ്രക്രിയയുടെ ഭാഗമായി കഴിഞ്ഞ ദിവസം കുറേയധികം പേജുകള്‍ക്കെതിരെ വ്യാപകമായ നടപടിയാണ് ഫേസ്ബുക്ക് അധികൃതര്‍ കൈക്കൊണ്ടത്. വ്യാജ വാര്‍ത്തകളുടെ പ്രചരണം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുന്നതിനെതിരെയും യാഥാര്‍ത്ഥ്യവുമായി യാതൊരുവിധ ബന്ധമില്ലാത്തതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി വേണ്ടത് അനിവാര്യവുമാണ്. അതില്‍ രണ്ടഭിപ്രായങ്ങള്‍ക്ക് വകയില്ല. എന്നാല്‍ ഫേസ്ബുക്ക് തന്നെ വെരിഫിക്കേഷന്‍ നല്‍കിയ പല പ്രമുഖ പേജുകളും അപ്രത്യക്ഷമാകുന്നുണ്ട്. അതില്‍ രാജ്യത്തെ മുന്‍നിര മാധ്യമ ശൃംഖലകളുടെ പ്രസിദ്ധീകരണങ്ങളുടെ വെരിഫൈഡ് പേജുകളും ഉള്‍പ്പെടുന്നു. കൃത്യമായ കാരണങ്ങള്‍ പറയാതെയാണ് അത്തരം പേജുകള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ മാധ്യമ സ്ഥാപനങ്ങളുടെ പേജുകള്‍ പിന്‍വലിക്കുന്ന പ്രവണത നല്‍കുന്ന സന്ദേശം പുരോഗനാത്മകമല്ല.

സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലി കേന്ദ്രമാക്കിയ ഫേസ്ബുക് പോലൊരു കമ്പനി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെക്കുന്ന തരത്തിലുള്ള നിലപാടുകള്‍ എടുക്കുന്നത് ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കുന്നതാണ്. മാത്രമല്ല, മാധ്യമ സ്ഥാപനങ്ങള്‍ പോലുള്ളവയുടെ പേജുകള്‍ എടുത്ത് കളയുമ്പോള്‍ എന്തുകൊണ്ടാണ് അതെന്ന് ബോധ്യപ്പെടുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം ഫേസ്ബുക്ക് കാണിക്കണം. അതില്‍ വരുന്ന യഥാര്‍ത്ഥ വാര്‍ത്തകളുടെ സ്വഭാവത്തെ മോണിറ്റര്‍ ചെയ്യാനുള്ള അധികാരം ഒരു മാധ്യമസ്ഥാപനമല്ലാത്ത ഫേസ്ബുക്കിനില്ല. ഏതെങ്കിലും പക്ഷത്ത് നിലനില്‍ക്കുന്നു എന്നുള്ളത് കൊണ്ട് മാത്രം ഒരു സ്ഥാപനത്തെയും വിലക്കാനും സാധ്യമല്ല. അതിലുപരി ഫേസ്ബുക്കില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ തരക്കേടില്ലാത്ത നിക്ഷേപം നടത്തേണ്ടി വരും സ്ഥാപനങ്ങള്‍ക്ക്. അതിന്റെ ഗുണം പറ്റിയ ശേഷം കൃത്യമായ വിശദീകരണമില്ലാതെ പേജുകള്‍ അണ്‍പബ്ലിഷ് ചെയ്യുന്നത് നീതീകരിക്കത്തക്ക കാര്യവുമല്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളുടെ പേജുകള്‍ പോലും അപ്രത്യക്ഷമാകുന്നത് തെരഞ്ഞെടുപ്പിലെ ഇടപെടലായി വരെ വ്യഖ്യാനിപ്പെടും.

മലയാളത്തില്‍ പതാകവാഹക ചാനലുള്ള മാധ്യമ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് പോര്‍ട്ടലായ മൈനാഷന്റെ ഫേസ്ബുക് പേജിന് വിലക്കേര്‍പ്പെടുത്തിയത് യാതൊരുവിധ മുന്നറയിപ്പുമില്ലാതെയാണെന്നും ഫേസ്ബുക്കിന്റെ എല്ലാ വിധ നിയമങ്ങള്‍ക്കും അനുസൃതമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അതിന്റെ പത്രാധിപര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നടപടിക്ക് പിന്നിലുള്ള കൃത്യമായ കാരണം പോലും ഫേസ്ബുക് വ്യക്തമാക്കിയിട്ടില്ല. സുതാര്യമായല്ല പ്രവര്‍ത്തനമെങ്കില്‍ ഇത്തരം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അതിശക്തമായ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.

Categories: Editorial, Slider
Tags: Facebook