നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്

നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്

ലണ്ടന്‍ ഓഹരി വിപണിയില്‍ ഏപ്രില്‍ 11 മുതല്‍ നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ വ്യാപാരം ആരംഭിക്കും

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന പേയ്‌മെന്റ്‌സ് പ്രൊസസിംഗ് കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷ്ണല്‍ ഓഹരികള്‍ക്ക് ആവശ്യമേറുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ മാറുമെന്നാണ് കമ്പനിയിലെ നിക്ഷേപകര്‍ കരുതുന്നത്.

പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് നിക്ഷേപകര്‍ ആലോചിക്കുന്നത്. 395 പെനി മുതല്‍ 465 പെനി വരെയുള്ള വിലനിലവാരമാണ് നിലവില്‍ ഒരോ ഓഹരിക്കും നിശ്ചയിച്ചിരിക്കുന്നത്. ഈ വില നിലവാരം അനുസരിച്ച് 2.6-3.1 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ വളരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

പൊതുവെ ഉത്സാഹരഹിതമായ യൂറോപ്പിലെ ഐപിഒ വിപണിയിലെ നിക്ഷേപകര്‍ക്ക് ഓഹരി വിപണിയോടുള്ള നിലവിലെ വികാരം എന്താണെന്ന് അളക്കുന്നതിനുള്ള പരീക്ഷണം കൂടിയാകും നെറ്റ് വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റെ ഐപിഒ. ബ്രെക്‌സിറ്റിന്റെ ഭാവി സംബന്ധിച്ച ആശങ്കയും ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും മന്ദഗതിയിലുള്ള വളര്‍ച്ചയും യൂറോപ്പിലെ നിക്ഷേപകരുടെ ആവേശം കെടുത്തിയിരുന്നു. അതേസമയം അടുത്തിടെ നടന്ന ചില ഓഹരി ഇടപാടുകളോട് നിക്ഷേപകര്‍ വളരെ താല്‍പര്യത്തോടെയാണ് പ്രതികരിച്ചത്. ഇറ്റാലിയന്‍ പെയ്‌മെന്റ് കമ്പനിയായ നെക്‌സി എസ്പിഎയുടെ ഐപിഒ വന്‍ വിജയമായിരുന്നുവെന്ന് കമ്പനി ഉപദേശകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായി സ്വിറ്റ്‌സര്‍ലന്റ് ട്രെയിന്‍ നിര്‍മ്മാതാക്കളായ സ്റ്റാഡ്‌ലെര്‍ റെയില്‍ എജിയുടെ ഐപിഒയില്‍ ആദ്യ ദിവസം തന്നെ എല്ലാ ഓഹരികളും വിറ്റുപോയി.

ലണ്ടന്‍ ഓഹരി വിപണിയില്‍ ഏപ്രില്‍ 11 മുതലാണ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ വ്യാപാരം ആരംഭിക്കുക. ലണ്ടന്‍ ഓഹരി വിപണിയിലെ ഈ വര്‍ഷത്തെ ആദ്യ അന്താരാഷ്ട്ര ഐപിഒ കൂടിയാണ് നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റേത്. ഇന്റെര്‍നാഷ്ണല്‍ ഐപിഒയില്‍ 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ മാസ്റ്റര്‍കാര്‍ഡ് നെറ്റ്‌വര്‍ക്ക് അറിയിച്ചിരുന്നു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ പേയ്‌മെന്റ് പ്രൊസസിംഗ് കമ്പനിയാണ്. എമിറേറ്റ്‌സ് എന്‍ബിഡി, സ്വകാര്യ ഇക്വിറ്റി കമ്പനികളായ വാര്‍ബര്‍ഗ് പിന്‍കസ്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരാണ് കമ്പനിയിലെ പ്രധാന നിക്ഷേപകര്‍. വാര്‍ബര്‍ഗ് പിന്‍കസിനും ജനറല്‍ അറ്റ്‌ലാന്റികിനും ആകെ 49 ശതമാനം ഓഹരികളാണ് നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണലില്‍ ഉള്ളത്. ശേഷിക്കുന്ന 51 ശതമാനം ഓഹരികള്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയ്ക്കാണ്.

താമസിക്കാതെ തന്നെ എഫ്ടിഎസ്ഇ യുകെ സൂചികയില്‍ ഉള്‍പ്പെടാനും കമ്പനിക്ക് സാധിക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News