ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായി എംജി ഹെക്ടര്‍ വരുന്നു

ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായി എംജി ഹെക്ടര്‍ വരുന്നു

കണക്റ്റിവിറ്റി ഫീച്ചറുകള്‍ വിശദീകരിച്ച് എംജി മോട്ടോര്‍ ഇന്ത്യ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കുന്ന ഹെക്ടര്‍ എസ്‌യുവിയുടെ കണക്റ്റിവിറ്റി, കാബിന്‍ ഫീച്ചറുകള്‍ എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എംജി മോട്ടോറിന്റെയും ഇന്ത്യയിലെയും ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണി വാഴാനെത്തുന്നത്. ഐ-സ്മാര്‍ട്ട് എന്ന ആധുനിക കണക്റ്റിവിറ്റി സംവിധാനമാണ് എംജി ഹെക്ടറിന്റെ ഏറ്റവും വലിയ സവിശേഷത. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍ ടെക്‌നോളജി കമ്പനികളുടെ സഹകരണത്തോടെയാണ് ഐ-സ്മാര്‍ട്ട് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ, ബില്‍റ്റ്-ഇന്‍ ആപ്പുകള്‍, കൃത്രിമ ബുദ്ധി (എഐ), സ്മാര്‍ട്ട് ഫീച്ചറുകള്‍, വോയ്‌സ് അസിസ്റ്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി സിസ്റ്റം.

ലംബമായി സ്ഥാപിച്ച 10.4 വലുപ്പമുള്ള ഫുള്‍ എച്ച്ഡി ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി സിസ്റ്റത്തിന്റെ മസ്തിഷ്‌കം അഥവാ ബുദ്ധികേന്ദ്രം. പ്രീ-ലോഡ് ചെയ്ത വിനോദ പരിപാടികള്‍ ഇതില്‍ ഉണ്ടായിരിക്കും. വാഹനത്തെ സംബന്ധിച്ച മുഴുവന്‍ സെറ്റിംഗ്‌സും ഈ ഡിസ്‌പ്ലേ യൂണിറ്റില്‍ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലെ ഉയര്‍ന്ന താപനില അതിജീവിക്കാന്‍ കഴിയുന്നതാണ് ഡിസ്‌പ്ലേ സ്‌ക്രീന്‍ എന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. മുഴുവന്‍ സമയ കണക്റ്റിവിറ്റിക്കായി എംബെഡ്ഡഡ് മെഷീന്‍ ടു മെഷീന്‍ (എം2എം) സിം നല്‍കിയിരിക്കുന്നു. ഐ-സ്മാര്‍ട്ട് സംവിധാനത്തിന്റെ സവിശേഷതയാണ് ഇ-സിം. കൂടാതെ, 5ജി റെഡി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വേര്‍ഷന്‍ 6 (ഐപിവി6) എസ്‌യുവിയുടെ സവിശേഷതയാണ്. തല്‍സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ-ഫെന്‍സിംഗ്, എമര്‍ജന്‍സി റെസ്‌പോണ്‍സ് തുടങ്ങിയവയും ഐ-സ്മാര്‍ട്ട് സിസ്റ്റത്തിന്റെ സവിശേഷതകളാണ്.

എംജി ഹെക്ടറിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നത് ഓവര്‍ ദ എയര്‍ (ഒടിഎ) ഡൗണ്‍ലോഡുകളായി ആയിരിക്കും. ടോംടോം ഐക്യു മാപ്‌സ്, ഗാന പ്രീമിയം, അക്യുവെതര്‍ തുടങ്ങിയവ പ്രീ-ലോഡഡ് ആപ്പുകളായിരിക്കും. ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ അനുവദിക്കുമെന്നതാണ് എംജി മോട്ടോറിന്റെ ശ്രദ്ധേയ പ്രഖ്യാപനം. എംജി മോട്ടോറിന്റെ ക്ലൗഡ് സേവനദാതാവാകുന്ന മൈക്രോസോഫ്റ്റാണ് ഐ-സ്മാര്‍ട്ട് സംവിധാനത്തിന് സുരക്ഷയൊരുക്കുന്നത്.

വോയ്‌സ് കമാന്‍ഡ് സംവിധാനമാണ് എംജി ഹെക്ടര്‍ എസ്‌യുവിയിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. നുവാന്‍സ് കമ്യൂണിക്കേഷന്‍സാണ് വോയ്‌സ് കമാന്‍ഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സണ്‍റൂഫ് തുറക്കുന്നതിനും അടയ്ക്കുന്നതിനും, വാഹനത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനും നാവിഗേഷന്‍ ചോദിക്കുന്നതിനുമെല്ലാം വോയ്‌സ് കമാന്‍ഡ് നല്‍കിയാല്‍ മതി. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ കഴിയുന്നതാണ് വോയ്‌സ് കമാന്‍ഡ് സംവിധാനം. ‘ഹലോ എംജി’ എന്ന് പറഞ്ഞാല്‍ വോയ്‌സ് അസിസ്റ്റ് സംവിധാനം സന്തോഷത്തോടെ പ്രതികരിക്കും. തുടര്‍ന്ന് ആവശ്യമായ വോയ്‌സ് കമാന്‍ഡ് നല്‍കാം. നൂറിലധികം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വോയ്‌സ് കമാന്‍ഡ് സംവിധാനത്തിന് കഴിയും. ഇ-കോള്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനമാണ് ഹെക്ടര്‍ എസ്‌യുവിയിലെ മറ്റൊരു സവിശേഷത. അപകടം സംഭവിച്ചാല്‍ പള്‍സ് ഹബ് എന്നറിയപ്പെടുന്ന എംജിയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്കും ബന്ധു ഫോണുകളിലേക്കും അലര്‍ട്ട് പറക്കും.

ഐ-സ്മാര്‍ട്ട് മൊബീല്‍ ആപ്പും എംജി മോട്ടോര്‍ ഇന്ത്യ ലഭ്യമാക്കുന്നു. ആപ്പ് തുറക്കുന്ന ഓരോ തവണയും കാര്‍ സ്‌കാന്‍ ചെയ്യപ്പെടും. കാറിന്റെ ലൊക്കേഷന്‍, ടയര്‍ പ്രഷര്‍, ഡോറുകള്‍ ലോക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങള്‍ ആപ്പിലൂടെ അറിയാം. ഡോറുകള്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യുന്നതിനും ഇഗ്നിഷന്‍ ഓണ്‍ ചെയ്യുന്നതിനും എയര്‍ കണ്ടീഷണര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനും റിമോട്ട് ആപ്പ് ഉപയോഗിക്കാം.

കണക്റ്റിവിറ്റി ഫീച്ചറുകള്‍ വിശദീകരിച്ചതിനൊപ്പം ഹെക്ടര്‍ എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ജൂണ്‍ മാസത്തിന് മുമ്പായി എംജി ഹെക്ടര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പ്രീമിയം ഇന്റീരിയര്‍, ക്രമീകരിക്കാവുന്ന സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി കാമറ തുടങ്ങിയവ സവിശേഷതകളായിരിക്കും. സെഗ്‌മെന്റിലെ ഏറ്റവും വലുതായിരിക്കും പനോരമിക് സണ്‍റൂഫ്. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto
Tags: MG Hector