ജെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് 15 വിമാനങ്ങളില്‍ താഴെ മാത്രം

ജെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് 15 വിമാനങ്ങളില്‍ താഴെ മാത്രം

അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള കമ്പനിയുടെ യോഗ്യത പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി

ന്യൂഡെല്‍ഹി: നിലവില്‍ ജെറ്റ് എയര്‍വേസിന്റെ 15ല്‍ താഴെ ഫ്‌ളൈറ്റുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് കരുതുന്നതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി വി ഖരോള. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനുള്ള കമ്പനിയുടെ യോഗ്യത പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും മതിയായ എയര്‍ക്രാഫ്റ്റുകള്‍ കമ്പനിക്കുണ്ടെന്നും ജെറ്റ് എയര്‍വേയ്‌സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. വെട്ടിച്ചുരുക്കിയ ഷെഡ്യൂളുമായി മുന്നോട്ടുപോകാനാകുമെന്നും കമ്പനി പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ മാനേജ്‌മെന്റ് നിയന്ത്രണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കളുടെ കണ്‍സോര്‍ഷ്യം കഴിഞ്ഞ മാസമാണ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം 28 ഫഌറ്റുകളാണ് കമ്പനിക്ക് പ്രവര്‍ത്തന സജ്ജമായി ഉണ്ടായിരുന്നതെന്നും ചൊവ്വാഴ്ച വൈകിട്ട് 15 എയര്‍ക്രാഫ്റ്റുകള്‍ കൂടി താഴെയിറക്കിയെന്ന് കമ്പനി ഓഹരിവിപണിയില്‍ അറിയിച്ചിട്ടുണ്ടെന്നും പി വി ഖരോള വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവിധ ഫഌറ്റുകളിലായി 119 എയര്‍ക്രാഫ്റ്റുകളാണ് ജെറ്റ് എയര്‍വേയ്‌സിന് ഉണ്ടായിരുന്നത്. എന്നാല്‍ പാട്ടത്തുകയിലെ തിരിച്ചടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം എയര്‍ക്രാഫ്റ്റുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായി വന്നു. കഴിഞ്ഞ മാസം മാത്രം 54 പ്ലെയ്‌നുകളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിച്ചത്. തങ്ങളുടെ ബോയിംഗ് 737 പൈലറ്റുമാരോട് ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുന്നതിനും ജെറ്റ് എയര്‍വേയ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്‌റ്റോബറില്‍ ഉണ്ടായിരുന്നതിന്റെ 30-35 ശതമാനം മാത്രമാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമായ ഫഌറ്റുകള്‍. വലിയ തോതില്‍ ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്യുന്നതിനും ഇടയാക്കുന്നു.
ശമ്പളം വൈകുന്നതിന്റെ ഫലമായി കഴിഞ്ഞ മാസങ്ങളില്‍ 200ല്‍ അധികം പൈലറ്റുമാര്‍ കമ്പനി വിട്ടിരുന്നു. 1400ഓളം െൈപലറ്റുമാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇതില്‍ 1000ഓളം പേര്‍ ബോയിംഗ് 737 പ്ലെയ്‌നുകള്‍ പറത്തുന്നവരാണ്. കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാര്‍ക്ക് പുറമേ എന്‍ജിനീയര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ എന്നിവരുടെ ശമ്പളത്തില്‍ ജെറ്റ് എര്‍വേയ്‌സ് വീഴ്ച വരുത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Jet Airways