പ്രതിപക്ഷത്തിന് വഴി പിഴച്ചോ?

പ്രതിപക്ഷത്തിന് വഴി പിഴച്ചോ?

പൊതുതെരഞ്ഞെടുപ്പിന്റെ തീയതി അടുത്തതോടെ എന്‍ഡിഎ സഖ്യം കൂടുതല്‍ വിശാലമാകുകയും കരുത്താര്‍ജിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. മഹാരാഷ്ട്രയില്‍ ഇടഞ്ഞു നിന്ന ശിവസേനയെയും അസമില്‍ പിണങ്ങിയ എജിപിയെയും വീണ്ടും ഒപ്പമെത്തിക്കാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളുടെ എതിര്‍പ്പകറ്റാനും മോദി-ഷാ കൂട്ടുകെട്ടിന് സാധിച്ചു. എന്നാല്‍ മറുവശത്ത് ‘മഹാഗഢ്ബന്ധ’നെന്ന വിശാല സഖ്യ ആശയത്തെ തന്നെ തുരങ്കം വെച്ച് സഖ്യകക്ഷികളെ ഓരോന്നായി പിണക്കുകയാണ് രാഹുല്‍ ഗാന്ധി. എവിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിഴച്ചത്?

അടുത്തിടെ നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിരവധി ഉപ തെരഞ്ഞെടുപ്പുകളിലും നേടിയ വിജയങ്ങളുടെ ഫലമായി ആര്‍ജിച്ച രാഷ്ട്രീയ മേല്‍ക്കോയ്മ രാജ്യത്തെ പ്രതിപക്ഷത്തെ കൈവിട്ടെന്നതില്‍ സംശയമില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0 മാത്രമല്ല അവര്‍ നേടിയെടുത്ത മുന്നേറ്റത്തെ അപഹരിച്ചത്. പരസ്പര സ്വീകാര്യതയിലൂന്നിയ ‘മഹാഗഢ്ബന്ധന്‍’ അഥവാ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിനിടെ പ്രകടിപ്പിച്ച തികച്ചും സ്വയം കേന്ദ്രീകൃതമായ അവരുടെ എടുത്തുചാട്ടവും പരിശോധിക്കപ്പെടേണ്ടതാണ്.

സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി കൂടുതല്‍ പ്രാവീണ്യം പ്രകടിപ്പിക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ അഞ്ച് വര്‍ഷമായി സഖ്യത്തിലെ ജ്യേഷ്ഠ സഹോദരന്റെ കുറ്റങ്ങള്‍ ആത്മനിയന്ത്രണമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന ശിവസേനയെ അടക്കം അനുനയിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ന്യൂനപക്ഷ വിരുദ്ധമെന്ന് ആരോപിക്കപ്പെടുന്ന പൗരത്വ ബില്ലില്‍ വടക്കുകിഴക്കന്‍ മേഖലയിലെ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ തിരിഞ്ഞെങ്കിലും അവരെ സമാധാനിപ്പിക്കുന്നതിലും പ്രാദേശിക സഖ്യമുണ്ടാക്കുന്നതിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വിജയിച്ചു. അഹംഭാവം പ്രകടമാണെങ്കിലും സഖ്യകക്ഷികളെ അനുനയിപ്പിക്കുന്നതിന് എപ്പോള്‍ ഒരടി പിന്നോട്ടു വെക്കണമെന്ന് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്നായി അറിയാം.

്അതേ സമയം മറുവശത്ത് കോണ്‍ഗ്രസിന് തങ്ങളുടെ സുഹൃത്തുക്കളെ ഒന്നും രണ്ടുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മേയാനുള്ള സമൃദ്ധമായ പുല്‍ത്തകിടി മറുവശത്താണുള്ളതെന്ന ബോധ്യം ആ പാര്‍ട്ടികള്‍ക്കൊക്കെത്തന്നെയുണ്ട്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എന്നിവരുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. സംസ്ഥാനത്ത് സ്വന്തം നിലയില്‍ പോരാടാന്‍ വേണ്ട സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന വിശ്വാസത്തിലായിരുന്നു നീക്കം. പരമ്പരാഗത കുത്തക സീറ്റുകളായ അമേഠിയിലും റായ് ബറേലിയിലും പോലും പ്രസ്തുത പാര്‍ട്ടികളില്‍ നിന്നും വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ടെന്നതാണ് ഇതിന്റെ അനന്തര ഫലം. ബിജെപിയുടെ മുഖത്ത് വിശാലമായൊരു ചിരി വിടരാനും ഇത് കാരണമായിട്ടുണ്ട്.

നിലവിലെ നിറം മങ്ങികൊണ്ടിരിക്കുന്ന അവസ്ഥ തിരിച്ചറിഞ്ഞ് എസ്പിക്കും ബിഎസ്പിക്കുമായി കളമൊഴിഞ്ഞു കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. പകരം, ദലിത് സമതിദായകരുടെ ഇടയിലുള്ള തന്റെ സ്വാധീനം കുറയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന ബിഎസ്പിയുടെ പരമാധികാരിയായ മായാവതിയുടെ ഭയം ശരിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടിയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായത്. യുവ ദലിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് ‘രാവണ’യെ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിച്ചതോടെ ഈ ആശങ്ക വീണ്ടും വര്‍ധിച്ചിട്ടുണ്ടാകും.

ബിജെപിയെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യമടക്കമുള്ള മുന്‍ഗണനാ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്ന മാര്‍ക്‌സിസ്റ്റ് നേതാവ് സീതാറാം യെച്ചൂരിയുടെ കാഴ്ച്ചപ്പാടിനെ ശരിവെക്കുന്നതാണ് ഇത്തരം നടപടികള്‍. ഇതിന് പകരം ബിജെപി ഇതര ക്യാമ്പില്‍ രാഷ്ട്രീയ കളികള്‍ നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇപ്പോഴും രാഷ്ട്രീയപരമായി അജണ്ടകള്‍ തീരുമാനിക്കാന്‍ പ്രാപ്തിയുണ്ടെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന പ്രാചീന കാല പാര്‍ട്ടിയായാണ് അത് പെരുമാറുന്നത്.

അതിനാല്‍ യുപിയിലെ പോലെ തന്നെ, ഡെല്‍ഹിയിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസിന് വൈമനസ്യമാണ്. ഈ രാഷ്ട്രീയ തന്ത്രം ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കുന്നതിന് സഹായിക്കുമെന്നുറപ്പാണ്. സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് സാഹചര്യത്തിന്റെ ഗൂഢാര്‍ത്ഥം മനസിലാക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കുള്ള പരിചയക്കുറവിന്റെ ഫലമാണ് ഇത്തരം അബദ്ധ നീക്കങ്ങളില്‍ ചിലതെന്ന കാര്യം നിക്ഷേധിക്കാനാവില്ല. 2004 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് റാം വിലാസ് പാസ്വാന്റെ വീട്ടിലേക്ക് സോണിയ ഗാന്ധി നടത്തിയ പ്രശസ്തമായ കാല്‍നട സഞ്ചാരം പോലെ സഖ്യത്തെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി ഒരു ശ്രമവും നടത്തിയിട്ടില്ല.

ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മതിയായ ശ്രദ്ധ ചെലുത്താത്തത് കോണ്‍ഗ്രസ് മാത്രമല്ലെന്നാണ് ദൃശ്യമാകുന്നത്. ദേശീയ കാഴ്ചപ്പാട് പ്രകടമാക്കാതെ മറ്റ് പാര്‍ട്ടികളും തങ്ങളുടെ പരമ്പരാഗത തട്ടകങ്ങള്‍ സംരക്ഷിക്കുന്നതിലാണ് വ്യാപൃതരായിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ തങ്ങളുടെ മുഖ്യ എതിരാൡ ബിജെപിയാണെന്ന് വിശ്വസിക്കുന്ന മമത ബാനര്‍ജിയാണ് ഇവരിലൊരാള്‍. എന്നാല്‍ ഇത് അവരെ രാഹുല്‍ ഗാന്ധിയെ കൊല്‍ക്കത്ത റാലികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ നിന്ന് തടയുന്നില്ല. ഒരുപക്ഷേ രാഹുലിന്റെ സാന്നിധ്യം ദേശീയ തലത്തില്‍ വലിയ സ്ഥാനം നേടുന്നതിനായുള്ള തയാറെടുപ്പിന്റെ ഭാഗമായി താന്‍ നടത്തുന്ന പ്രകടനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുമോയെന്ന ആശങ്കയാകാം ഇതിനു കാരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാരെയൊന്നും ഒപ്പം കൂട്ടാതെ ഭരണക്ഷിക്കെതിരായ പ്രചരണം രാഹുല്‍ ഒറ്റക്ക് തന്റെ ചുമലില്‍ ഏറ്റുകയാണെങ്കില്‍, മറ്റുള്ളവരുമായി യോജിപ്പിലെത്താന്‍ കഴിയാത്ത രാഹുലിന്റെ കഴിവില്ലായ്മയായി ഇത് ഗണിക്കപ്പെടും.

രാഹുല്‍ മോദിയുടേതുപോലൊരു മികച്ച പ്രഭാഷകനല്ല. രാഹുലിനും മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കും കൂടുതല്‍ പൊതു സമ്മേളനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു; തീരെ ചെറിയവയാണെങ്കില്‍ പോലും. കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം ശരത് പവാര്‍, സീതാറാം യെച്ചൂരി, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ് , എം കെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളെ ഇത്തരം യോഗങ്ങളല്‍ പങ്കെടുപ്പിക്കണമായിരുന്നു. ശ്രദ്ധ പിടിച്ചു പറ്റുന്നതിന് എപ്പോഴും മെഗാ റാലികള്‍ സംഘടിപ്പിക്കേണ്ട ആവശ്യമില്ല.

ഇത്തരത്തിലുള്ളൊരു ഐക്യത്തിന്റെ അഭാവത്തില്‍ പ്രതിപക്ഷത്തിന് അവരുടെ ഇടം നഷ്ടപ്പെടുന്നതായിട്ടാണ് കാണുന്നത്. പാക്കിസ്ഥാനിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ ഒളി സങ്കേതത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ദേശീയ വികാരം ശക്തമായി വ്യാപിച്ചിട്ടുണ്ടെങ്കിലും പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു തൂക്കു മന്ത്രി സഭ തന്നെയാകും അധികാരത്തിലേറുകയെന്നാണ് നിലവിലെ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണക്കാരുടെ പ്രാഥമിക ആശങ്ക ഇപ്പോഴും ഭീകരവാദത്തേക്കാള്‍ തൊഴിലില്ലായ്മയാണെന്നാണ് വോട്ടെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതു മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ ഒളിപ്പിക്കാനോ അതില്‍ കൃത്രിമം കാണിക്കാനോ ഉള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ലെന്നാണ് 100 ലധികം അക്കാഡമിക് വിദഗ്ധരുടെ അഭിപ്രായം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ പ്രതിപക്ഷത്തിന് നഷ്ടമുണ്ടാകില്ല. എന്നാല്‍ സഖ്യത്തിലെ വലിയ പാര്‍ട്ടിയെന്ന നിലയില്‍ പ്രധാന എതിരാളിയെ ഉന്നമിടുന്നതിലും പ്രതിപക്ഷ നിരയിവെ പാര്‍ട്ടികളെ തന്നെ ശത്രുക്കളായി കാണാതിരിക്കുന്നതിലുമുള്ള കോണ്‍ഗ്രസിന്റെ മികവിനെ ആശ്രയിച്ചിരിക്കും ഇത്.

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍. അദ്ദേഹത്തെ amulyaganguli@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider
Tags: BJP, Congress