ഇന്ത്യയില്‍ മുഖം കാണിച്ച് സിട്രോണ്‍ സി5 എയര്‍ക്രോസ്

ഇന്ത്യയില്‍ മുഖം കാണിച്ച് സിട്രോണ്‍ സി5 എയര്‍ക്രോസ്

തിരുവള്ളൂരിലുള്ള സികെ ബിര്‍ള ഫാക്റ്ററിയില്‍ എസ്‌യുവി നിര്‍മ്മിക്കും. അടുത്ത വര്‍ഷം വിപണിയിലെത്തിക്കും

ന്യൂഡെല്‍ഹി : സിട്രോണ്‍ സി5 എയര്‍ക്രോസ് ഇന്ത്യയില്‍ അനാവരണം ചെയ്തു. എസ്‌യുവി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അതുവഴി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കും. പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡുകളിലൊന്നാണ് സിട്രോണ്‍. സി5 എയര്‍ക്രോസ് ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു. അനാവരണച്ചടങ്ങില്‍ പിഎസ്എ ഗ്രൂപ്പ് ചെയര്‍മാന്‍ കാര്‍ലോസ് ടവാറെസ്, സിട്രോണ്‍ സിഇഒ ലിന്‍ഡ ജാക്ക്‌സണ്‍, പിഎസ്എ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ത്യ-പസിഫിക് മേഖല മേധാവിയുമായ ഇമ്മാനുവല്‍ ഡിലേ തുടങ്ങിയവര്‍ പങ്കെടുത്തു.

2017 ഏപ്രില്‍ മാസത്തില്‍ നടന്ന ഷാങ്ഹായ് ഓട്ടോ ഷോയിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി ആഗോള അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് വിവിധ യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പന ആരംഭിച്ചു. ഡിഎസ് 7 ക്രോസ്ബാക്ക്, പ്യൂഷോ 3008, വോക്‌സ്ഹാള്‍ ഗ്രാന്‍ഡ്‌ലാന്‍ഡ് എക്‌സ് എന്നീ മോഡലുകള്‍ ഉപയോഗിക്കുന്ന പിഎസ്എ ഗ്രൂപ്പിന്റെ ഇഎംപി2 പ്ലാറ്റ്‌ഫോമാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് അടിസ്ഥാനമാക്കുന്നത്. 4,500 എംഎം നീളവും 1,840 എംഎം വീതിയും 1,670 എംഎം ഉയരവും വരുന്നതാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി. 2,730 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 230 എംഎം.

ഇരട്ട നിറത്തിലുള്ള ഡാഷ്‌ബോര്‍ഡാണ് സി5 എയര്‍ക്രോസിന്റെ കാബിനില്‍ കാണുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ബട്ടണുകള്‍, പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. നിരവധി എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സവിശേഷതയോടെ സ്മാര്‍ട്ട് ഹെഡ്‌ലൈറ്റുകള്‍, അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ് ട്രാഫിക് ഡിറ്റന്‍ഷന്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ഓള്‍ വീല്‍ ഡ്രൈവ് ലഭ്യമല്ല. എന്നാല്‍ ടാറ്റ ഹാരിയറിന് ലഭിച്ച ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ക്ക് സമാനമായ ഗ്രിപ്പ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവ നല്‍കിയിരിക്കുന്നു.

ഒരു പെട്രോള്‍, രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വിദേശങ്ങളില്‍ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി വില്‍ക്കുന്നത്. 130 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 130 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 180 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയാണ് ഈ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

സിട്രോണ്‍ സി5 എയര്‍ക്രോസും തുടര്‍ന്നുവരുന്ന മോഡലുകളും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സികെ ബിര്‍ള ഫാക്റ്ററിയില്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ മിറ്റ്‌സുബിഷിയുടെ എസ്‌യുവികള്‍ നിര്‍മ്മിക്കുന്നതും ഇവിടെയാണ്. പിഎസ്എ ഗ്രൂപ്പും ആവ്‌ടെക് ലിമിറ്റഡും ചേര്‍ന്ന സംയുക്ത സംരംഭത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഹൊസൂരിലും പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടെ വിദേശ, ആഭ്യന്തര വിപണികളിലേക്കായി എന്‍ജിനുകളും ട്രാന്‍സ്മിഷനുകളുമാണ് നിര്‍മ്മിക്കുന്നത്.

90 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയായിരിക്കും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് കാര്‍ലോസ് ടവാറെസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ആകര്‍ഷകമായ വിലയില്‍ സിട്രോണ്‍ സി5 എയര്‍ക്രോസ് വിപണിയിലെത്തിക്കാന്‍ പിഎസ്എ ഗ്രൂപ്പിന് കഴിയും.

Comments

comments

Categories: Auto