വെബ്‌സൈറ്റിനു പകരക്കാരന്‍

വെബ്‌സൈറ്റിനു പകരക്കാരന്‍

വ്യാപാരം ഉഷാറാക്കാന്‍ വലിയ തുകയും സമയവും ചെലവഴിച്ച് വെബ്‌സൈറ്റുകള്‍ ആരംഭിക്കുന്നതിന് പകരം ഫേസ്ബുക് ലീഡ് ആഡ്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ നേട്ടത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച തുടങ്ങിവെച്ച ചര്‍ച്ച തുടരുകയാണ്. ലീഡ് ആഡ് പേജില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ട വസ്തുതകളെയും ഊന്നല്‍ നല്‍കേണ്ട മേഖലകളെപ്പറ്റിയുമാണ് ഇത്തവണ പരമാര്‍ശിക്കുന്നത്. ആളുകളെ ആകര്‍ഷിക്കുന്ന ഇമേജുകള്‍, തലക്കെട്ടുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് വേണം ലീഡ് ആഡ് തയാറാക്കാന്‍. ആദ്യ ഘട്ടത്തില്‍ ഒരു പ്രഫഷണലിന്റെ സേവനം തേടാവുന്നതുമാണ്

കഴിഞ്ഞ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം ഓര്‍മയുണ്ടല്ലോ അല്ലേ? പറഞ്ഞതുപോലെ എല്ലാവരും ഫേസ്ബുക് ബിസിനസ് പേജ് തുടങ്ങിയിരിക്കും എന്ന് കരുതുന്നു. വ്യാപാരാഭിവൃദ്ധിക്ക് വെബ്‌സൈറ്റ് ഒരു പ്രധാന ഘടകം ആണെങ്കിലും പല സംരംഭങ്ങള്‍ക്കും അവിഭാജ്യ ഘടകമല്ല. പ്രത്യേകിച്ച് ചെറിയ സംരംഭങ്ങള്‍ക്ക്. ഇവിടെയാണ് ഫേസ്ബുക് ലീഡ് ആഡിന്റെ പ്രസക്തി. ലീഡ് ആഡ് ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ തയ്യാര്‍ ചെയ്യേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഇവയാണ്.

1. 80% അല്ലെങ്കില്‍ അതിലധികം ഇമേജുകളും 20% അല്ലെങ്കില്‍ അതില്‍ കുറവ് വാക്കുകളും ഉള്ള നല്ല ഒരു ഫേസ്ബുക് പരസ്യം തയാറാക്കുക കാന്‍വ (canva.com ) ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

2. ആളുകളെ പിടിച്ചിരുത്തുന്നവിധം നിങ്ങളുടെ സംരംഭത്തെ കുറിച്ച് നല്ല തലക്കെട്ടോടുകൂടിയ ഒരു കഥ എഴുതിയുണ്ടാക്കുക.

3. പ്രൈവസി പോളിസി തയ്യാറാക്കി അതിന്റെ ഒരു URL ലിങ്ക് പങ്കുവെക്കാന്‍ പാകത്തില്‍ മാറ്റി വെക്കുക. ലീഡ് ആഡ് ചെയ്യുമ്പോള്‍ ഈ ലിങ്ക് വളരെ പ്രധാനമാണ്. ഗൂഗിള്‍ ചെയ്താല്‍ പ്രൈവസി പോളിസികള്‍ സൗജന്യമായി ലഭിക്കുന്നതായിരിക്കും.

ഇനി നമുക്ക് ലീഡ് ആഡിലേക്ക് കടക്കാം. താഴെ കൊടുത്തിരിക്കുന്ന ചിത്രം (ചിത്രം 1) ഒരു ഉദാഹരണമാണ്. നിങ്ങളുടെ പരസ്യം ഇത് പോലെയാണ് കാണപ്പെടുക…

ഇനി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടില്‍ പോയ ശേഷം ഇടതു വശത്തെ മെനുവില്‍ നിന്നും ആഡ്‌സ് മാനോജര്‍ (Ads Manager) തിരഞ്ഞെടുത്ത് ക്രിയേറ്റ് (Create) ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങള്‍ ഈ പരസ്യം ചെയ്യുന്നതിന്റെ ലക്ഷ്യം എന്തെന്ന് താഴെയുള്ള വിശദമായ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കുക. നമ്മള്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുവാന്‍ വേണ്ടി ഈ പരസ്യം ചെയ്യുന്നത് കൊണ്ട് ലീഡ് ജനറേഷന്‍ (Lead generation ) ക്ലിക്ക് ചെയ്യുക (ചിത്രം 2).

പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടി ഈ പരസ്യത്തിന് ഒരു പേര് നിശ്ചയിക്കുക. ഈ പേര് ഉപഭോക്താക്കള്‍ക്ക് കാണാന്‍ പറ്റില്ല.

ഇതിനു ശേഷം പ്രധാനം പ്രേക്ഷകരെ തീരുമാനിക്കുക എന്നതാണ്. വെറുതെ കാടടച്ചു വെടിവെക്കുന്നതിനു പകരം, ഏത് തരത്തിലുള്ള പ്രേക്ഷകര്‍ ആണോ നിങ്ങളുടെ ഉപഭോക്താവാകാന്‍ സാധ്യത അത് തിരഞ്ഞെടുക്കുക (ചിത്രം 3). നിങ്ങള്‍ വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോള്‍ പ്രേക്ഷകരുടെ എണ്ണം കുറവായിരിക്കാം… അത് കാര്യമാക്കേണ്ട.

അത് പോലെ തന്നെ, നിങ്ങളുടെ പരസ്യം ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ആദ്യം വളരെ കുറഞ്ഞ ദൈനം ദിന ബഡ്ജറ്റില്‍ എ/ബി ടെസ്റ്റ് ചെയ്ത ശേഷം മാത്രം വിശദമായ രീതിയില്‍ പ്രചരിപ്പിക്കുക.

ഇനിയാണ് ഞാന്‍ നേരത്തെ പറഞ്ഞ മൂന്ന് കാര്യങ്ങളിലെ ഏറ്റവും പ്രധാന ഇനം. ഒരു വേര്‍ഡ് ഫയലില്‍ തലക്കെട്ട്, നിങ്ങളുടെ ഉല്‍പ്പന്നത്തെ കുറിച്ച് ആളുകള്‍ ശ്രദ്ധയോടെ വായിക്കുന്ന തരത്തില്‍ ഉള്ള വിഷയം, URL എന്നിവ സെറ്റ് ചെയ്യുക (ചിത്രം 4). ഈ ഭാഗമാണ് ഏറ്റവും പ്രധാനം. കാരണം, ആളുകളുടെ മുന്നിലേക്ക് ആദ്യം എത്തുന്നത് ഇതാണ്. കുറഞ്ഞത് പത്തോ ഇരുപതോ പരസ്യം ചെയ്താല്‍ മാത്രമേ ഇതില്‍ കുറച്ചെങ്കിലും നൈപുണ്യം ഉണ്ടാകൂ. ഇല്ലെങ്കില്‍ തുടക്കത്തില്‍ ഒരു സ്‌പെഷ്യലിസ്റ്റിന്റെ സഹായം തേടുക.

നമ്മള്‍ ഈ പരസ്യം നല്‍കുന്നത് തന്നെ ഭാവി ഉപഭോക്താക്കളുടെ വിശദ വിവരങ്ങള്‍ ലഭിക്കാന്‍ ആണല്ലോ. അത് കൊണ്ട് ലീഡ് ഫോം ആണ് ഏറ്റവും പ്രധാനം. അതില്‍ മൂന്നില്‍ കൂടുതല്‍ വരികള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക (ചിത്രം 5). അല്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യം കുറയാന്‍ സാധ്യതയുണ്ട്.

തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രായോഗികമായി ചെയ്യുമ്പോള്‍ സംശയം വരാം. അങ്ങിനെ ഉണ്ടെങ്കില്‍ എന്നെ ഇമെയില്‍ അല്ലെങ്കില്‍ whatsapp വഴി ബന്ധപ്പെടുക.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400 )

Categories: FK Special, Slider
Tags: marketing