ഡിസംബറില്‍ സെന്‍സെക്‌സ് 42,000ല്‍ എത്തുമെന്ന് നിരീക്ഷണം

ഡിസംബറില്‍ സെന്‍സെക്‌സ് 42,000ല്‍ എത്തുമെന്ന് നിരീക്ഷണം
  • ‘നിഷ്പക്ഷത’യില്‍ നിന്നും ‘ഓവര്‍വെയിറ്റ്’ എന്ന നിലവാരത്തിലേക്കാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയിട്ടുള്ളത്
  • കോര്‍പ്പറേറ്റ് വരുമാനം സ്ഥിരതയാര്‍ജിക്കുന്നതാണ് സെന്‍സെക്‌സ് 40,000 പിന്നിടാനുള്ള കാരണമായി ബിഎന്‍പി പാരിബാസ് പറയുന്നത്

മുംബൈ: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി ബിഎന്‍പി പാരിബാസ്. ‘നിഷ്പക്ഷത’യില്‍ നിന്നും ‘ഓവര്‍വെയിറ്റ്’ എന്ന നിലവാരത്തിലേക്കാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം ഡിസംബര്‍ അവസാനത്തോടെ ബോംബെ സൂചികയായ സെന്‍സെക്‌സ് 42,000ലെത്തുമെന്നാണ് ബിഎന്‍പി പാരിബാസിന്റെ പുതിയ അനുമാനം. ഡിസംബര്‍ അവസാനത്തോടെ സെന്‍സെക്‌സ് 40,000ലെത്തുമെന്നാണ് ബിഎന്‍പി പാരിബാസ് നേരത്തെ പ്രവചിച്ചിരുന്നത്. കോര്‍പ്പറേറ്റ് വരുമാനം സ്ഥിരതയാര്‍ജിക്കുന്നതാണ് സെന്‍സെക്‌സ് 40,000 പിന്നിടാനുള്ള കാരണമായി പാരിബാസ് ചൂണ്ടിക്കാട്ടുന്നത്.

തിങ്കളാഴ്ച 1.14 ശതമാനം ഉയര്‍ന്ന് 39,115 എന്ന റെക്കോഡില്‍ സെന്‍സെക്‌സ് എത്തിയിരുന്നു. 2018 ജൂണ്‍ അവസാനത്തിലാണ് ബിഎന്‍പി പാരിബാസ് ഇന്ത്യയുടെ റേറ്റിംഗ് ഓവര്‍വെയിറ്റില്‍ നിന്നും നിഷ്പക്ഷതയിലേക്ക് താഴ്ത്തിയത്. കോര്‍പ്പറേറ്റ് വരുമാനം കുറയുമെന്ന നിരീക്ഷണങ്ങളും എണ്ണ വില വര്‍ധനയ്ക്കിടെ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതകള്‍ സംബന്ധിച്ച ആശങ്കകളും കണക്കിലെടുത്താണ് ബിഎന്‍പി പാരിബാസ് റേറ്റിംഗ് താഴ്ത്തിയതെന്ന് ഏഷ്യ-പസഫിക് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് മാനിഷി റായ്ചൗധുരി പറഞ്ഞു.

നിലവില്‍ രൂപയുടെ മൂല്യമിടിവ് സംബന്ധിച്ച ആശങ്കകള്‍ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വീണ്ടെടുക്കാനായതായും ചില ബൃഹത് സാമ്പത്തിക ഘടകങ്ങളില്‍ പുരോഗതി പ്രകടമായിട്ടുണ്ടെന്നും കോര്‍പ്പറേറ്റുകളുടെ വരുമാനം സുസ്ഥിരമാക്കുന്നതിന് ഇത് വഴിയൊരുക്കിയതായും മാനിഷി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം മോര്‍ഗന്‍ സ്റ്റാന്‍ലിയും ഡിസംബര്‍ മാസം പ്രതീക്ഷിക്കുന്ന സെന്‍സെക്‌സ് ലക്ഷ്യം 42,000ത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഈ നിലവാരത്തിലേക്ക് സെന്‍സെക്‌സ് കുതിക്കാന്‍ 50 ശതമാനം സാധ്യതയാണ് മോര്‍ഗന്‍ സ്റ്റാന്‍ലി കണക്കാക്കിയിട്ടുള്ളത്. സെന്‍സെക്‌സ് 47,000ത്തിലേക്ക് കുതിക്കാന്‍ 30 ശതമാനം സാധ്യത നിലനില്‍ക്കുന്നതായും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മറ്റൊരു ആഗോള സാമ്പത്തിക സേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സും കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇന്ത്യയുടെ റേറ്റിംഗ് ‘ഓവര്‍വെയിറ്റി’ലേക്ക് ഉയര്‍ത്തിയിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി അടുത്ത 12 മാസത്തിനുള്ളില്‍ 12,500ലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിരീക്ഷണം. 11,700 എന്ന നിലവാരത്തിലാണ് നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

കമ്പനികളുടെ വരുമാനത്തില്‍ നടപ്പുവര്‍ഷം 21 ശതമാനവും അടുത്ത വര്‍ഷം 24 ശതമാനവും വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയേക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. നടപ്പു സാമ്പത്തിക വര്‍ഷം (2019-2020) കോര്‍പ്പറേറ്റ് വരുമാനത്തില്‍ 19-20 ശതമാനം വളര്‍ച്ച രേഖപ്പെടുത്താനായേക്കുമെന്നാണ് ബിഎന്‍പി പാരിബാസ് പറയുന്നത്. 14-16 ശതമാനം പ്രതീക്ഷിത വളര്‍ച്ചയാണ് കൂടുതല്‍ വിശ്വാസയോഗ്യമെന്നും സാമ്പത്തിക, ഉപഭോക്തൃ, ആരോഗ്യ പരിപാലനം തുടങ്ങിയ വിഭാഗങ്ങളിലെ വളര്‍ച്ച ഉയര്‍ന്ന തലത്തിലായിരിക്കുമെന്നും മാനിഷി പറഞ്ഞു.

കഴിഞ്ഞ അഞ്ച് പാദത്തിനിടെ ഇന്ത്യയുടെ ശരാശരി വ്യാവസായിക ഉല്‍പ്പാദന ശേഷിയില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറിലെ കണക്ക് പ്രകാരം 78 ശതമാനമാണ് രാജ്യത്തെ വ്യവസായങ്ങളുടെ ശരാശരി ഉപയോഗ ശേഷിയെന്നും മാനിഷി പറഞ്ഞു. ഇതിനെല്ലാം പുറമെ ഫെബ്രുവരി മുതല്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതില്‍ കേന്ദ്ര ബാങ്ക് ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയത് കമ്പനികളുടെ ശരാശരി മൂലധന ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇന്ത്യയിലെ പലിശ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന തലത്തില്‍ തന്നെയാണ്. സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പ സമ്മര്‍ദം നേരിട്ടില്ലെങ്കില്‍ പലിശ നിരക്കുകളില്‍ കാര്യമായ കുറവ് വരാന്‍ സാധ്യതയുണ്ടെന്നും മാനിഷി റായ്ചൗധുരി വിശദീകരിച്ചു.

Comments

comments

Categories: FK News
Tags: sensex

Related Articles