സുന്ദീസുന്ദരന്മാരാകാന്‍ ജനപ്രവാഹം

സുന്ദീസുന്ദരന്മാരാകാന്‍ ജനപ്രവാഹം

സൗന്ദര്യവര്‍ധക ചികില്‍സയ്ക്കായുള്ള പ്ലാസ്റ്റിക് പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായി കൂടുതല്‍ ആളുകള്‍ സന്നദ്ധരാകുന്നു

ബോഡി ഷെയിംമിംഗിനെതിരേയുള്ള ശക്തമായ പൊളിറ്റിക്കല്‍ ഓഡിറ്റിംഗും ആക്റ്റിവിസവും ഇപ്പോള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിറം, രൂപം, വൈകല്യം എന്നിവയുടെ പേരില്‍ ആളുകളെ അപഹസിക്കുന്നതിനെതിരേ ധാര്‍മികമായും നിയമപരമായും എതിര്‍പ്പുകള്‍ മുമ്പില്ലാത്തവിധം ഉയര്‍ന്നു കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് (എഎസ്പിഎസ്) നല്‍കുന്ന കണക്കുകളനുസരിച്ച് 2017നേക്കാള്‍ ഏതാണ്ട് 2.5 ലക്ഷത്തിലധികം കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ 2018 ല്‍ നടന്നിട്ടുണ്ട്. ഇതൊരു പുതിയ പ്രവണതയല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സൗന്ദര്യവല്‍ക്കരണ ചികില്‍സകള്‍ സ്വീകരിക്കുന്ന ആളുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. ആകര്‍ഷണീയമായ വ്യക്തിത്വത്തില്‍ മുഖശ്രീയും ഘടകമാണെന്ന് വിശ്വാസം ആളുകളില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്ന് അത് മുന്‍കാലങ്ങളേക്കാള്‍ എളുപ്പമായിരിക്കുന്നു, സാമ്പത്തികമായും ശാരീരികമായും വൈകാരികമായും.

കഴിഞ്ഞ വര്‍ഷം 1.8 ദശലക്ഷം സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതായി എഎസ്പിഎസ് നല്‍കുന്ന വിവരങ്ങള്‍ കാണിക്കുന്നു. സ്തനവലുപ്പം വര്‍ധിപ്പിക്കാനെത്തുന്നവരുടെ എണ്ണം 2017 ല്‍ നിന്നും നാലു ശതമാനം വരെ കൂടിയിരിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കു വിധേയരായവരുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ദ്ധനവാണു കണ്ടെത്തിയത്. എന്നാല്‍ മൂക്കിന്റെ ആകൃതി മാറ്റാനെത്തിയവരുടെ എണ്ണത്തില്‍ രണ്ടു ശതമാനവും കണ്‍പോള ശസ്ത്രക്രിയക്കും ഉദരശസ്ത്രക്രിയക്കും എത്തിയവരുടെ എണ്ണത്തില്‍ ഓരോ ശതമാനം വീതവും ഇടിവുണ്ടായിട്ടുണ്ട്.

നിതംബത്തിന് ആകൃതി കൂട്ടുന്നതിനുള്ള ചികില്‍സകള്‍ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. അമിതവലുപ്പവും മേദസ്സും കുറയ്ക്കാനും ഇത് സഹായകമാണ്, മാത്രമല്ല ഇതിലൂടെ ചര്‍മത്തിനടിയിലെയും കാല്‍വണ്ണയിലെയും കൊഴുപ്പ് നീക്കം ചെയ്യാനും ഭംഗിയുള്ള ശരീരഘടന വളര്‍ത്തിയെടുക്കാനുമാകുന്നു. 2018 ല്‍ ഈ മേഖലയില്‍ ചുരുങ്ങിയത് 15.9 ദശലക്ഷം ശസ്ത്രക്രിയകള്‍ നടന്നു. ഇതില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റും മാറ്റാന്‍ ഉപയോഗിക്കുന്ന ബോട്ടോക്‌സ് ശസ്ത്രക്രിയയാണ്. 2017നേക്കാള്‍ മൂന്നു ശതമാനം വര്‍ധനയാണ് ഇതില്‍ ഉണ്ടായത്. ചര്‍മ്മത്തിലെ ചുളിവുകള്‍ മറയ്ക്കാനുള്ള ഫില്ലര്‍ ശസ്ത്രക്രിയക്കെത്തിയവരുടെ എണ്ണത്തിലും രണ്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കെമിക്കല്‍ പീലിംഗിനു വിധേയരായവരില്‍ ഒരു ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ലേസര്‍ ഉപയോഗിച്ച് മുടി നീക്കം ചെയ്യുന്നവരില്‍ ഒരു ശതമാനത്തിന്റെയും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനുള്ള മൈക്രോഡിമാബ്രേഷന് എത്തിയവരുടെ എണ്ണത്തില്‍ നാലുശതമാനത്തിന്റെയും ഇടിവു രേഖപ്പെടുത്തുകയുണ്ടായി.

സൗന്ദര്യവര്‍ദ്ധക ചികില്‍സകളുടെ ജനപ്രീതിക്കു കാരണം തേടുമ്പോള്‍ വിദഗ്ധഡോക്റ്റര്‍മാര്‍ ഒരേസ്വരത്തില്‍ പറയുന്നത് ആരും മറ്റുള്ളവരുടെ മുമ്പില്‍ ശിരസു കുനിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ്. സൗന്ദര്യവര്‍ധനയ്ക്കായി എത്ര പണം മുടക്കാനും ആളുകള്‍ സന്നദ്ധരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന കാരണം ഏതു നിമിഷവും നാം ലൈംലൈറ്റിനു മുമ്പിലാണെന്ന ബോധ്യമാണ്. മൊബീല്‍കാമറകളും സെല്‍ഫികളും സമൂഹമാധ്യമങ്ങളും വാഴുന്ന നാട്ടില്‍ ഏതു സമയത്തും സുന്ദരീസുന്ദരന്മാരായിരിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവര്‍ക്കുമറിയാം. പത്തു വര്‍ഷം മുമ്പ് വിവാഹത്തിനോ പിറന്നാളിനോ മാത്രമാണ് ഫോട്ടോകളെടുത്തിരുന്നതെങ്കില്‍ ഇന്ന് നിമിഷംപ്രതി ഓരോരുത്തരുടെയും നൂറുകണക്കിനു പടങ്ങളാണ് എടുക്കപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ നമ്മളെല്ലാവരും നിരന്തരമായി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

ഇത്തരം ചികില്‍സകള്‍ക്കു കിട്ടുന്ന അഭൂതപൂര്‍വ്വമായ സ്വീകാര്യതയാണ് അടുത്ത ഘടകം. മുമ്പ് ഇത്തരം ചികില്‍സയ്ക്കു പോകുന്നത് പുറത്തു പറയാന്‍ ആരും താല്‍പര്യപ്പെട്ടിരുന്നില്ല, പലപ്പോഴും പിന്‍വാതിലിലൂടെയാണ് ചികില്‍സയ്‌ക്കെത്തുന്നവരെ സ്വീകരിക്കേണ്ടി വരാറുണ്ടായിരുന്നതെന്ന് ഫാക്‌സ് എന്ന ക്ലിനിക്കിന്റെ എംഡി അല്‍ മറ്റരാസോ ഓര്‍ക്കുന്നു. ഇന്നു സ്ഥിതി മാറി, ചികില്‍സയ്ക്കിടയില്‍ തന്നെ സെല്‍ഫികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന തലമുറ വളര്‍ന്നു വന്നിരിക്കുന്നു. ചികില്‍സയ്ക്കു മുമ്പും ശേഷവും എന്ന നിലയ്ക്കുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും തിരഞ്ഞെടുക്കുന്ന ചികില്‍സയെക്കുറിച്ചെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടുകയും ചെയ്യുന്നു.

ഇത്തരം ചികില്‍സകള്‍ക്കു വന്നിരിക്കുന്ന ചെലവുകുറവാണ് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. പണ്ട് കോസ്‌മെറ്റിക് ചികില്‍സകള്‍ ധനികര്‍ക്കു മാത്രം പ്രാപ്യമാകുന്ന കാര്യമെന്നായിരുന്നു പൊതുജനം ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് സാധാരണക്കാരന് താങ്ങാവുന്ന ചെലവില്‍ ചികില്‍സ ലഭ്യമാണ്. വീട്ടമ്മയ്‌ക്കോ, ജോലിക്കാര്‍ക്കോ ചികില്‍സാച്ചെലവ് വഹിക്കാനാകും. ശസ്ത്രക്രിയാ സംവിധാനങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കൂടുതല്‍ താങ്ങാവുന്നതായി മാറിയിരിക്കുന്നു. മെഡിക്കല്‍ ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത വായ്പകളുമായി ധാരാളം ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ഉണ്ട്.

Comments

comments

Categories: Health