വ്യാജ പ്രചാരണം: ഫേസ്ബുക്ക് ശുചിയാക്കല്‍ പ്രക്രിയ ആരംഭിച്ചു

വ്യാജ പ്രചാരണം: ഫേസ്ബുക്ക് ശുചിയാക്കല്‍ പ്രക്രിയ ആരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അരങ്ങേറാന്‍ പോവുകയാണ് ഇന്ത്യയില്‍. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ വാശിയേറിയ പ്രചാരണമാണു നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ വിവിധ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സര്‍വസാധാരണമാണ്. ഇത് ഒഴിവാക്കാന്‍ വലിയ തോതില്‍ വ്യാജ എക്കൗണ്ടുകളും പേജുകളും നീക്കം ചെയ്തതായി ഏപ്രില്‍ ഒന്നിനു ഫേസ്ബുക്ക് അറിയിക്കുകയും ചെയ്തു.

Fake News on a smartphone is being read.

കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14നു ചാവേര്‍ സ്‌ഫോടനമുണ്ടായതിനു ശേഷം ഇന്ത്യ-പാക് ബന്ധത്തില്‍ സംഘര്‍ഷം രൂപപ്പെടുകയുണ്ടായി. പുല്‍വാമയിലെ സ്‌ഫോടനം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് അരങ്ങേറിയതെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകള്‍ തമ്പടിച്ചിരിക്കുന്നതെന്നു പറയപ്പെട്ട ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത് പാകിസ്ഥാനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇന്ത്യയ്ക്കു തിരിച്ചടി നല്‍കാന്‍ പാകിസ്ഥാനും ശ്രമം നടത്തിയതോടെ സംഘര്‍ഷം രൂപപ്പെടുകയും ചെയ്തു. ഇതേ സമയത്ത് ഓണ്‍ലൈനിലും വലിയ യുദ്ധമാണ് അരങ്ങേറിയത്. പാകിസ്ഥാനിലെ തീവ്രവാദ ക്യാംപെന്നു കരുതപ്പെടുന്ന സ്ഥലത്ത് ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിശ്വസിപ്പിക്കും വിധം ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചു. ഈ ദൃശ്യങ്ങള്‍ ഒരു വീഡിയോ ഗെയിമില്‍നിന്നും പകര്‍ത്തിയവയായിരുന്നു. യാഥാര്‍ഥ്യവുമായി ഒട്ടും ബന്ധമില്ലായിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്നു വിശേഷിപ്പിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇന്ത്യ തയാറെടുക്കുമ്പോള്‍ മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം വ്യാജ പോസ്റ്റുകളുടെ പ്രളയം ഉണ്ടാകുമെന്ന സൂചനയും ഫേസ്ബുക്കിനു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 17-ാം ലോക്‌സഭയിലേക്കു ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഈ മാസം 11നാണ്. മേയ് 19 നാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 23നു ഫലം പ്രഖ്യാപിക്കും.

ഏകദേശം 879 ദശലക്ഷം പേര്‍ ആകെ വോട്ട് ചെയ്യുമെന്നു കരുതപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. വിദ്വേഷം നിറഞ്ഞതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്ന തിരക്കിലാണു ഫേസ്ബുക്ക്. ഏപ്രില്‍ ഒന്നിനു തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്നതും, വ്യാജ ഉള്ളടക്കവുമുള്ളതെന്നും കണ്ടെത്തിയ ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികളുടെ നിരവധി പേജുകളും എക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു. അന്നേ ദിവസം തന്നെ പാകിസ്ഥാന്‍ സൈന്യം നിയന്ത്രിക്കുന്നതെന്നു കരുതപ്പെടുന്ന 100-ാളം വ്യാജ പേജുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിക്കുകയുണ്ടായി.
ഇന്ത്യയില്‍ ഫേസ്ബുക്കിന് ഏകദേശം 340 ദശലക്ഷം(34 കോടി) യൂസര്‍മാരാണുള്ളത്. അതു കൊണ്ടു തന്നെ മറ്റേതൊരു രാജ്യത്തേക്കാളും വ്യത്യസ്തമായ വെല്ലുവിളികളാണു ഫേസ്ബുക്കിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വെല്ലുവിളി നിറഞ്ഞ, പ്രശ്‌നങ്ങളുള്ള നിരവധി പോസ്റ്റുകളാണ് അനുദിനം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, മാധ്യമങ്ങള്‍ എന്നിവരില്‍നിന്നും നേരിട്ടു ഫേസ്ബുക്കിലേക്കു വരുന്നത്. അതു പോലെ, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പിലേക്ക്, വളരെ ചുരുക്കമായി മാത്രം നിരീക്ഷിക്കാന്‍ സാധിക്കുന്ന നിരവധി സന്ദേശങ്ങളും പ്രചരിക്കുന്നു. ഇതിലൂടെ ഒരു പ്രത്യേക സ്വഭാവമുള്ള ഒരു കൂട്ടം പ്രശ്‌നങ്ങളാണു ഫേസ്ബുക്കിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഫേസ്ബുക്കിനു മാത്രമല്ല, മറ്റു നവമാധ്യമങ്ങളായ ഗൂഗിളിന്റെ യു ട്യൂബിനും, ട്വിറ്ററിനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്. ഇത് ആദ്യമായി സ്ഥാനാര്‍ഥികള്‍, പാര്‍ട്ടികള്‍ എന്നിവരില്‍നിന്നും പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉള്ളടക്കങ്ങള്‍ അഥവാ കണ്ടന്റിനെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫേസ്ബുക്കിനെ സംബന്ധിച്ച് ഏറ്റവും വലിയ പരീക്ഷണം കൂടിയാണ്. അതോടൊപ്പം 2020-ല്‍ നടക്കാന്‍ പോകുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങളെയും, പ്രചാരണങ്ങളെയും, വിദേശ ഇടപെടലുകളെയും എങ്ങനെയായിരിക്കും ഫേസ്ബുക്ക് കൈകാര്യം ചെയ്യുകയെന്നത് വിലയിരുത്തുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരിക്കും.

ഇന്ത്യയെന്ന പരീക്ഷണശാല

ഇന്ത്യയെന്നും ഫേസ്ബുക്കിന് പരീക്ഷണശാലയായിരുന്നു. 2014-ല്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അരങ്ങേറിയപ്പോള്‍, ഫേസ്ബുക്ക് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിയുടെ പ്രചാരണവുമായി വളരെ അടുത്ത് നിന്ന് പ്രവര്‍ത്തിച്ചിരുന്നു. അന്ന് പരസ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനും, തങ്ങളുടെ പ്ലാറ്റ്‌ഫോം രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനു വേണ്ടി ഫേസ്ബുക്ക് നടത്തിയ ഒരു ആഗോള പരിശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു 2014-ല്‍ ബിജെപിയുടെ പ്രചാരണവുമായി സഹകരിച്ചത്. അന്നു ഫേസ്ബുക്കിന്റെ സഹായത്തോടെ, മോദി, യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കു ശേഷം ലോകത്തിലെ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെട്ട രണ്ടാമത്തെ രാഷ്ട്രീയക്കാരനായി മാറുകയും ചെയ്തു. മോദിയുടെ വിജയത്തിനു ശേഷം, ഭരണനിര്‍വഹണത്തിനായി എങ്ങനെ ഫേസ്ബുക്കിനെ ഉപയോഗിക്കാമെന്നു മോദിക്കു ഫേസ്ബുക്ക് ഉപദേശം നല്‍കുകയും ചെയ്തിരുന്നു. 2015-ല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കെര്‍ബര്‍ഗ്, കമ്പനിയുടെ സിലിക്കണ്‍ വാലി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നരേന്ദ്രമോദിയോടൊത്തുള്ള ഒരു ചാറ്റ് സംഘടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന് എങ്ങനെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഇന്ത്യയെ മാതൃകയായി ഫേസ്ബുക്ക് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ സ്വഭാവമുള്ള തെറ്റായ വിവരങ്ങളും വാര്‍ത്തകളും ഫേസ്ബുക്കിലൂടെ പ്രചരിച്ചതോടെ, ലോകമെമ്പാടും മോദിയടക്കമുള്ള രാഷ്ട്രീയക്കാരുമായുള്ള ഫേസ്ബുക്കിനുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണിച്ചു.

വ്യാജ എക്കൗണ്ടുകളും പേജുകളും നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന പശ്ചാത്തലത്തില്‍, സമൂഹത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ഫേസ്ബുക്ക് നടത്തിയ ശുചിയാക്കല്‍ പ്രക്രിയയില്‍ കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 687 പേജുകള്‍ നീക്കം ചെയ്തതായി ഏപ്രില്‍ ഒന്നിനു ഫേസ്ബുക്ക് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂലമായ 687 പേജുകള്‍ ഏകദേശം രണ്ട് ലക്ഷം പേരാണു പിന്തുടര്‍ന്നിരുന്നത്. കോണ്‍ഗ്രസിനു പുറമേ, ബിജെപി അനുകൂല 200 പേജുകളും ഗ്രൂപ്പുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.

Categories: Top Stories