കാപ്പി ഏകാഗ്രത വര്‍ധിപ്പിക്കും

കാപ്പി ഏകാഗ്രത വര്‍ധിപ്പിക്കും

എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാപ്പി സഹായിക്കുമെന്ന് പുതിയ പഠനം. നമ്മുടെ മനസ്സിനെ കൂടുതല്‍ ഏകാഗ്രവും ജാഗരൂകവുമാക്കാന്‍ കാപ്പിക്കു കഴിയുമത്രെ. ജനപ്രിയ പാനീയങ്ങളിലൊന്നാണ് കാപ്പി, അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാമെന്ന് കാനഡയിലുള്ള ടൊറന്റോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാം മാഗ്ലിയോ പറഞ്ഞു. കാപ്പി ആളുകളില്‍ ഉണര്‍ത്തുന്ന ശാരീരികമായ ഉണര്‍വ്വിനെക്കുറിച്ചാണ് ആളുകള്‍ പൊതുവേ പറയാറ്. പക്ഷേ, അതിന് മനശാസ്ത്രപരമായ ഘകങ്ങളെയും ഉണര്‍ത്താനാകുമെന്ന് കാര്യമായി ആര്‍ക്കുമറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നമ്മുടെ ഓര്‍മ്മയെയും ചിന്തകളെപ്പോലും അതിനു സ്വാധീനിക്കാനാകും. കാപ്പി പരമമായ അവസ്ഥയിലേക്ക് ആളുകളെ ഉയര്‍ത്തുന്നതായി ജേര്‍ണല്‍ കോണ്‍ഷ്യസ്‌നെസ് ആന്‍ഡ് കോഗ്‌നിഷനില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നു. സൂക്ഷ്മചിഹ്നങ്ങള്‍ പോലും നമ്മുടെ ചിന്തകളെയും പെരുമാറ്റരീതികളെയും സ്വാധീനിക്കുമെന്ന് അതില്‍ വ്യക്തമാക്കിയിരിക്കുന്നു.

ആളുകള്‍ മിക്കപ്പോഴും കാപ്പി സംബന്ധിയായ സൂചനകളെ നേരിടുകയോ യഥാര്‍ത്ഥത്തില്‍ കാപ്പി കുടിക്കാതെ തന്നെ അതേക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയോ ആണെന്ന് സാം മാഗ്ലിയോ വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിന് പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകളെയാണ് സംഘം തെരഞ്ഞെടുത്തത്. കാപ്പിയും വികാരവും തമ്മിലുള്ള ബന്ധം അറിയാന്‍, കാപ്പി കുടിക്കുമ്പോള്‍ അവരില്‍ അത് ഉദ്ദീപനമുണ്ടാക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ചു. സ്വാഭാവികമായും ഇത് അവരുടെ ശാരീരികവികാസങ്ങളെ ഉദ്ദീപിപ്പിച്ചു. എന്നാല്‍ കാപ്പി അവരുടെ ചിന്തകള്‍ക്ക് കൂടുതല്‍ കൃത്യവും മൂര്‍ത്തവുമായ രൂപം നല്‍കിയതായി ഗവേഷകര്‍ക്കു ബോധ്യപ്പെട്ടു. ഇത് ലോകത്തെക്കുറിച്ച് സവിശേഷവും വിശകലനാത്മകവുമായ കാഴ്ചപ്പാട് നല്‍കി. ആളുകളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും വിലയിരുത്തലിലും തീരുമാനമെടുക്കലിലും ഇത് ഗുണപരമായ സ്വാധീനം ചെലുത്തി. കാപ്പി വലിയ സ്വാധീനം ചെലുത്താത്ത സംസ്‌കാരിക മേഖലകളില്‍ ഇത്തരമൊരു ബന്ധം കാണാനായില്ലെന്നും പഠനം നിരീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ കാപ്പിപ്രിയം സംബന്ധിച്ച പെരുമാറ്റരീതി മനസിലാക്കാനും മികച്ച വിപണിയെ അറിയാനും പഠനം സഹായിക്കും.

Comments

comments

Categories: Health
Tags: coffee