അമുലിന്റെ വരുമാനം 13% വര്‍ധിച്ച് 33,150 കോടി രൂപയില്‍

അമുലിന്റെ വരുമാനം 13% വര്‍ധിച്ച് 33,150 കോടി രൂപയില്‍

അമുല്‍ മില്‍ക്കും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടി രൂപ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയാണ് 2018-19ല്‍ വരുമാനത്തില്‍ ഉണ്ടായത്. അമുല്‍ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 45,000 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. 13 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ മൊത്തമായി ശരാശരി 17.5 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നിരക്കാണ് പ്രകടമായിട്ടുള്ളത്. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതും പാല്‍ സംസ്‌കരണ ശേഷി വര്‍ധിപ്പിച്ചതും വരുമാനത്തില്‍ ഗുണപരമായി പ്രതിഫലിച്ചതായി കമ്പനി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിരവധി മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയര്‍മാന്‍ രാംസിംഗ് പി പര്‍മര്‍ പറയുന്നു. വേഗത്തിലുള്ള വിപുലീകരണ തന്ത്രം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Categories: Business & Economy
Tags: Amul