ഇന്ത്യയില്‍ 45 ദശലക്ഷം ഹൃദ്രോഗികള്‍

ഇന്ത്യയില്‍ 45 ദശലക്ഷം ഹൃദ്രോഗികള്‍

ഇന്ത്യയിലെ 130 കോടി ജനസംഖ്യയില്‍ ഏകദേശം 45 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ (കൊറോണറി ആര്‍ട്ടറി ഡിസീസ്) അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ഹൃദ്രോഗികളുടെ നാടാക്കി മാറ്റുമെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എച്ച് കെ ബാലി മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണറി ആര്‍ട്ടറി രോഗങ്ങളുടെ ലോകതലസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീപരുഷഭേദമെന്യേ ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് തുടരുകയാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഭീതിദമായ അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരും. ഒരു ദശാബ്ദം മുമ്പുവരെ യുവാക്കളില്‍ ഹൃദ്രോഗം കണ്ടെത്തുന്നത് അത്യപൂര്‍വ്വമായിരുന്നു. എന്നാല്‍ 25-35 പ്രായപരിധിയിലുള്ളവരില്‍ ഹൃദ്രോഗം സ്ഥിരീകരിക്കുന്ന പല കേസുകളും ഇപ്പോള്‍ നമുക്ക് ലഭിക്കുന്നുണ്ടെന്ന് 30 വര്‍ഷത്തെ അനുഭവപരിചയത്തിനിടെ 15,000 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ ഓരോ വര്‍ഷവും 3,00,000 കുട്ടികള്‍ ഹൃദയവൈകല്യങ്ങളോടെ ജനിക്കുന്നതായിശസ്ത്രക്രിയാവിദഗ്ധനായ ഡോ. റാണാ സന്ദീപ് സിംഗ് ചൂണ്ടിക്കാട്ടി. എന്നാല്‍ പീഡ് കാര്‍ഡിയാക് ശസ്ത്രക്രിയാ സംവിധാനങ്ങള്‍ക്ക് ഇവിടെ ലഭ്യമായ വളരെ പരിമിതമായ സൗകര്യങ്ങള്‍ മൂലം ഇതില്‍ 50 ശതമാനത്തിനും കാലാനുസൃതമായ തുടര്‍ചികില്‍സകള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. രോഗനിര്‍ണയത്തിലും ചികില്‍സാരീതികളിലും സമീപകാലത്തുണ്ടായ പുരോഗതികള്‍ ശിശുക്കളിലെ ഹൃദ്രോഗം ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കുന്നതിനു സഹായകമായിട്ടുണ്ട്. ഇത് കുട്ടികളുടെ അതിജീവനം ഒട്ടൊക്കെ വര്‍ധിപ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍, വന്‍കിട നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന ഗുണനിലവാരമുള്ള ചികില്‍സാസൗകര്യങ്ങള്‍ പലപ്പോഴും നവജാതരിലെ ഹൃദ്രോഗചികില്‍സാ മേഖലയുടെ വികാസത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. മുന്തിയ ശസ്ത്രക്രിയകള്‍ രാജ്യത്തെ വളരെ കുറച്ചു ആശുപത്രികളില്‍ മാത്രമാണ് നടത്തുന്നത്. അസാധാരണമായ ഹൃദയമിടിപ്പ്, ചര്‍മം, ചുണ്ട്, നഖം എന്നിവയിലെ നിറവ്യതിയാനം, അതിവേഗത്തിലുള്ള ശ്വസനം, തൂക്കക്കുറവ്, വിശപ്പില്ലായ്മ, ഉല്‍സാഹക്കുറവ് അമിതമായ വിയര്‍പ്പ് എന്നിവയാണ് ജന്മനാ ഹൃദ്രോഗികളായ ശിശുക്കളില്‍ കാണാറുള്ള രോഗലക്ഷണങ്ങള്‍.

Comments

comments

Categories: Health