കാന്‍സറിനെ പ്രതിരോധിക്കാന്‍ തൂക്കനിയന്ത്രണം

കാന്‍സറിനെ പ്രതിരോധിക്കാന്‍ തൂക്കനിയന്ത്രണം

അമിതമായി ആഹാരം കഴിക്കുന്നത് അര്‍ബുദത്തിനു സാധ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനം

അമിതഭാരം അര്‍ബുദത്തിനു കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതരം അര്‍ബുദങ്ങള്‍ തടയാന്‍ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. പൊണ്ണത്തടിക്ക് ഇത്തരം അര്‍ബുദങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സമീപകാല ഗവേഷണം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് അമിതവണ്ണമുള്ള സ്ത്രീകളിലും ആര്‍ത്തവവിരാമം സംഭവിച്ചവരിലുമാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടാറുള്ളത്. ഇക്കാരണത്താല്‍, സ്ത്രീകളോട് തൂക്കം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ പുതിയ പഠനം പറയുന്നത് കഴിക്കുന്ന ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നതിന് പകരം ഭക്ഷണം കഴിക്കുന്ന സമയത്തില്‍ ശ്രദ്ധ ചെലുത്തില്‍ അര്‍ബുദ ഭീഷണി കുറയുമെന്നാണ്.

ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ അമിതവണ്ണം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നത് സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് സാന്‍ ഡിയോഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക മാനസി ദാസ് വിശദീകരിക്കുന്നു. എലികളില്‍ നടത്തിയ പഠനങ്ങളാണ് സമയക്രമമനുസരിച്ചു നിയന്ത്രിച്ച ഭക്ഷണരീതിയിലൂടെ മുഴകളുടെ വളര്‍ച്ച തടയുമെന്ന് കണ്ടെത്തിയത്. മാത്രമല്ല, പൊണ്ണത്തടിയും അര്‍ബുദവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ചില ഘടകങ്ങളും അവര്‍ കണ്ടെത്തി. സമയ നിയന്ത്രിത ഭക്ഷണരീതിയില്‍ ദൈനംദിനജീവിതത്തില്‍ കഴിക്കുന്ന പ്രധാനഭക്ഷണം ഒരു നിശ്ചിതസമയ ചട്ടക്കൂടിനുള്ളിലേക്ക് ഒതുക്കേണ്ടതുണ്ട്. വെറും കലോറി നിയന്ത്രണത്തേക്കാള്‍ കൂടുതല്‍ ഫലപ്രദമായ പ്രഭാവം ഇതിനുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഈ പഠനത്തില്‍, ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് ഇത് സ്ത്രീകളില്‍ എന്തു മാറ്റം വരുത്തുമെന്നറിയാന്‍ പെണ്ണെലികളുടെ അണ്ഢാശയം നീക്കം ചെയ്തിരുന്നു. ഗവേഷകര്‍ മൂന്നു ഘട്ടങ്ങളായി വിഭജിച്ചാണു പഠനം നടത്തിയത്. ആദ്യ ഘട്ടത്തില്‍, എലികള്‍ക്ക് 10 ആഴ്ചക്കാലം 60 ശതമാനം ഉയര്‍ന്ന കൊഴുപ്പ് ഭക്ഷണം നല്‍കിക്കൊണ്ട് തൂക്കം വര്‍ധിപ്പിച്ചു. പിന്നീട്, ഇതില്‍ ചില എലികള്‍ക്ക്് 24 മണിക്കൂറും നിയന്ത്രണങ്ങളൊന്നും കൂടാതെ ഭക്ഷണം നല്‍കിയിരുന്നു. ബാക്കിയുള്ളവയ്ക്കാകട്ടെ എട്ട് മണിക്കൂര്‍ സമയക്രമത്തിനുള്ളില്‍ നിയന്ത്രിതമായി ഭക്ഷണം നല്‍കി. പരീക്ഷണം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞതോടെ എലികളില്‍ സ്തനാര്‍ബുദം വരുന്നതിനുള്ള കുത്തിവെപ്പ് നല്‍കി. തുടര്‍ന്ന് ഓരോ എലികളിലും അര്‍ബുദ വളര്‍ച്ച ഇടയ്ക്കിടെ നിരീക്ഷിച്ചു. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ച എലികളും നിയന്ത്രിതഭക്ഷണം സ്വീകരിച്ചവയും തമ്മില്‍ള്ള വ്യത്യാസം കണ്ടെത്തി.

പഠനത്തിന്റെ രണ്ടാം ഘട്ടത്തില്‍, സ്വാഭാവിക സ്തനാര്‍ബുദം വികസിപ്പിക്കാന്‍ ജനിതകവ്യതിയാനം വരുത്തിയ എലികളില്‍ സമാന പരീക്ഷണം നടത്തി. ഈ എലികളില്‍ കുറച്ചെണ്ണത്തിനു മാത്രമേ അനിയന്ത്രിതമായി ആഹാരം കൊടുത്തിരുന്നുള്ളൂ. മറ്റുള്ളവയ്ക്ക് സമയ പരിധി നിശ്ചയിച്ചിരുന്നു. രണ്ട് പറ്റം എലികളിലും കൊഴുപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. മുമ്പത്തെപ്പോലെ, ഗവേഷകര്‍ ഓരോ എലികളിലെയും അര്‍ബുദ വളര്‍ച്ച നിരീക്ഷിച്ചു. മൂന്നാമത്തെ ഘട്ടത്തില്‍ ഗവേഷകര്‍ ഇന്‍സുലിന്‍ പ്രതിരോധത്തിലാണ് പ്രാധാന്യം കല്‍പ്പിച്ചത്. പൊണ്ണത്തടിക്ക് അര്‍ബുദ വളര്‍ച്ചയില്‍ എന്ത് പ്രാധാന്യമുണ്ടെന്നു കണക്കാക്കാനാണ് ഇവര്‍ ഇതു ചെയ്തത്. എലികളില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൃത്രിമ സംവിധാനം ഏര്‍പ്പെടുത്തി, കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമത്തിലൂടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിച്ചു.

ഗവേഷകര്‍ പിന്നീട് മറ്റൊരു പറ്റം എലികളില്‍ ഇന്‍സുലിന്‍ അളവ് കുറച്ചുകൊണ്ട്, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം അമിതമായി നല്‍കി. നിയന്ത്രിതഭക്ഷണം നല്‍കിയ എലികളെ ഈ എലികളുമായി ഗവേഷകര്‍ താരതമ്യം ചെയ്തു. സമയപരിധി കൊടുത്തു ഭക്ഷണം നല്‍കിയ എലികളേക്കാള്‍ അനിയന്ത്രിതമായി ഭക്ഷണം കഴിച്ചവയിലാണ് അര്‍ബുദ വളര്‍ച്ച ഉണ്ടായത്. ഇന്‍സുലിന്‍ അളവ് കുറഞ്ഞതുമൂലം കുറഞ്ഞ സമയപരിധിയില്‍ നിയന്ത്രിത ഭക്ഷണം നല്‍കിയവയിലെ കുറഞ്ഞ അര്‍ബുദനിരക്ക് വ്യായാമം ചെയ്യേണ്ടതിന്റെ അവശ്യകതയെ സൂചിപ്പിക്കുന്നു, ഈ ഇടപെടല്‍ സ്തനാര്‍ബുദ പ്രതിരോധത്തിലും ചികിലിസയിലും ഫലപ്രദമാകുന്നു. ഇത് കാന്‍സറിന് സാധ്യതയുള്ള ആളുകളില്‍ ഭാവിയില്‍ മെച്ചപ്പെട്ട പ്രതിരോധചികില്‍സക്ക് വഴിതെളിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

Comments

comments

Categories: Health