മസൂദ് അസറും ചൈനയുടെ വീറ്റോയും: ഇന്ത്യക്ക് മുന്നിലുള്ള വഴി

മസൂദ് അസറും ചൈനയുടെ വീറ്റോയും: ഇന്ത്യക്ക് മുന്നിലുള്ള വഴി

പുല്‍വാമയില്‍ 40 ഇന്ത്യന്‍ ജവാന്‍മാരുിടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പ്രഖ്യാപിച്ചിട്ടും ചൈനക്കും പാക്കിസ്ഥാനും ഇത് വിശ്വാസം വന്നിട്ടില്ല. ജെയ്ഷ് തലവന്‍ മസൂദ് അസറിനെതിരെ നടപടി എടുക്കണമെങ്കില്‍ കൂടുതല്‍ തെളിവ് തരൂ എന്നാണ് പാക്-ചൈന സഖ്യം ആവശ്യപ്പെടുന്നത്. ലോക രാജ്യങ്ങള്‍ യുഎന്‍ രക്ഷാ സമിതിയില്‍ അസറിനെതിരെ കൊണ്ടുവന്ന പ്രമേയം നാലാം തവണയും വീറ്റോ ചെയ്താണ് പാക്കിസ്ഥാന്റെ സ്വന്തം ഭീകരരോടുള്ള സ്‌നേഹം ചൈന പ്രകടമാക്കിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ മുന്നിലുള്ള മാര്‍ഗങ്ങളെന്തെന്ന് പരിശോധിക്കുകയാണ് ലേഖകന്‍

മസൂദ് അസര്‍ എന്നത് അപകടകരമായ ഒരു പേരാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയം 1267 പ്രകാരം ജെയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ഭീകര സംഘടനയുടെ തലവനായ ആഗോള ഭീകരന്‍. ഇയാളെ ആഗോള ഭീകര പട്ടികയില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിവെച്ചത് യുഎസും യുകെയുമായിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ (യുഎന്‍എസ്‌സി) മറ്റ് ബഹുഭൂരിപക്ഷം അംഗങ്ങളും ഇതിനെ പിന്തുണച്ചു. എന്നാല്‍ ചൈന വീണ്ടും എല്ലാ പരിശ്രമങ്ങളെയും നശിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത് നാലാം തവണയാണ് മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ പെടുത്തി നിരോധിക്കുന്നതിനുള്ള നടപടി ചൈന സാങ്കേതികപരമായി വീറ്റോ അവകാശം ഉപയോഗിച്ച് വൈകിപ്പിക്കുന്നത്. ഇന്ത്യ എല്ലാ യുഎന്‍എസ്‌സി അംഗങ്ങള്‍ക്കും അസറിനെതിരെയുള്ള തെളിവുകള്‍ നല്‍കിയിരുന്നു, യുഎസിനു വരെ ഇക്കാര്യങ്ങള്‍ ബോധ്യമായി. എന്നാല്‍ ഈ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് ചൈന വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതാണ് സാങ്കേതിക പ്രശ്‌നം. എന്നാല്‍ ചൈന ഒരിക്കലും പൊതുസമൂഹത്തിനു മുന്നില്‍ അസറിനെ പിന്തുണയ്ക്കില്ലെന്നുള്ളതാണ് ഇതിലെ രസകരമായ കാര്യം. അസറിന് യുഎന്നില്‍ സംരക്ഷണം ഒരുക്കുന്ന ചൈന, ഇന്നു വരെ അയാള്‍ ഒരു ഭീകരനല്ലെന്ന് പറയാന്‍ തയാറായിട്ടില്ല.

കഴിഞ്ഞ മാസം 13 ന് അര്‍ദ്ധരാത്രിയില്‍ യുഎന്‍എസ്‌സി യോഗം ചേരുകയുണ്ടായി. അതിനു തലേ ദിവസം ന്യൂഡെല്‍ഹിയിലെ തീന്‍ മൂര്‍ത്തി ഭവനില്‍ നടന്ന ഒരു പരിപാടിക്കിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ചൈനയുടെ ഭാഗത്തു നിന്ന് ഇത്തവണയും അനുകൂല സമീപനം അവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. പക്ഷേ, ചൈനയുടെ വീറ്റോ ഉണ്ടായിരുന്നിട്ടു കൂടി ഇത്തവണ ആഗോള തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്കായി. അതു മാത്രമല്ല മസൂദ് അസ്ഹര്‍ പ്രശ്‌നത്തിലെ രാജ്യാന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ചൈനയും ഒറ്റപ്പെടുന്നത് നാം കണ്ടു. മുന്‍പൊക്കെ ഇന്ത്യ നടപടി ആവശ്യപ്പെടുകയും മറ്റുള്ളവര്‍ അതിനെ പിന്തുണച്ചിരുന്നതുമാണ് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യ, പ്രമേയത്തിന്റെ ഒരു സഹ അവതാരകന്‍ പോലും ആയിരുന്നില്ല. പി5-ക്ലബ്ബിലെ (രക്ഷാ സമിതിയലെ അഞ്ച് സ്ഥിരാംഗങ്ങള്‍) ചൈനയൊഴിച്ചുള്ള മറ്റ് നാല് അംഗങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും ബംഗ്ലാദേശ് പോലുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ ഡസന്‍ കണക്കിനു രാജ്യങ്ങളാണ് ഇപ്രാവശ്യം മസൂദ് അസറിനെതിരായ പ്രമേയത്തെ ഉയര്‍ത്തിപ്പിടിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാന്തരമൊരു നയതന്ത്ര നീക്കമായിട്ടാണ് ഇതിനെ ഞാന്‍ വിലയിരുത്തുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രശ്‌നം മാത്രമായല്ല ഇത്തവണ അസര്‍ വിഷയം പരിഗണിക്കപ്പെട്ടത്. പ്രമേയത്തിന്റെ സഹ-അവതാരക സ്ഥാനത്തു നിന്ന് മാറിനിന്ന ഇന്ത്യ ഉഭയകക്ഷി വിഷയമെന്ന പ്രതീതി ഇല്ലാതാക്കുന്നതില്‍ വിജയിച്ചു. ഫലം, ഭീകരവാദ പ്രശ്‌നത്തില്‍ രാജ്യാന്തര സമൂഹത്തിന് എതിരായി വീറ്റോ പ്രയോഗിച്ചെന്ന കുപ്രസിദ്ധി ചൈന പേറേണ്ടി വന്നു. രണ്ടാമതായി ഫെബ്രുവരി 20 ലെ പുല്‍വാമ ഭീകരാക്രമണത്തിന് കൃത്യം ഒരാഴ്ചക്ക് ശേഷം 27 ന് യുഎന്‍എസ്‌സി, ആര്‍ട്ടിക്കിള്‍ 1267 പാസാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മുന്‍പത്തേതിനേക്കാളൊക്കെ വേഗത്തിലുള്ള നീക്കമായിരുന്നു. ഉറി ഭീകരാക്രമണം നടന്നപ്പോള്‍ ജെയ്ഷ് ഇ മുഹമ്മദ് ഔദ്യോഗികമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പുല്‍വാമയില്‍ അവരത് ചെയ്തു. ഇതിന്റെ പിന്നിലുള്ള കാരണത്തെപ്പറ്റി പ്രത്യേക അന്വേഷണവും വിലയിരുത്തലുകളും നടത്തേണ്ടതുണ്ട്. കശ്മീര്‍ മുസ്ലീങ്ങളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജെയ്ഷിന് അടിതെറ്റിയിരുന്നു എന്നത് വാസ്തവമാണ്.

മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്നും ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയിലാണെന്നും അവിടത്തെ ഒരു മുതിര്‍ന്ന മന്ത്രി തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇത് പാക്കിസ്താനെ കൂടുതല്‍ അപകടത്തില്‍ ചാടിക്കുകയാണുണ്ടായത്. മസൂദ് അസറിന്റെ സാന്നിധ്യം സംബന്ധിച്ച് ഇനി പ്രത്യേക തെളിവുകളൊന്നും ഇന്ത്യ അവതരിപ്പിക്കേണ്ടതില്ല. എന്നാല്‍ ഇന്ത്യക്ക് ചില പ്രധാനപ്പെട്ട പാഠങ്ങളും ഇവിടെ പഠിക്കാനുണ്ട്. മസൂദ് വിഷയത്തില്‍ ചൈനയുടെ ഇപ്പോഴത്തെ പങ്കിനെക്കുറിച്ച് നാം വീണ്ടും വിലയിരുത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് ചൈന ഇത്തരത്തില്‍ പെരുമാറുന്നതെന്നതാണ് ആദ്യത്തെ ചോദ്യം. പാക്കിസ്ഥാനുമായുള്ള സൗഹൃദം മാത്രമല്ല ചൈനയെ ഇതിനു പ്രേരിപ്പിക്കുന്നത്. അതിനൊപ്പം തന്നെ നയതന്ത്ര തലത്തില്‍ സ്വന്തമായി തീരുമാനം എടുക്കാനുള്ള ഇന്ത്യയുടെ വളര്‍ന്നു വരുന്ന കഴിവിനെ പരിശോധിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് എനിക്കു തോന്നുന്നു. ഇന്ത്യക്കൊപ്പം നയതന്ത്ര ശക്തി വളര്‍ത്താനും നമുക്ക് ഒരു സന്ദേശം നല്‍കുന്നതിനുമാണ് ചൈന ഇങ്ങനെ പെരുമാറുന്നത്.

2018 ലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഉച്ചകോടിയില്‍ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനം വാഗാദാനം ചെയ്തതിനു പ്രത്യുപകാരമായി പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ പെടുത്താന്‍ ചൈന സമ്മതിച്ചിരുന്നു. അസറിനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇത്തരത്തിലുള്ള ഒരു വാഗ്ദാനവും ഇന്ത്യ നല്‍കിയില്ല. എന്നാല്‍ ഭാവിയില്‍ ചിലപ്പോള്‍ ടിബറ്റ്, തായ്‌വാന്‍, ഷിന്‍ജിയാംഗ് തുടങ്ങിയ പ്രവിശ്യകള്‍ക്ക് മേലുള്ള ചൈനീസ് അപ്രമാദിത്യം അംഗീകരിച്ചു കൊടുക്കുകയോ സാമ്പത്തിക, വ്യാപാര മേഖലയിലെ ഇളവുകളോ അടക്കം ചൈനീസ് അധികൃതര്‍ക്ക് ആശ്വാസത്തിനുള്ള വക നാം നല്‍കേണ്ടി വന്നേക്കാം. ചൈനയ്ക്കും അവരുടേതായ പല പ്രശ്‌നങ്ങളും വളര്‍ന്നുവരുന്നുണ്ട്. ഉത്തര കൊറിയ ബെയ്ജിംഗിന്റെയും ഓസ്‌ട്രേലിയയുടെയും നിഴലില്‍ നിന്ന് മാറാനും ആഭ്യന്തര ഇടപെടലുകള്‍ക്ക് ചൈനയെ വിമര്‍ശിക്കാനും തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ചൈനീസ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരാന്‍ പ്രധാമന്ത്രി മോദിക്കു ലഭിക്കുന്ന ശരിയായ അവസരമായിരിക്കുമിത്.

നിലവില്‍ മോദി മൂന്നു തന്ത്രങ്ങളാണ് പിന്‍തുടരുന്നത്. ആദ്യത്തെ തന്ത്രം മസൂദ് അസര്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ വഴി ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നുള്ളതാണ്. ജെയ്ഷിന്റെയും അസ്ഹറിന്റെയും സ്വത്തുകള്‍ മരവിപ്പിക്കുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പൂര്‍ണമായി സൈന്യത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കാര്യമായെന്തെങ്കിലും ചെയ്യാനുള്ള സ്ഥിതിയില്ലല്ലെന്നുള്ളത് മനസിലാക്കിക്കൊണ്ടു തന്നെ മസൂദിനെ വിട്ടു നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചുന്നയിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഇമ്രാന്‍ ഖാന്‍ യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തിന് എതിരാണെങ്കില്‍ അസറിനെ എന്തുകൊണ്ട് കൈമാറാന്‍ തയാറാകുന്നില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും സുക്ഷമ സ്വരാജും ഉച്ചത്തില്‍ ചോദിച്ചു കഴിഞ്ഞു.

സ്വന്തം രാജ്യത്ത് ആക്രമണം നടത്തിയ ഒരു സംഘടനയിലെ സജീവ അംഗമായ ഒരു വ്യക്തിയെ ലക്ഷ്യമാക്കുന്നത് സ്വയം പ്രതിരോധ പ്രവര്‍ത്തനമാണെന്ന് യുഎന്നിന്റെ ആര്‍ട്ടിക്കിള്‍ 51 അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് മുന്‍നിര്‍ത്തി ശക്തമായ വാദങ്ങള്‍ അവതരിപ്പിക്കാമെന്നതാണ് മൂന്നാമത്തെ കാര്യം. ഒരു രാജ്യത്ത് താമസിക്കുന്ന ഇത്തരമൊരു വ്യക്തി അയല്‍ രാജ്യത്തെ ആക്രമിക്കുന്നത് തടയാന്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ മനപൂര്‍വം നടപടിയെടുക്കാതിരിക്കുകയോ ചെയ്യുന്നെന്ന് വ്യക്തമാക്കാന്‍ സാധിച്ചാല്‍ ഇത് തീര്‍ച്ചയായും സാധ്യമാണ്. മസൂദ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായാല്‍ ഒരു അര്‍ദ്ധ സൈനിക നടപടി ഇയാള്‍ക്കെതിരെ എടുക്കുന്നതിന് നിയമപരമായ സാധുത ലഭിക്കും. പുല്‍വാമ സംഭവത്തിനു ശേഷം ജയ്ഷ് മുഴക്കിയ ഭീഷണികള്‍ യുഎന്‍ രക്ഷാസമിയില്‍ ഇന്ത്യയുടെ തെളിവുകളാകും.

മസൂദ് അസര്‍ നിയമപരമായ ലക്ഷ്യമാണെന്ന് തെളിയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലക്ഷ്യമിടുന്ന ആള്‍ ഉദ്ദേശിച്ച ലക്ഷ്യകേന്ദ്രത്തിലില്ലെങ്കില്‍ സ്വത്തുവകകളുടെ നാശവും സാധാരണ പൗരന്‍മാരുടെ മരണവും സംഭവിക്കും. ഇത് കൂടുതല്‍ വിപരീത ഫലമാകും ഉളവാക്കുക. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പിന്‍തുണയും ഇതോടെ ഇല്ലാതായേക്കും.

ഒസാമ ബിന്‍ ലാദനെ ഉന്നംവെച്ച് പാക്കിസ്ഥാനിലെ അബട്ടാബാദില്‍ നടത്തിയ ലക്ഷ്യ കേന്ദ്രീകൃത ആക്രമണത്തില്‍ യുഎസ് വിജയിച്ചിരുന്നു. ഇസ്രയേല്‍ പല സന്ദര്‍ഭങ്ങളിലും ഗാസയില്‍ ഇത്തരം ആക്രമണങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. എന്നാല്‍ മുംബൈ ആക്രമണത്തിനുശേഷം അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം കെ നാരായണന്‍ യുഎസ് മാതൃകയില്‍ ഇന്ത്യ ലക്ഷ്യ കേന്ദ്രീകൃത ആക്രമണങ്ങള്‍ നടത്തുന്നതിനെ അനുകൂലിച്ചില്ല. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ഇത്തരമൊരു തിരിച്ചടി നല്‍കണമെന്ന പക്ഷക്കാരനാണ്. എന്നാല്‍ ആഗോള പിന്തുണയും കൃത്യമായ വിവരങ്ങളും അനുയോജ്യമായ സമയവും ഇതിന് ആവശ്യമാണ്. എന്നെപ്പോലുള്ളൊരു മാധ്യമപ്രവര്‍ത്തകന് ഇത് പറയാന്‍ എളുപ്പമാണ്. എന്നാല്‍ പ്രാവര്‍ത്തിക തലത്തില്‍ അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണിതെന്ന് സംശയമില്ല.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Categories: FK Special, Slider