ഇടപാട് തുകയ്ക്ക് സൗദിയിലും യൂറോപ്പിലും നിക്ഷേപത്തിനൊരുങ്ങി കിംഗ്ഡം ഹോള്‍ഡിംഗ്

ഇടപാട് തുകയ്ക്ക് സൗദിയിലും യൂറോപ്പിലും നിക്ഷേപത്തിനൊരുങ്ങി കിംഗ്ഡം ഹോള്‍ഡിംഗ്

വരും ആഴ്ചകളില്‍ അന്തിമ തീരുമാനമുണ്ടാകും

ദുബായ്: ദുബായിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീമിലെ ഓഹരികള്‍ യുബറിന് വിറ്റ കിംഗ്ഡം ഹോള്‍ഡിംഗ് ആ തുക സൗദി അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 600 മില്യണ്‍ ഡോളറിന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കും.

പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ ഉടമലസ്ഥതയിലുള്ള സൗദിയിലെ വന്‍കിട നിക്ഷേപക കമ്പനിയായ കിംഗ്ഡം ഹോള്‍ഡിംഗ് കഴിഞ്ഞ ആഴ്ചയാണ് കരീമിലെ ഓഹരികള്‍ യുബറിന് വിറ്റത്. 3.1 ബില്യണ്‍ ഡോളറിനായിരുന്നു ഇടപാട്. 150 മില്യണ്‍ ഡോളര്‍ പണമായും 182 മില്യണ്‍ ഡോളര്‍ യുബര്‍ ടെക്‌നോളജീസില്‍ ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രവുമായാണ് കിംഗ്ഡം ഹോള്‍ഡിംഗിന് ലഭിച്ചത്.

ഈ തുക ഉപയോഗിച്ച് സൗദിയിലും യൂറോപ്പിലുമുള്ള അഞ്ചോളം കമ്പനികളില്‍ നിക്ഷേപം നടത്താനാണ് കമ്പനി ഇപ്പോള്‍ ആലോചിക്കുന്നത്. വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് സിഇഒ തലാല്‍ ഇബ്രാഹിം അല്‍ മൈമാന്‍ പറഞ്ഞു. എല്ലാ പണവും ഒറ്റയടിക്ക് നിക്ഷേപം നടത്തില്ലെന്നും വായ്പ, ഓഹരികള്‍ തുടങ്ങിയ മാര്‍ഗങ്ങളും നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷേപങ്ങളില്‍ 70 ശതമാനം വരുമാനദായകമായ കമ്പനികളിലും 30 ശതമാനം ടെക്‌നോളജി, വളര്‍ച്ചയുടെ പാതയിലുള്ള കമ്പനികളിലും ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുബറിന്റെ പശ്ചിമേഷ്യന്‍ എതിരാളിയായ കരീമിലെ ആദ്യ നിക്ഷേപകരില്‍ ഒന്നായ കിംഗ്ഡം ഹോള്‍ഡിംഗിന് യുബറിന്റെ മറ്റൊരു എതിരാളിയായ ലിഫ്റ്റിലും 2.98 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്.

Comments

comments

Categories: Arabia