മാര്‍ച്ചില്‍ റെക്കോഡിട്ട് ജിഎസ്ടി; വരുമാനം 1.06 ലക്ഷം കോടി

മാര്‍ച്ചില്‍ റെക്കോഡിട്ട് ജിഎസ്ടി; വരുമാനം 1.06 ലക്ഷം കോടി

കേന്ദ്ര ജിഎസ്ടി 20,353 കോടി രൂപ; സംസ്ഥാന ജിഎസ്ടി 27,520 കോടി; സംയോജിത ജിഎസ്ടി 50,418 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നുള്ള വരുമാനം മാര്‍ച്ചില്‍ റെക്കോഡ് ഉയരത്തിലെത്തി. 1.06 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം നികുതിയായി പിരിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി നേട്ടമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി വന്‍ ഇളവുകള്‍ നല്‍കിയിട്ടും ജിഎസ്ടി വരുമാനത്തില്‍ വളര്‍ച്ച ദൃശ്യമാകുന്നത് സര്‍ക്കാരിനെ ആവേശത്തിലാക്കിയിട്ടുണ്ട്.

2019 മാര്‍ച്ചിലെ അറ്റ ജിഎസ്ടി വരുമാനം 1,06,577 കോടി രൂപയാണ്. ഇതില്‍ 20,353 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി), 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (എസ്ജിഎസ്ടി), 50,418 കോടി രൂപ സംയോജിത ജിഎസ്ടിയും (ഐജിഎസ്ടി) ആണ്. സെസ് ഇനത്തില്‍ 8,286 കോടി രൂപയും (ഇറക്കുമതിയില്‍ നിന്ന് 891 കോടി രൂപ ഉള്‍പ്പെടെ) ലഭിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഏപ്രില്‍, ഒക്‌റ്റോബര്‍, ജനുവരി, മാര്‍ച്ച് എന്നിവ ഒഴികെയുള്ള മാസങ്ങളില്‍ ജിഎസ്ടിയില്‍ നിന്നുള്ള നികുതി വരുമാനം, പ്രതിമാസ ലക്ഷ്യമായ ഒരു ലക്ഷം കോടി രൂപയിലും താഴെയായിരുന്നു. നിരക്ക് വെട്ടിക്കുറയ്ക്കലും, പ്രവര്‍ത്തനസംബന്ധമായ തടസങ്ങളുമായിരുന്നു ഇതിന് കാരണം. ഇടക്കാല ബജറ്റിലാണ് ജിഎസ്ടി വരുമാന ലക്ഷ്യം ഒരു ലക്ഷം കോടിയായി സര്‍ക്കാര്‍ താഴ്ത്തിയിരുന്നത്.

Categories: Business & Economy, Slider
Tags: GST