ഗോലാന്‍:അമേരിക്കന്‍ നിലപാടിനെതിരെ യുഎന്‍ സുരക്ഷാസമിതി പ്രമേയം ആവശ്യപ്പെടാന്‍ അറബ് ലീഗ് തീരുമാനം

ഗോലാന്‍:അമേരിക്കന്‍ നിലപാടിനെതിരെ യുഎന്‍ സുരക്ഷാസമിതി പ്രമേയം ആവശ്യപ്പെടാന്‍ അറബ് ലീഗ് തീരുമാനം

ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഇറങ്ങിപ്പോയി

ട്യൂണിസ്: ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ അധീശത്വം അംഗീകരിക്കുന്ന അമേരിക്കന്‍ നിലപാടിനെ ഐക്യരാഷ്ട്രയില്‍ വെല്ലുവിളിക്കാന്‍ അറബ് ലീഗ് തീരുമാനം. അമേരിക്കയുടെ നിലപാടിനെതിരായി യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം ആവശ്യപ്പെടാന്‍ അറബ് ലീഗ് തീരുമാനിച്ചു. അതേസമയം ട്യൂണിസിലെ അറബ് ലീഗ് ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍ ഇറങ്ങിപ്പോയി.

ഗോലാന്‍ വിഷയത്തിലെ അമേരിക്കന്‍ ഇടപെടലിനെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റ് അറബ് രാഷ്ട്രത്തലവന്മാരും നിശിതമായി വിമര്‍ശിച്ചു. വിഷയത്തില്‍ അമേരിക്കയുടെ പാത പിന്തുടരുന്ന രാജ്യങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുന്നതായും ഉച്ചകോടിയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറബ് ലീഗ് രാഷ്ട്രങ്ങള്‍ അറിയിച്ചു. അതേസമയം സുരക്ഷാസമിതിയില്‍ അമേരിക്കയ്ക്ക് വീറ്റോ അധികാരം ഉള്ളതിനാല്‍ അമേരിക്കയുടെ വിവാദ നിലപാടിനെതിരെ പ്രമേയം ആവശ്യപ്പെടാനുള്ള അറബ് രാഷ്ട്രങ്ങളുടെ തീരുമാനം പാസാകാന്‍ ഇടയില്ല.

തര്‍ക്കഭൂമിയായ ഗോലാന്‍ കുന്നുകളില്‍ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായി സൗദി അറേബ്യയും യുഎഇയുമടക്കം നിരവധി രാജ്യങ്ങള്‍ രംഗത്ത് വരികയും ചെയ്തു. 1967ല്‍ ഇസ്രായേല്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്ത അനേകം ഭൂപ്രദേശങ്ങളില്‍ ഒന്നാണ് ഗോലാന്‍ കുന്നുകള്‍. ഈ പ്രദേശം ഇസ്രായേല്‍ തിരിച്ച് നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയും മറ്റ് രാജ്യാന്തര സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ട് വരികയാണ്. ഇതിനിടയ്ക്കാണ് ഈ മേഖലയെ ഇസ്രായേല്‍ ഭൂമിയായി അംഗീകരിക്കുന്നുവെന്ന് അമേരിക്ക വിവാദ നിലപാടെടുത്തത്.

അമേരിക്കയുടെ നിലപാടിനെ ഗള്‍ഫ് രാഷ്ട്രങ്ങളായ സൗദി അറേബ്യയും യുഎഇയും നേരത്തെ തള്ളിയിരുന്നു. ഐക്യരാഷട്രസഭ സുരക്ഷാസമിതിയുടെ 1967 ലെ നിയമത്തിന്റെ ലംഘനമാണ് അമേരിക്കയുടേതെന്ന് യുഎഇ പാര്‍ലമെന്റ് കുറ്റപ്പെടുത്തി. അറബ് മേഖലയുടെ ആകെ സമാധാനം തകര്‍ക്കുന്നതാണ് അമേരിക്കയുടെ നിലപാടെന്നും യുഎഇ വിമര്‍ശിച്ചു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗവും നേരത്തെ യുഎസ് നിലപാടിനെതിരെ പ്രതിഷധം അറിയിച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ നേരത്തെ നിശ്ചയിച്ചിരുന്ന പ്രസംഗം ഒഴിവാക്കി ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി അപ്രതീക്ഷിതമായി അറബ് ഉച്ചകോടിക്കിടെ വേദി വിട്ടു. ഖത്തര്‍ അമീറിന്റെ പെട്ടന്നുള്ള ഇറങ്ങിപ്പോക്കില്‍ ഖത്തര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുള്‍ ഗെയ്ത് അറബ് ലീഗിലെ സൗദി നേതൃത്വത്തെ പുകഴ്ത്തി സംസാരിച്ചയുടനെ ഖത്തര്‍ അമീര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോകുന്നതായി ഉച്ചകോടിയുടെ ടെലിവിഷന്‍ ചിത്രീകരണത്തില്‍ വ്യക്തമാണ്. തീവ്രവാദ ബന്ധം ആരോപിച്ച് 2017ല്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തതിന് ശേഷം ഇതാദ്യമായിട്ടാണ് ഖത്തര്‍, സൗദി അറേബ്യ രാഷ്ട്രത്തലവന്മാര്‍ അറബ് ലീഗ് ഉച്ചകോടിയില്‍ ഒന്നിച്ച് പങ്കെടുത്തത്.

ഖത്തര്‍ അമീറിന്റെ ഇറങ്ങിപ്പോക്ക് അറബ് മേഖലയുടെ ഒന്നിപ്പിനുള്ള സാധ്യതയ്ക്ക് കൂടിയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. അറബ് ലോകത്തിന് വെല്ലുവിളിയാകുന്ന പ്രാദേശിക പ്രശ്‌നങ്ങളില്‍ നിലനില്‍ക്കുന്ന വിരുദ്ധാഭിപ്രായങ്ങളിലും ശത്രുതാനിലപാടുകളിലും പരിഹാരം കണ്ടെത്തണമെന്ന ലക്ഷ്യവും അറബ് ലീഗിന് ഉണ്ടായിരുന്നു. ലിബിയ, സിറിയ,യെമന്‍, പാലസ്തീനിന്റെ ഭാവി എന്നീ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തി അഭിപ്രായ ഐക്യമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഈ വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ ഉച്ചകോടിക്ക് സാധിച്ചില്ല. എന്നാല്‍ ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ഉച്ചകോടിക്കായി.

ഗോലനിലെ സിറിയന്‍ പരമാധികാരത്തില്‍ കൈകടത്തുന്ന ഏത് നിലപാടുകളെയും പൂര്‍ണ്ണമായും തള്ളിക്കളയുമെന്ന് സൗദി രാജാവ് വ്യക്തമാക്കി. സിറിയയുടെ സുരക്ഷയും ഐക്യവും പരമാധികാരവും ഉറപ്പ് നല്‍കുന്ന ജനീവ കരാറിനെയും സുരക്ഷാ സമിതി പ്രമേയം 2254നെയും അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയപരമായ ഒത്തുതീര്‍പ്പാണ് സിറിയന്‍ പ്രതിസന്ധിയില്‍ വേണ്ടതെന്നും സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

അറബ് മേഖലയെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കേണ്ടത് വളരെ അടിയന്തരമാണെന്ന് ടുണീഷ്യന്‍ പ്രസിഡന്റ് ബെയ്ജ് കെയ്ദ് എസ്സെബ്‌സി പറഞ്ഞു. സംയുക്ത അറബ് നടപടി ആവശ്യപ്പെടുന്ന അടിയന്തര വിഷയം പാലസ്തീന്‍ പ്രശ്‌നമാണെന്നും ഇക്കാര്യം അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രായേലില്‍ നിന്ന് തുടര്‍ന്നും വളരെ മോശം നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും ഭാവി ഇടപെടലുകളില്‍ അറബ് മേഖലയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

സിറിയയെ അബ് ലീഗില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉച്ചകോടിയില്‍ തീരുമാനമുണ്ടായില്ല. 2011ലാണ് അറബ് ലീഗില്‍ സിറിയയ്ക്കുള്ള അംഗത്വം താത്കാലികമായി റദ്ദ് ചെയ്തത്. സിറിയയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ 22 അംഗരാഷ്ട്രങ്ങള്‍ക്കിടെ സമവായമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Comments

comments

Categories: Arabia
Tags: Golan