കോണ്‍ഗ്രസുമായി ബന്ധമുള്ള പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

കോണ്‍ഗ്രസുമായി ബന്ധമുള്ള പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകളും എക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു.

വിശ്വസനീയമല്ലാത്തതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പേജുകളും എക്കൗണ്ടുകളുമാണു നീക്കം ചെയ്തതെന്നു ഫേസ്ബുക്ക് അറിയിച്ചു. 300 ദശലക്ഷം യൂസര്‍മാരുള്ള ഇന്ത്യയില്‍ ഫേസ്ബുക്ക് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്. അതും ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പേജുകളാണു നീക്കം ചെയ്തിരിക്കുന്നത്. വ്യാജ എക്കൗണ്ടുകള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു ഫേസ്ബുക്ക് അറിയിച്ചു. ഉള്ളടക്കം അഥവാ കണ്ടന്റ് വ്യാപിപ്പിക്കാനും, ഷെയര്‍, കമന്റ്, ലൈക്ക് ഉള്‍പ്പെടെയുള്ള എന്‍ഗേജുമെന്റുകള്‍ വര്‍ധിപ്പിക്കാനും നിരവധി ഗ്രൂപ്പുകള്‍ ഫേസ്ബുക്കില്‍ രൂപീകരിച്ചിരുന്നതായി കണ്ടെത്തിയെന്നു ഫേസ്ബുക്ക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണു വ്യാജ എക്കൗണ്ടിലും, പേജിലും വ്യാപിപ്പിക്കാന്‍ ശ്രമിച്ചതെന്നു ഫേസ്ബുക്ക് പറഞ്ഞു. ആക്ഷേപങ്ങളടങ്ങുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ അവരുടെ യഥാര്‍ഥ വ്യക്തിത്വം മറച്ചു പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരിശോധനയില്‍ അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ടവരാണെന്നു മനസിലാക്കുവാന്‍ സാധിച്ചതായി ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി ഹെഡ് നഥാനിയല്‍ ഗ്ലെയ്ഷര്‍ പറഞ്ഞു. ഇന്ത്യയില്‍ പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഈ മാസം 11ന് ആരംഭിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മേയ് 19ന് അവസാനിക്കും.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പേജുകള്‍ക്കു പുറമേ, ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും 103 പേജുകളും, ഗ്രൂപ്പുകളും, എക്കൗണ്ടുകളും സംഘടിതമായി, വിശ്വസനീയമല്ലാത്ത പെരുമാറ്റം നടത്തുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു. ഇവ പാകിസ്ഥാനില്‍നിന്നും രൂപമെടുത്തതാണ്.

Comments

comments

Categories: FK News
Tags: Congress