ഗോയലിനെയും ഇത്തിഹാദിനെയും പുറത്താക്കാന്‍ എസ്ബിഐയുടെ പദ്ധതി

ഗോയലിനെയും ഇത്തിഹാദിനെയും പുറത്താക്കാന്‍ എസ്ബിഐയുടെ പദ്ധതി

പുതിയ രണ്ട് നിക്ഷേപകര്‍ വഴി 5,135 കോടി രൂപ സമാഹരിക്കും; ആകെ സമാഹരിക്കുക 9,535 കോടി

മുംബൈ: കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി കമ്പനിയുടെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്ത്. മൊത്തം 9,535 കോടി രൂപയുടെ ഫണ്ട് ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ജെറ്റിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലിനെയും വിദേശ പങ്കാളിയായിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സിനെയും പൂര്‍ണമായും പുറത്താക്കാന്‍ ലക്ഷ്യമിട്ടു കൂടിയുള്ളതാണ് പദ്ധതി.

പേര് വെളിപ്പെടുത്താത്ത രണ്ട് നിക്ഷേപകരുടെ ഇക്വിറ്റി ഉള്‍ച്ചേര്‍ക്കലായി 3,800 കോടി രൂപ, എസ്ബിഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ വായ്പാദാതാക്കളുടെ ഇക്വിറ്റി ഉള്‍ച്ചേര്‍ക്കലായി 850 കോടി രൂപ, പൊതു ഓഹരിയുടമസ്ഥരുടെ വക 485 കോടി രൂപ (ബാങ്കുകളിലൂടെയുള്ള റൈറ്റ്‌സ് ഇഷ്യു വഴിയാണ് ഇത് നേടിയെടുക്കുക), 2,400 കോടി രൂപയുടെ അധിക കടം, 2,000 കോടി രൂപയുടെ ഫണ്ട് ഇതര അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ സമാഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആഭ്യന്തര വായ്പാദാതാക്കള്‍ ജെറ്റിന് നല്‍കിയ വായ്പ ഇളവു ചെയ്തുകൊടുക്കല്‍, വായ്പാദാതാക്കള്‍ക്ക് വേണ്ടി ആസ്തി മൂല്യം കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളും ശുപാര്‍ശ ചെയ്യുന്നുണ്ട്.

ജെറ്റ് എയര്‍വേയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയല്‍ രാജി വെക്കുകയാണെങ്കില്‍ 1,500 കോടി രൂപ കമ്പനിക്ക് നല്‍കാമെന്നാണ് കഴിഞ്ഞ മാസം വായ്പാദാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. ഗോയലും ഭാര്യ അനിതയും ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ച സാഹചര്യത്തില്‍ ഈ തുകയും വിമാനക്കമ്പനിക്ക് ലഭിക്കും. ഗോയലിന് 51 ശതമാനവും ഇത്തിഹാദിന് 24 ശതമാനവും ഓഹരിയുടമസ്ഥതയാണ് ജെറ്റിലുണ്ടായിരുന്നത്. കരാര്‍ പ്രകാരം ഇത്തിഹാദിന്റെ ഓഹരികള്‍ 12 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. ഗോയലിനെയും ഇത്തിഹാദിനെയും പൂര്‍ണമായും പുറത്താക്കിയതിന് ശേഷം വായ്പാദാതാക്കള്‍ നിയമിക്കുന്ന സ്വതന്ത്ര ട്രസ്റ്റികളായിരിക്കും കമ്പനിയെ നിയന്ത്രിക്കുക. ജെറ്റിന്റെ ഓഹരികള്‍ ട്രസ്റ്റിലായിക്കഴിഞ്ഞാല്‍, ഓഹരിക്ക് 150 രൂപ നിരക്കിലെന്ന തരത്തിലുള്ള റൈറ്റ്‌സ് ഇഷ്യു വഴി ഇക്വിറ്റി ഉള്‍ച്ചേര്‍ക്കലിന്റെ രൂപത്തില്‍ 5,135 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കും.

Categories: FK News, Slider