പ്രമേഹരോഗികളില്‍ നേത്രാന്തരപടല രോഗങ്ങള്‍ ഉറപ്പ്

പ്രമേഹരോഗികളില്‍ നേത്രാന്തരപടല രോഗങ്ങള്‍ ഉറപ്പ്

പ്രമേഹരോഗികളില്‍ ഗുരുതരമായ നേത്രരോഗങ്ങള്‍ സ്വാഭാവികമെന്ന് വൈദ്യശാസ്ത്രം. പ്രമേഹരോഗം കാഴ്ചയെ തകരാറിലാക്കുകയും ദീര്‍ഘകാലം ഈ നില തുടര്‍ന്നാല്‍ കാഴ്ച മങ്ങുന്നതിലേക്കും നിത്യാന്ധതയിലേക്കും നയിക്കുകയും ചെയ്യുന്നു. പ്രമേഹം നിശബ്ദമായി കാഴ്ച ഇല്ലാതാക്കുമ്പോള്‍, നല്ല രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയവര്‍ പോലും റെറ്റിനോപ്പതി പോലെയുള്ള പ്രമേഹരോഗങ്ങള്‍ക്ക് ഇരയാകാം. കൃത്യമായ നേത്രപരിശോധന റെറ്റിനോപ്പതി കൂടുതല്‍ വഷളാക്കാതിരിക്കാന്‍ സഹായിക്കും. പ്രമേഹം നല്ല നിയന്ത്രണത്തിലാണെങ്കില്‍ പോലും, റെറ്റിനോപ്പതി ഏത് ഘട്ടത്തിലും വരാന്‍ സാധ്യതയുണ്ട്. ഇത് കാഴ്ചയെ ദുര്‍ബലമാക്കും. ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുകയാണ് ഇത് ഒഴിവാക്കുന്നതിനുള്ള ഏക പോംവഴി. അതിനാല്‍ പ്രമേഹരോഗികള്‍ കണ്ണുകള്‍ കൂടെക്കൂടെ പരിശോധിക്കേണ്ടതുണ്ട്. നാഗ്പുരില്‍ നടന്ന നേത്രവിദഗ്ധരുടെ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. സമ്മേളനത്തില്‍ 200 ഡോക്റ്റര്‍മാര്‍ പങ്കെടുത്തു. പിഡിയാട്രിക് റെറ്റിനല്‍ ശസ്ത്രക്രിയ, പുതിയ വിദഗ്ധപ്രമേഹ ചികില്‍സാരീതികള്‍, നേത്രാന്തരപടല രോഗനിര്‍ണയം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ചര്‍ച്ചചെയ്തു. റെറ്റിനയുമായി ബന്ധപ്പെട്ട വൈകല്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചു നിരവധി ശാസ്ത്രീയ സെഷനുകളും നടത്തി. പ്രമേഹം ബാധിച്ചവരിലും ജനന വൈകല്യങ്ങള്‍ ബാധിച്ച ശിശുക്കളിലും അപകടങ്ങള്‍ മൂലം യുവാക്കളിലുമാണ് നേത്രാന്തരപടലരോഗങ്ങള്‍ കാണപ്പെടാറുള്ളത്. നേതൃരോഗങ്ങള്‍ ഭാവിയിലെ മറ്റു ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനയാണ്. അതിനാല്‍ രോഗത്തിന്റെ ഓരോ ഘട്ടത്തിലും ഇത് ഗൗരവമായി എടുക്കണം.

ഗ്ലോക്കോമ ബോധവല്‍ക്കരണ പരിപാടികള്‍ രാജ്യത്ത് ഫലപ്രദമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് നടത്തേണ്ടത് നേത്രദാന ബോധവല്‍ക്കരണമാണ്. ഇതിനു വേണ്ട പരിപാടികള്‍ സംഘടിപ്പിച്ചു വരുകയാണ്. പ്രമേഹ രോഗം ഇന്ത്യയിലെ ഏറ്റവും ഗുരുതര ഭീഷണിയാണ്. അതിനാല്‍ പ്രമേഹരോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നേത്രരോഗങ്ങളെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Categories: Health