കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കണം

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കണം

ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് ചൈനയെ അപേക്ഷിച്ച് വളരെ കൂടുതലാണന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്

ലോകത്തിലെ പ്രധാന ഊര്‍ജ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ഇലക്ട്രിക് വിപ്ലവത്തിന് സജ്ജമാകുന്ന പ്രക്രിയയിലാണ് രാജ്യമെങ്കിലും ഇന്ധന ആവശ്യകതയില്‍ പറയത്തക്ക കുറവൊന്നും വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ പാരിസ് കേന്ദ്രമാക്കിയ അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് രാജ്യം ഭരിക്കുന്നവര്‍ അല്‍പ്പം ഗൗരവത്തില്‍ തന്നെ എടുക്കേണ്ടതുണ്ട്.

2017നെ അപേക്ഷിച്ച് 2018ല്‍ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്കില്‍ 4.8 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്ന് ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തിലെ വര്‍ധനയാണ് ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കൂടുന്നതിന് കാരണം. പുനരുപയോഗ ഊര്‍ജശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ പദ്ധതിയിട്ടതുനസരിച്ചുള്ള ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സമയപരിധിക്കുള്ളില്‍ സാധിച്ചേക്കില്ല. വൈദ്യുതോല്‍പ്പാദനത്തിന് കൂടുതലായും രാജ്യം ഉപയോഗപ്പെടുത്തുന്നത് കല്‍ക്കരിയാണ്. ഗതാഗതസംവിധാനങ്ങള്‍ക്കാകട്ടെ എണ്ണയും. ഇതില്‍ കാര്യമായ കുറവ് വന്നെങ്കില്‍ മാത്രമേ കാര്‍ബണ്‍ പുറന്തള്ളലില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

പുതിയ കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കാനും എണ്ണ ഇറക്കുമതി കൂട്ടാനുമെല്ലാം രാജ്യം ഇപ്പോഴും ശ്രമിക്കുന്നുണ്ട്. ഇവ രണ്ടിനും പകരം വെക്കാവുന്ന തരത്തില്‍ സമാന്തര ഊര്‍ജസ്രോതസുകളുടെ വ്യാപനം സാധ്യമാകാത്തതാണ് സര്‍ക്കാരിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്.

പുരോഗതിയിലേക്ക് നീങ്ങുന്ന പല രാജ്യങ്ങളും കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജോല്‍പ്പാദനം വെട്ടിച്ചുരുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, പ്രകൃതിക്ക് ഭീഷണിയായ ഈ ഊര്‍ജ സ്രോതസില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്രവണത ഇനിയും ശക്തമായി നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നത് നമുക്ക് അപമാനകരമാണ്. ഈ ഊര്‍ജസ്രോതസ്സിനെ ആശ്രയിക്കാതെ തന്നെ ആവശ്യതകള്‍ നിറവേറ്റാമെന്ന് മികച്ച രീതിയില്‍ ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യം കൈക്കൊള്ളേണ്ടത്.

വിവിധ ആഗോള സംഘടനകള്‍ പുറത്തുവിട്ട പഠനഫലങ്ങള്‍ അനുസരിച്ച് ജനുവരി 2016 മുതല്‍ ജനുവരി 2017 വരെയുള്ള കാലയളവില്‍ കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോര്‍ജ ഉല്‍പ്പാദനത്തില്‍ ലോകത്ത് കുറവ് സംഭവിക്കുകയാണുണ്ടായിട്ടുള്ളത്. കല്‍ക്കരിയില്‍ നിന്ന് പുനരുപയോഗ ഊര്‍ജസ്രോതസ്സുകളിലേക്ക് മാറുകയെന്ന പൊതു പ്രവണതായണ് ഇന്ന് ലോകത്താകമാനം കണ്ടുവരുന്നത്. ചൈനയിലും ഇന്ത്യയിലും മാത്രമായി 68 ഗിഗാവാട്ട് അധിക കല്‍ക്കരി ശേഷിയാണ് ഇക്കാലയളവില്‍ ഇല്ലാതായതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ചില്‍ ഒരു ശതമാനം വരുമിത്. ഇരുരാജ്യങ്ങളിലും മൊത്തമുള്ള 100 സൈറ്റുകളിലാണ് ഇത്രയും ഗിഗാവാട്ട് ഉല്‍പ്പാദന ശേഷി വെട്ടിക്കുറച്ചത്. ഇതില്‍ 13 സൈറ്റുകള്‍ ഇന്ത്യയിലാണ്.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ആഗോള നിക്ഷേപകരുമെല്ലാം കല്‍ക്കരി അധിഷ്ഠിത കമ്പനികള്‍ക്ക് ധനസഹായം നല്‍കുന്നതിന് അത്ര ഉല്‍സാഹം കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പ്രകൃതി സൗഹൃദ വ്യവസായങ്ങളിലേക്ക് തിരിയുകയാണ് സംരംഭകത്വത്തിന്റെയും ലോകത്തിന്റെയും ഭാവിക്ക് നല്ലത്.

Categories: Editorial, Slider