പിഎസ്എയുടെ ഇവി ബ്രാന്‍ഡായി അംബാസഡര്‍ തിരിച്ചെത്തും

പിഎസ്എയുടെ ഇവി ബ്രാന്‍ഡായി അംബാസഡര്‍ തിരിച്ചെത്തും

അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പിഎസ്എ ഗ്രൂപ്പ്. ഇലക്ട്രിക് കാറുകള്‍ 2022 നുശേഷം വിപണിയിലെത്തും

ന്യൂഡെല്‍ഹി : അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യന്‍ വിപണിയില്‍ മാത്രമായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. പിഎസ്എ ഗ്രൂപ്പിലെ പുതിയ ബ്രാന്‍ഡാണ് അംബാസഡര്‍. പ്യൂഷോ, ഡിഎസ്, സിട്രോണ്‍, ഓപല്‍, വോക്‌സ്ഹാള്‍ തുടങ്ങിയവയാണ് പിഎസ്എ ഗ്രൂപ്പിനുകീഴിലെ മറ്റ് ബ്രാന്‍ഡുകള്‍. 2017 ഓഗസ്റ്റില്‍ ജനറല്‍ മോട്ടോഴ്‌സില്‍നിന്നാണ് ഓപല്‍, വോക്‌സ്ഹാള്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തത്.

സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വരുമെന്ന് പിഎസ്എ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സിട്രോണ്‍ മോഡലായ സി5 എയര്‍ക്രോസ് നാളെയാണ് (ഏപ്രില്‍ 3) അനാവരണം ചെയ്യുന്നത്. എന്നാല്‍ 2021 ല്‍ മാത്രമായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അംബാസഡര്‍ ബ്രാന്‍ഡ് ഇലക്ട്രിക് കാറുകള്‍ 2022 നുശേഷം വിപണിയിലെത്തിക്കും. അംബാസഡര്‍ ബ്രാന്‍ഡിന് സ്വന്തമായി ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇതിനുമുന്നേ ഇന്ത്യയിലെത്തുന്ന സിട്രോണ്‍ ബ്രാന്‍ഡിന് പൂര്‍ണ്ണ തോതിലുള്ള ഡീലര്‍ഷിപ്പ് ശൃംഖല ഉണ്ടായിരിക്കും.

അംബാസഡര്‍ ബ്രാന്‍ഡില്‍ ആദ്യം കോംപാക്റ്റ് എസ്‌യുവി അല്ലെങ്കില്‍ ക്രോസ്ഓവര്‍ കാര്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിക്കും. സിട്രോണ്‍ ബ്രാന്‍ഡിലെ സമാന വലുപ്പമുള്ള ഐസിഇ (ആന്തരിക ദഹന എന്‍ജിന്‍) കാറുകളുടെ പ്ലാറ്റ്‌ഫോമും ചില ഘടകങ്ങളും ഈ രണ്ട് മോഡലുകളിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ചെലവുകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വില്‍പ്പന ആരംഭിച്ച് ആദ്യ സാമ്പത്തിക പാദത്തില്‍തന്നെ അംബാസഡര്‍ ബ്രാന്‍ഡ് ലാഭവഴിയില്‍ എത്തണമെന്ന് പിഎസ്എ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നു.

ഇലക്ട്രിക് കാറുകളുടെ മല്‍സരയോട്ടമായ ഫോര്‍മുല ഇ ചാംപ്യന്‍ഷിപ്പുകളില്‍ 2015-16 മുതല്‍ പിഎസ്എ ഗ്രൂപ്പ് പങ്കെടുത്തുവരുന്നു. മല്‍സരങ്ങളില്‍നിന്ന് പഠിച്ച പാഠങ്ങള്‍ അബാസഡര്‍ ബ്രാന്‍ഡില്‍ ഇലക്ട്രിക് കാറുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഉപകരിക്കും. യൂറോപ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ഗ്രൂപ്പിനുകീഴിലെ പ്രീമിയം ബ്രാന്‍ഡായ ഡിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ-ടെന്‍സ് എന്ന ബാഡ്ജിലായിരിക്കും ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നത്. ഡിഎസ്3 ക്രോസ്ബാക്ക് ഇ-ടെന്‍സ് ആയിരിക്കും ആദ്യ മോഡല്‍. 330 കിലോമീറ്ററായിരിക്കും ഡ്രൈവിംഗ് റേഞ്ച്. സമാനമായ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ അംബാസഡര്‍ ക്രോസ്ഓവറിന് നല്‍കിയേക്കും.

തുടക്കത്തില്‍ ഇന്ത്യയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും 2023 മുതല്‍ അംബാസഡര്‍ ബ്രാന്‍ഡ് കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യം ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തിവരികയാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ബ്രാന്‍ഡിനോടുള്ള താല്‍പ്പര്യവും ഗൃഹാതുരതയും പിഎസ്എ ഗ്രൂപ്പ് കാശാക്കി മാറ്റും.

2017 ഫെബ്രുവരിയില്‍ 80 കോടി രൂപ നല്‍കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍നിന്ന് അംബാസഡര്‍ ബ്രാന്‍ഡ് വാങ്ങിയത്. അതേസമയം വാഹനങ്ങളും എന്‍ജിനുകളും നിര്‍മ്മിക്കുന്നതിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സും പിഎസ്എ ഗ്രൂപ്പും രണ്ട് സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചു. 700 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തി. പുതിയ കാറുകള്‍ അസംബിള്‍ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി പിഎസ്എ ഗ്രൂപ്പും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഫിനാന്‍സ് കോര്‍പ്പറേഷനുമാണ് (എച്ച്എംഎഫ്‌സി) ആദ്യത്തെ സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍ മിറ്റ്‌സുബിഷി, ഇസുസു കാറുകള്‍ അസംബിള്‍ ചെയ്യുന്നത് എച്ച്എംഎഫ്‌സിയാണ്. വാഹനഘടകങ്ങളും എന്‍ജിനുകളും നിര്‍മ്മിക്കുന്നതിന് ആവ്‌ടെക് ലിമിറ്റഡുമായാണ് രണ്ടാമത്തെ സംയുക്ത സംരംഭം ആരംഭിച്ചത്.

Comments

comments

Categories: Auto
Tags: Ambassodor