രണ്ടു മാസത്തെ വിശ്രമത്തിന് പ്രതിഫലം 19, 000 ഡോളര്‍

രണ്ടു മാസത്തെ വിശ്രമത്തിന് പ്രതിഫലം 19, 000 ഡോളര്‍

ഭാരമില്ലായ്മ ബഹിരാകാശയാത്രികരില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് അറിയുക ലക്ഷ്യം

രാവിലെ കിടക്കയില്‍ നിന്ന് ഉറക്കമുണരാന്‍ മടിയുള്ളവരാണ് പലരും. എന്നാല്‍ മടിപിടിച്ചു കിടക്കുന്നത് വരുമാനമാര്‍ഗമാകുന്ന സാഹചര്യം ഒത്തു വന്നാലോ. അത്തരമൊരു കൗതുകകരമായ ജോലിവാഗ്ദാനമാണ് നാസ മുമ്പോട്ടു വെക്കുന്നത്. ശൂന്യാകാശ യാത്രികരുടെ ഏറ്റവും വലിയ തയാറെടുപ്പാണ് ശരീരഭാരം ഇല്ലാതായി വായുവില്‍ ഒഴുകി നടക്കാന്‍ പരിശീലിക്കുകയെന്നത്. പ്രത്യേക ക്രമീകരണത്തിലൂടെ ഗുരുത്വാകര്‍ഷണം ഇല്ലാതാക്കിയാണ് ഇതിന് ഇവരെ തയാറാക്കുന്നത്. അങ്ങനെ തയാറാക്കുമ്പോള്‍ ശാരീരികമായ വലിയ അസ്വസ്ഥകള്‍ അവര്‍ക്ക് ഉണ്ടാകാറുണ്ട്. ശരീരഭാരം ഇല്ലാതാകുന്നത് മനുഷ്യരുടെ ആരോഗ്യനിലയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 60 ദിവസം കിടക്കയില്‍ വിശ്രമിക്കുകയാണു വേണ്ടത്. പഠനത്തില്‍ പങ്കെടുക്കുന്നതിന് പ്രതിഫലമായി അവര്‍ 16,500 യൂറോ അഥവാ 18,522 ഡോളര്‍ നല്‍കും. ജര്‍മ്മന്‍ഭാഷ അറിയാവുന്ന 24 വയസിനും 55 വയസ്സിനും ഇടയിലുള്ള സ്ത്രീകളെയാണ് ശാസ്ത്രജ്ഞര്‍ തേടുന്നത്. നാസ കമ്മീഷന്‍ ചെയ്ത ജര്‍മ്മന്‍ ഏയ്‌റോ സ്‌പേസ് സെന്ററാണ് പഠനം നടത്തുന്നത്.

ശൂന്യാകാശയാത്രികര്‍ ബഹിരാകാശത്ത് എത്തുമ്പോള്‍, അവരുടെ ഭാരമില്ലായ്മ ശരീരത്തില്‍ ചിലതരം അസാധാരണ പ്രവണതകള്‍ കാണിക്കാറുണ്ട്. ഭാരമില്ലായ്മ എല്ലുകളുടെ കരുത്ത് ഇല്ലാതാക്കും, ഇത് എല്ലുകള്‍ പെട്ടെന്ന് ഒടിയാനിടയാക്കും. നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന ദ്രവങ്ങളില്‍ ഭൂഗുരുത്വം സൃഷ്ടിക്കുന്ന ഒരു പ്രഭാവമാണ് മുകളില്‍ നിന്ന് താഴേക്ക് ഒഴുകുകയെന്നത്. ഗുരുത്വാകര്‍ഷണം ഇല്ലാതാക്കുന്നതോടെ ഈ ദ്രവങ്ങള്‍ വിപരീതദിശയില്‍, അതായത് തലയിലേക്ക് ഒഴുകാനും സാധ്യതയേറെയാണ്. സംപൂര്‍ണമായും കിടക്കയില്‍ത്തന്നെ വിശ്രമിക്കുകയാണ് പരീക്ഷണാര്‍ത്ഥികള്‍ ചെയ്യേണ്ടത്. ഇതിലൂടെ ശരീരഭാരം അനുഭവപ്പെടാതെയിരിക്കുമ്പോള്‍, ശൂന്യാകാശയാത്രികരില്‍ സംഭവിക്കുന്ന ഭാരക്കുറവിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ശാസ്ത്രജ്ഞന്മാര്‍ മറുസങ്കേതങ്ങളൊരുക്കുന്നു. അങ്ങനെ വരുമ്പോള്‍ ബഹിരാകാശ നിലയത്തില്‍ത്തന്നെ സഞ്ചാരികള്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വരില്ല. ഗവേഷകര്‍ ഇതിനായി ചെറിയൊരു അപകേന്ദ്ര ബലം കൃത്രിമമായി സൃഷ്ടിച്ചിട്ടുണ്ട്. ഇത് കൃത്രിമ ഗുരുത്വാകര്‍ഷണം സൃഷ്ടിക്കുകയും ശരീര ദ്രവങ്ങളുടെ വിതരണം സാധാരണ ഗതിയിലാക്കുകയും ചെയ്യുന്നു. ഇത് പരീക്ഷണാര്‍ത്ഥികളില്‍ പ്രയോഗിക്കാനാണ് ഗവേഷകരുടെ പദ്ധതി. ദിവസവും പഠനത്തില്‍ പങ്കെടുക്കുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിനു മേല്‍ ഇത് പരീക്ഷിച്ചുനോക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.

പരീക്ഷണത്തില്‍ പങ്കാളികളാകുന്നവര്‍ എല്ലാ പ്രവര്‍ത്തനങ്ങളും കിടന്നു കൊണ്ടു തന്നെ ചെയ്യേണ്ടി വരും എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഭക്ഷണം കഴിക്കല്‍, ക്ഷൗരം ചെയ്യല്‍, കുളി, വിസര്‍ജ്ജനം എല്ലാം കിടന്നു കൊണ്ടു തന്നെ ചെയ്യണം. ഓരോരുത്തര്‍ക്കും പ്രത്യേക മുറി ഉണ്ടായിരിക്കും, കിടക്കയില്‍ തല വെക്കാന്‍ ആറു ഡിഗ്രി ചരിവ് ഉണ്ടായിരിക്കും. ഭക്ഷണം നല്‍കുന്നതിന് പോഷകാഹാര വിദഗ്ദ്ധരുടെ ഒരു സംഘം ഉണ്ടായിരിക്കും. പരീക്ഷണാര്‍ത്ഥികള്‍ക്ക് ശരീരഭാരം കൂടാന്‍ പാടില്ലാത്തപ്പോള്‍ത്തന്നെ, അവര്‍ക്കാവശ്യമായ പോഷകങ്ങള്‍ കുറഞ്ഞു പോകരുതെന്ന് ഉറപ്പു വരുത്തേണ്ടതിനാലാണിത്. ഗവേഷണത്തില്‍ രണ്ടു റൗണ്ടുകളുണ്ട്. 12 പുരുഷന്മാരും 12 സ്ത്രീകളുമടങ്ങിയ 24 അംഗ സംഘമാണ് ആദ്യബാച്ചിലുള്ളത്. ജര്‍മ്മനിയിലെ കൊളോണിലെ ജര്‍മന്‍ ഏയ്‌റോസ്‌പേസിന്റെ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്‌റോസ്‌പേസ് മെഡിസിനില്‍ 2019 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പരീക്ഷണം നടക്കുക. 2017 ല്‍ നാസ, സമാനപഠനം നടത്തിയിരുന്നു. അതില്‍ 11 പേര്‍ 30 ദിവസമാണ് കിടക്കയില്‍ കഴിഞ്ഞത്.

Comments

comments

Categories: Health
Tags: holidays, Rest