സ്റ്റാര്‍ട്ടപ്പുകളെ വിജയപാതയിലേക്ക് നയിക്കാന്‍ ഒരു ലാബ്

സ്റ്റാര്‍ട്ടപ്പുകളെ വിജയപാതയിലേക്ക് നയിക്കാന്‍ ഒരു ലാബ്

മനോനിലകളെയും വിജയഘടകങ്ങളെയും നാഡീശാസ്ത്ര വിദ്യകള്‍ ഉപയോഗിച്ച് കണ്ടെത്താം

ടെക്‌നോളജി രംഗം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ടെക് രംഗത്തെ പുത്തന്‍ കണ്ടെത്തലുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ബിസിനസുകള്‍ക്കേ ഇന്നത്തെ കാലത്ത് നിലനില്‍പ്പുള്ളൂ. മാറ്റങ്ങളുടെ ലോകത്ത് എങ്ങനെ ബിസിനസ് വിജയകരമായി നടത്തിക്കൊണ്ട് പോകാമെന്ന് കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന പുതിയൊരു ലാബിന് രൂപം നല്‍കിയിരിക്കുകയാണ് ഒരു സംഘം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ചില സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം എന്തുകൊണ്ട് വിജയിക്കുന്നു, ചിലത് എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിന് പിന്നിലെ ശാസ്ത്ര കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത ഈ ലാബ് നാഡീശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ അടുത്തിടെ ആരംഭിച്ച ഫ്യൂച്ചര്‍ മൈന്‍ഡ്‌സ് ലാബ് എന്ന ഈ ലാബില്‍ അടിസ്ഥാന മസ്തിഷ്‌ക ശാസ്ത്രത്തെ കുറിച്ചും കണ്ടുപിടിത്തങ്ങള്‍ക്ക് പിന്നിലെ മനശാസ്ത്രത്തെ കുറിച്ചും പഠിക്കുന്നതിന് ശാസ്ത്രജ്ഞര്‍, ഡിസൈനേഴ്‌സ്, മനശാസ്ത്രജ്ഞര്‍ എന്നിവര്‍ ഉള്‍പ്പെട്ട 20 പേരുടെ സംഘമാണ് ഉള്ളത്. പുത്തന്‍ കണ്ടുപിടിത്തങ്ങളുമായി പൊരുത്തപ്പെടാന്‍ ബിസിനസുകള്‍ക്ക് വേണ്ടി സേവനങ്ങളും ഉല്‍പ്പനങ്ങളും വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. വിജയത്തിന് കാരണമാകുന്ന മസ്തിഷ്‌ക പ്രവര്‍ത്തങ്ങളെയും ശാസ്ത്രവശങ്ങളെയും നാഡീശാസ്ത്ര വിദ്യകള്‍ ഉപയോഗിച്ച് വിലയിരുത്താമെന്നും ഫ്യൂച്ചര്‍ മൈന്‍ഡ്‌സ് ലാബിലെ ശാസ്ത്രജ്ഞനനും വെയ്ല്‍സ് സര്‍വ്വകലാശാലയില്‍ പ്രഫസറുമായ ജോയല്‍ പീയേഴ്‌സണ്‍ പറയുന്നു. നാഡീശാസ്ത്ര രംഗത്തെ മുന്‍നിര കണ്ടെത്തലുകള്‍ മുഖേന വിജയികളായ കമ്പനി സ്ഥാപകരെയും ടീമുകളെയും കമ്പനികളെയും വാര്‍ത്തെടുക്കുന്ന ഘടകം എന്താണെന്ന് കണ്ടെത്താനും സാധിക്കും.

വിര്‍ച്വല്‍ റിയാലിറ്റി റൂമുകള്‍, ടെസ്റ്റിംഗ് സ്റ്റേഷനുകള്‍, തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ന്യൂറോ ഇമേജിംഗ് സാങ്കേതിക ഉപകരണങ്ങള്‍, ഗവേഷണ ഓഫീസുകള്‍ എന്നിവ ഉള്‍പ്പെട്ട 300 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച പ്രത്യേക ലാബാണ് ഫ്യൂച്ചര്‍ മൈന്‍ഡ്‌സ് ലാബ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി കസ്റ്റമൈസ് ചെയ്ത കൊഗ്നിറ്റീവ് ടെസ്റ്റുകളും മനശാസ്ത്ര പരിപാടികളും ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ പരിപാടികളും പ്രത്യേക സജ്ജീകരണങ്ങളുടെ സഹായത്തോടെ ഈ ലാബില്‍ വികസിപ്പിച്ചെടുക്കാറുണ്ട്.

ഗെയിമിഫൈഡ് ഒബ്ജക്റ്റീവ് പരീക്ഷകള്‍, മൊബീല്‍ ബ്രെയിന്‍ മെഷര്‍മെന്റ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സര്‍ഗ്ഗാത്മകത, മനോനിലകളില്‍ നിന്നുള്ള പെട്ടന്നുള്ള പിന്‍വാങ്ങല്‍ പോലുള്ള മാനസികാവസ്ഥകളും കഴിവുകളും ചിന്താ ശീലങ്ങളും അളക്കുന്നതിനുള്ള പരിശോധനകള്‍ക്ക് രൂപം നല്‍കാന്‍ സാധിക്കുമെന്ന് പ്രഫസര്‍ പറയുന്നു.

ഭാവിയില്‍ വൈവിധ്യപൂര്‍ണ്ണമായ കഴിവുകളും സ്വഭാവ സവിശേഷതകളും അളക്കാന്‍ ശേഷിയുള്ള, ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയറിംഗ് ആപ്പുകളും ഉപകരണങ്ങളും ലാബില്‍ വികസിപ്പിക്കാന്‍ സംഘത്തിന് പദ്ധതിയുണ്ട്. സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള നിലവിലെ മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ക്ക് ഈ കണ്ടുപിടിത്തങ്ങള്‍ പുതിയ ദിശയേകും. മനോമാന്ദ്യം,മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വിദ്യകള്‍, പരാജയ ആഘാതം കുറയ്ക്കല്‍ എന്നിവ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപന മേധാവികള്‍ക്കും വേണ്ടി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പീയേഴ്‌സണ്‍ വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: startups

Related Articles