യുകെ വിപണിയിലും തേരോട്ടം നടത്താന്‍ ശോഭ…

യുകെ വിപണിയിലും തേരോട്ടം നടത്താന്‍ ശോഭ…
  • ചൈനയില്‍ പ്രവേശിച്ചതിന് പിന്നാലെ ലണ്ടനിലും ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ച് ശോഭ
  • ആഗോളതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്
  • ഏപ്രില്‍ 30ന് ലണ്ടന്‍ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കും

ദുബായ്: പ്രമുഖ പ്രവാസി സംരംഭകന്‍ പി എന്‍ സി മേനോന്റെ നേതൃത്വത്തിലുള്ള ശോഭ റിയല്‍റ്റി, ലണ്ടനിലും ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ ലണ്ടനിലെ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കും. ആഗോളതലത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള ശോഭ യുകെയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ലണ്ടനിലെ മേഫെയര്‍ ഡിസ്ട്രിക്റ്റിലാണ് ശോഭ ഗ്ലോബല്‍ സ്റ്റുഡിയോ തുടങ്ങുന്നത്.

റിയല്‍റ്റി രംഗത്തെ മികച്ച ബ്രാന്‍ഡുകളിലൊന്നായ ശോഭയുടെ ആഡംബര പദ്ധതികളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് പുതിയ ഓഫീസിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ലണ്ടന്‍ കേന്ദ്രകീരിച്ച് പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡുകളുമായും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കാനും ശോഭയ്ക്ക് പദ്ധതിയുണ്ട്.

ലണ്ടനില്‍ ശോഭ ഗ്ലോബല്‍ സ്റ്റുഡിയോ തുടങ്ങാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. യുകെ പ്രോപ്പര്‍ട്ടി വിപണിയില്‍ സാന്നിധ്യമറിയിക്കുന്നതിന്റെയും ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെയും ഭാഗമായുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണിത്-ശോഭ റിയല്‍റ്റി ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ പറഞ്ഞു.

ലണ്ടന്‍ ഒരു ആഗോള നഗരമാണ്. കഴിഞ്ഞ വര്‍ഷം മാത്രം ബിസിനസിന്റെയും വിനോദത്തിന്റെയും ഭാഗമായി ഏകദേശം 40 ദശലക്ഷം പേരാണ് നഗരത്തിലെത്തിയത്. ലോകത്തിന് മുന്നില്‍ ഞങ്ങളുടെ പദ്ധതികള്‍ കാണിക്കാന്‍ അനുയോജ്യമായ ഇടമാണിത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലേക്കും പ്രവേശിക്കുന്നതായി മാര്‍ച്ച് ആദ്യം ശോഭ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുകെയിലേക്കുള്ള രംഗപ്രവേശം. ഷാംഗ്ഹായില്‍ സെയ്ല്‍സ് ഓഫീസ് തുടങ്ങിയാണ് ചുവപ്പ് കോട്ടയിലേക്കുള്ള വരവ് ശോഭ പ്രഖ്യാപിച്ചത്. ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ചൈനീസ് നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കുന്നതായിരുന്നു ശോഭയുടെ നീക്കത്തിന് കാരണം.

ദുബായ് റിയല്‍റ്റി സംരംഭത്തിന്റെ വമ്പന്‍ പദ്ധതിയായ ശോഭ ഹാട്ട്‌ലാന്‍ഡില്‍ 2019ലെ ആദ്യ രണ്ട് മാസങ്ങളില്‍ വലിയ തോതിലുള്ള ചൈനീസ് നിക്ഷേപമാണ് എത്തിയതെന്ന് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുബായിലെ ശോഭയുടെ പതാകവാഹക പദ്ധതിയാണ് ശോഭ ഹാര്‍ട്ട്‌ലാന്‍ഡ്.

ദുബായ് കനാലിന് സമീപത്താണിത്. 8 ദശലക്ഷം ചതുരശ്രയടിയിലുള്ള വാട്ടര്‍ഫ്രന്റ് പദ്ധതിയാണ് ശോഭ ഹാര്‍ട്ട്‌ലാന്‍ഡ്. ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍, പ്രീമിയം വില്ലകള്‍, ഉന്നത തലത്തിലുള്ള ടൗണ്‍ഹൗസുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ സവിശേഷതകള്‍. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായാണ് ശോഭ ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യം വ്യാപിച്ചുകിടിക്കുന്നത്. ഒമാന്‍ കേന്ദ്രമാക്കിയായിരുന്നു പിഎന്‍സി മേനോന്‍ തന്റെ സംരംഭകജീവിതത്തിന് തുടക്കമിട്ടത്. ഇന്ന് റിയല്‍ എസ്റ്റേറ്റ്, കരാര്‍ നിര്‍മാണം, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങി നിരവധി മേഖലകളില്‍ കമ്പനി സജീവമാണ്.
ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയിലെ ആറ് യുഎഇ പ്രവാസികളില്‍ ഒരാളാണ് പിഎന്‍സി മേനോന്‍. ലോകസമ്പന്നരുടെ പട്ടികയില്‍ 1941ാം സ്ഥാനത്തുള്ള മേനോന്‍ ഇന്ത്യയിലെ സമ്പന്നരില്‍ 78ാം സ്ഥാനത്താണ്. 1.1 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്.

Comments

comments

Categories: FK News
Tags: Sobha realty

Related Articles