ജെറ്റിന്റെ ഓഹരികള്‍ അദാനി വാങ്ങിയേക്കും

ജെറ്റിന്റെ ഓഹരികള്‍ അദാനി വാങ്ങിയേക്കും
  • ടാറ്റക്കും ഇത്തിഹാദിനും ടിപിജിക്കും കടുത്ത വെല്ലുവിളി
  • സ്ഥാനമൊഴിഞ്ഞ ജെറ്റ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഗൗതം അദാനിയുമായി ചര്‍ച്ച നടത്തിയിരുന്നു 
  • വാര്‍ത്തകള്‍ അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചില്ല

ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളുടെ നടത്തിപ്പ് ബിസിനസിലേക്ക് ചുവടുവെച്ചതിന് പിന്നാലെ വിമാന ബിസിനസിലും ഒരു കൈ നോക്കാന്‍ ഗുജറാത്ത് വ്യവസായിയായ ഗൗതം അദാനി. ജെറ്റ് എയര്‍വേയ്‌സിന്റെ ഈ മാസം നടക്കാനിരിക്കുന്ന ഓഹരി ലേലത്തില്‍ പങ്കെടുക്കാനാണ് അനാദി ഗ്രൂപ്പിന്റെ തീരുമാനം. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ലേലത്തിലൂടെ സ്വന്തമാക്കിയ അദാനി, ഏറെ ചിന്തിച്ചുറപ്പിച്ചാണ് വ്യോമയാന രംഗത്ത് സജീവമാകുന്നത്. വിമാനത്താവളങ്ങള്‍ പണമൊഴുക്കി സ്വന്തമാക്കിയ അദാനിയുടെ സാന്നിധ്യം ജെറ്റിന്റെ ഓഹരികള്‍ക്കായുള്ള ലേലത്തെ യുദ്ധസമാനമാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതീവ താല്‍പര്യത്തോടെ രംഗത്തുള്ള ടാറ്റ ഗ്രൂപ്പിനും ടിപിജിക്കും ഇത്തിഹാദ് എയര്‍വേയ്‌സിനും കടുത്ത വെല്ലുവിളിയായിരിക്കും ഗുജറാത്തി വ്യവസായിയുടെ സാന്നിധ്യം. കടക്കെണിയിലായ ജെറ്റിന്റെ ഓഹരി പങ്കാളിയെ കണ്ടെത്താനുള്ള നീക്കം വായ്പാ ദാതാക്കളായ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടത്തി വരികയാണ്. വിമാനക്കമ്പനിയുടെ ലേലത്തില്‍ പങ്കെടുക്കാനുള്ള താല്‍പര്യപത്രം ഈ മാസം ഒന്‍പതിനകമാണ് സമര്‍പ്പിക്കേണ്ടത്. ബിഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്.

അഞ്ച് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടിലെ മാരന്‍ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള സ്‌പൈസ് ജെറ്റില്‍ നിക്ഷേപിക്കാനുള്ള തീരുമാനം വിജയിക്കാതിരുന്ന കാലം മുതല്‍ ലോകത്ത് ഏറ്റവും വേഗം വികസിക്കുന്ന ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ അദാനിയുടെ കണ്ണുണ്ട്. ഫെബ്രുവരിയില്‍ തിരുവനന്തപുരം, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, മംഗലാപുരം, ഗുവാഹാത്തി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ് എതിരാളികളെക്കാള്‍ വന്‍ തുക വാഗ്ദാനം ചെയ്ത് അദാനി സ്വന്തമാക്കി. തുറമുഖങ്ങള്‍, ചരക്ക് നീക്കം, കൃഷി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ പ്രമുഖരായ ഗ്രൂപ്പ് വ്യോമയാന മേഖലയെ അതീവ സാധ്യതയുള്ള ബിസിനസായി കാണാനാരംഭിച്ചതിന്റെ സൂചനയായിരുന്നു ഇത്. 2018 ഫെബ്രുവരിയില്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഡെക്കാണില്‍ അദാനി നിക്ഷേപം നടത്തിയിരുന്നു. ഇത്തിഹാദ് പാലം വലിച്ചതിനെ തുടര്‍ന്ന് ജെറ്റിന്റെ സ്ഥാപകനായ നരേഷ് ഗോയല്‍ തന്നെയാണ് അദാനി ഗ്രൂപ്പുമായും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നത്. വായ്പാ ദാതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗോയലിന് ജെറ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ബോര്‍ഡില്‍ നിന്നും കഴിഞ്ഞയാഴ്ച പടിയിറങ്ങേണ്ടി വന്നിരുന്നു.

8,000 കോടി രൂപയോളം കടത്തിലുള്ള ജെറ്റ് എയര്‍വേയ്‌സ് നിലവില്‍ സ്വന്തമായുള്ള 119 വിമാനങ്ങളില്‍ 35 വിമാനങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. വായ്പാദാതാക്കള്‍ വാഗ്ദാനം ചെയ്ത 1,500 കോടി രൂപ സഹായം ലഭിക്കുന്നതോടെ പാട്ടക്കമ്പനികള്‍ നിലത്തിറക്കിയ 54 വിമാനങ്ങള്‍ കൂടി തിരിച്ചെടുത്ത് സര്‍വീസ് നടത്താനാവുമെന്നാണ് ജെറ്റ് കണക്കുകൂട്ടുന്നത്. ഏപ്രില്‍ അവസാനത്തോടെ 75 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി സിഇഒ വിനയ് ദുബെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഉറപ്പ് കൊടുത്തിട്ടുണ്ട്.

ഉഡാന്‍ ഉത്തേജനം

വിമാനക്കമ്പനികള്‍ പലതും നഷ്ടം കാണിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വ്യോമയാന മേഖലയുടെ അഭൂതപൂര്‍വമായ വളര്‍ച്ച നിക്ഷേപകരെ ആകര്‍ഷിക്കുന്നു. 2017 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ‘ഉഡാന്‍’ പദ്ധതിയാണ് ഇതില്‍ നിര്‍ണായകമായത്. ഗ്രാമങ്ങളില്‍ പോലും വിമാനത്താവളങ്ങള്‍ അനുവദിച്ചും കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയും ആകാശ യാത്ര ചെലവ് കുറക്കാനും യാത്രക്കാരുടെ എണ്ണം കൂട്ടാനും ആരംഭിച്ച പദ്ധതി, 22 മാസങ്ങള്‍ കഴിയുമ്പോള്‍ വലിയ ഉത്തേജനമാണ് മേഖലക്ക് നല്‍കിയത്. 2014 ലെ 395 ല്‍ നിന്നും വിമാനങ്ങളുടെ എണ്ണം 38% ഉയര്‍ന്ന് 548 ല്‍ എത്തി. വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ 500 ആയി ഉയര്‍ന്നു.

Categories: FK News, Slider