ജാവ ബൈക്കുകള്‍ വിതരണം ചെയ്തുതുടങ്ങി

ജാവ ബൈക്കുകള്‍ വിതരണം ചെയ്തുതുടങ്ങി

രാജ്യത്തെ 77 നഗരങ്ങളിലായി 95 ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ക്ലാസിക് ലെജന്‍ഡ്‌സിന് ഇതിനകം സാധിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. പുതിയ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ഇനി നിരത്തുകളില്‍ കാണാം. കഴിഞ്ഞ നവംബര്‍ 15 നാണ് മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ക്രമമനുസരിച്ചാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നത്. ഇന്ത്യയില്‍ ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവ ബ്രാന്‍ഡിനെ കുത്തിപ്പൊക്കിയത്, പുനരുജ്ജീവിപ്പിച്ചത്.

മാര്‍ച്ച് അവസാന വാരം ബൈക്കുകള്‍ വിതരണം ചെയ്തുതുടങ്ങുമെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സഹ സ്ഥാപകന്‍ അനുപം തരേജ ഈയിടെ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ 77 നഗരങ്ങളിലായി 95 ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ക്ലാസിക് ലെജന്‍ഡ്‌സിന് ഇതിനകം സാധിച്ചു. ഇതോടൊപ്പം മോട്ടോര്‍സൈക്കിള്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം കൂടി ക്ലാസിക് ലെജന്‍ഡ്‌സ് പ്രഖ്യാപിച്ചു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സിലൂടെ ഏതെങ്കിലും പഴയ ബൈക്ക് നല്‍കി പുതിയ ജാവ സ്വന്തമാക്കുന്നതിനാണ് അവസരമൊരുക്കുന്നത്.

ജാവ, ജാവ ഫോര്‍ട്ടി ടു എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളാണ് തല്‍ക്കാലം ലഭ്യമാക്കുന്നത്. 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എന്‍ജിന്‍ ഇരു ബൈക്കുകളും ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 27 എച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജാവ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.64 ലക്ഷം രൂപയും ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.72 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ജാവ ഫോര്‍ട്ടി ടു സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.55 ലക്ഷം രൂപയും ഡുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1.63 ലക്ഷം രൂപയും വില വരും.

Comments

comments

Categories: Auto
Tags: Jawa