ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലെ ആദ്യ ‘സ്മാര്‍ട്ട് കണക്റ്റഡ്’ എസ്‌യുവി

ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലെ ആദ്യ ‘സ്മാര്‍ട്ട് കണക്റ്റഡ്’ എസ്‌യുവി

ഇന്ത്യന്‍ വിപണി മാത്രം ഉദ്ദേശിച്ച് പത്ത് ഫീച്ചറുകളാണ് എസ്‌യുവിയില്‍ നല്‍കുന്നത്

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യൂ ഇന്ത്യയിലെ ആദ്യ ‘സ്മാര്‍ട്ട് കണക്റ്റഡ്’ എസ്‌യുവി ആയിരിക്കും. കണക്റ്റിവിറ്റി സംബന്ധിച്ച ‘ഹ്യുണ്ടായ് ബ്ലൂലിങ്ക്’ സാങ്കേതികവിദ്യയോടെയാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്. ഇന്ത്യന്‍ വിപണി മാത്രം ഉദ്ദേശിച്ച് പത്ത് ഫീച്ചറുകളാണ് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയില്‍ നല്‍കുന്നത്.

ഹ്യുണ്ടായ് ആഗോളതലത്തില്‍ നല്‍കിവരുന്ന സാങ്കേതികവിദ്യയാണ് ഹ്യുണ്ടായ് ബ്ലൂലിങ്ക്. സുരക്ഷ, സുഖസൗകര്യം, വാഹന മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് 33 ഫീച്ചറുകള്‍ ഇന്ത്യയില്‍ ഹ്യുണ്ടായ് ബ്ലൂലിങ്കിന്റെ ഭാഗമായിരിക്കും. ഇന്ത്യയില്‍ കണക്റ്റഡ് വാഹനങ്ങളുടെ പുതിയ യുഗത്തിനാണ് ബ്ലൂലിങ്ക് സഹിതം വരുന്ന ഹ്യുണ്ടായ് വെന്യൂ തുടക്കം കുറിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി പ്രസ്താവിച്ചു.

മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് വെഹിക്കിള്‍ തെഫ്റ്റ് ട്രാക്കിംഗ്, ഇമ്മൊബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയില്‍ ഉണ്ടായിരിക്കും. സ്പീഡ് അലര്‍ട്ട്, ജിയോ ഫെന്‍സ് അലര്‍ട്ട്, പാനിക് നോട്ടിഫിക്കേഷന്‍ എന്നിവ കൂടാതെ എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഹോണ്‍ ഹോങ്ക് എന്നീ റിമോട്ട് കണ്‍ട്രോള്‍ ഫംഗ്ഷനുകളും നല്‍കും.

വോഡഫോണ്‍ ഇ-സിം ഉപയോഗിക്കുന്ന ഇന്‍-ബില്‍റ്റ് ഡിവൈസ് ഹ്യുണ്ടായ് ബ്ലൂലിങ്കിന്റെ പ്രധാന സവിശേഷതയാണ്. ഗ്ലോബല്‍ എഐ കമ്പനിയുടെ ക്ലൗഡ് അധിഷ്ഠിത വോയ്‌സ് റെക്കഗ്നിഷന്‍ പ്ലാറ്റ്‌ഫോം മറ്റൊരു സവിശേഷതയായിരിക്കും. റിയല്‍ ടൈം ട്രാഫിക്, ലൈവ് ലോക്കല്‍ സെര്‍ച്ച് എന്നിവ സമ്മാനിക്കുന്നതായിരിക്കും ഹ്യുണ്ടായ് വെന്യൂവിലെ നാവിഗേഷന്‍.

നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവി ഏപ്രില്‍ 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തും. അതേസമയത്തുതന്നെ വാഹനം ഇന്ത്യയില്‍ അനാവരണം ചെയ്യും. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, ഹോണ്ട ഡബ്ല്യുആര്‍-വി, മഹീന്ദ്ര ടിയുവി 100 എന്നിവയാണ് നിലവില്‍ ഇന്ത്യയിലെ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ മല്‍സരിക്കുന്നത്.

Comments

comments

Categories: Auto