പ്രതിരോധ സൈബര്‍ ഏജന്‍സി രൂപീകരിക്കാന്‍ ശുപാര്‍ശ

പ്രതിരോധ സൈബര്‍ ഏജന്‍സി രൂപീകരിക്കാന്‍ ശുപാര്‍ശ

സൈന്യത്തിന് സാങ്കേതിക ജ്ഞാനം, സൈബര്‍ ചൂഷണം, സൈബര്‍ തട്ടിപ്പുകള്‍ എന്നീ വിഷയങ്ങളില്‍ അറിവും പ്രതിരോധ ക്ഷമതയും ലഭ്യമാക്കണം

ന്യൂഡെല്‍ഹി: വര്‍ധിച്ച് വരുന്ന സൈബര്‍ സുരക്ഷാ ഭീക്ഷണികളെ നേരിടുന്നതിന് സൈബര്‍ മേഖലയിലെ സൈന്യത്തിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കണമെന്ന് നിര്‍ദ്ദേശം. ന്യൂഡെല്‍ഹി ആസ്ഥാനമായ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (വിഐഎഫ്) ‘ക്രെഡിബിള്‍ സൈബര്‍ ഡിറ്ററന്‍സ് ഇന്‍ ആര്‍മ്ഡ് ഫോഴ്‌സ് ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന് സാങ്കേതിക ജ്ഞാനം, സൈബര്‍ ചൂഷണം, സൈബര്‍ തട്ടിപ്പുകള്‍ എന്നീ വിഷയങ്ങളില്‍ അറിവും പ്രതിരോധ ക്ഷമതയും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ഇതിനായി ഒരു പ്രതിരോധ സൈബര്‍ ഏജന്‍സി രൂപീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. നിശ്ചിത സമയത്തിനനുള്ളില്‍ സൈബര്‍ കഴിവുകള്‍ ആര്‍ജിക്കുന്നതിനുള്ള പദ്ധതിയിലെ ആദ്യത്തെ ചുവടുവെപ്പാകും പ്രസ്തുത ഏജന്‍സിയെന്ന് വിഐഎഫ് ഡയറക്റ്റര്‍ അരവിന്ദ് ഗുപ്ത പറഞ്ഞു.

സൈബര്‍ പരിജ്ഞാനം ഇന്ത്യയുടെ പ്രതിരോധത്തില്‍ നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന റിപ്പോര്‍ട്ട് സൈബര്‍ മേഖലയിലെ നയ രൂപീകരണം, തൊഴിലവസരം, സാങ്കേതികവിദ്യാ പരിശീലനം, ഡാറ്റാ ഏകീകരണം, നിയമ വ്യവസ്ഥ തുടങ്ങി ഇന്ത്യന്‍ സൈന്യത്തിന്റെ സൈബര്‍ ക്ഷമത ഉയര്‍ത്തുന്നതിന് ഏഴു വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ശുപാര്‍ശ ചെയ്യുന്നത്.

ആക്രമണ സാധ്യതയെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ, ആക്രമണ ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം സൈബര്‍ ആയുധങ്ങള്‍ നിര്‍മിക്കണം. സിവില്‍, മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങളുടെ പങ്കുവെക്കലിനും സൈബര്‍ ആയുധങ്ങളുടെ നിര്‍മാണത്തിനുമായി മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സൈന്യത്തിന് സൈബര്‍ വിജ്ഞാനം ലഭ്യമാക്കുന്നതിനുള്ള രൂപരേഖ നിര്‍ദേശിക്കുന്നത് ഫൗണ്ടേഷന്‍, റിട്ട. ലഫ്റ്റണന്റ് ജനറല്‍ ദേവീന്ദര്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്.

Categories: FK News, Slider
Tags: Cyber agency