ഡാറ്റ്‌സണ്‍, ഇസുസു വില വര്‍ധന പ്രഖ്യാപിച്ചു

ഡാറ്റ്‌സണ്‍, ഇസുസു വില വര്‍ധന പ്രഖ്യാപിച്ചു

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ വില നാല് ശതമാനം വരെ വര്‍ധിക്കും

ന്യൂഡെല്‍ഹി : ഇന്ന് മുതല്‍ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ വില വര്‍ധിക്കുമെന്ന് നിസാന്‍. രണ്ട് മോഡലുകളുടെയും വില നാല് ശതമാനം വരെയാണ് വര്‍ധിക്കുന്നത്. മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, റെനോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ നേരത്തെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണമായി നിസാന്‍ ചൂണ്ടിക്കാട്ടുന്നത്.

2018 ഒക്‌റ്റോബറിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഡാറ്റ്‌സണ്‍ ഗോ, ഡാറ്റ്‌സണ്‍ ഗോ പ്ലസ് വിപണിയിലെത്തിച്ചത്. ടോപ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതുകൂടാതെ സെഗ്‌മെന്റില്‍ ഇതാദ്യമായി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും നല്‍കി. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് കാറുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

അതേസമയം ഡി-മാക്‌സ് റെഗുലര്‍ കാബ്, ഡി-മാക്‌സ് എസ്-കാബ് എന്നീ കൊമേഴ്‌സ്യല്‍ പിക്കപ്പ് ട്രക്കുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രണ്ട് ശതമാനമാണ് വില വര്‍ധിക്കുന്നത്. ഉല്‍പ്പാദന, വിതരണ ചെലവുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് കമ്പനി വിശദീകരിച്ചു. എന്നാല്‍ ഇസുസു ഡി-മാക്‌സ് വി-ക്രോസ് മോഡലിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.

2.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഇസുസു ഡി-മാക്‌സ് റെഗുലര്‍ കാബ്, ഡി-മാക്‌സ് എസ്-കാബ് പിക്കപ്പ് ട്രക്കുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 78 ബിഎച്ച്പി കരുത്തും 176 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

Comments

comments

Categories: Auto
Tags: Datsun-Isuzu