ബെല്‍റ്റ് റോഡ് വലിയ ഭീഷണി തന്നെയാണ്…

ബെല്‍റ്റ് റോഡ് വലിയ ഭീഷണി തന്നെയാണ്…

ബെല്‍റ്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് ശക്തമായി അംഗീകരിക്കപ്പെടുകയാണിപ്പോള്‍. എന്നാല്‍ ഇറ്റലി പോലുള്ള രാജ്യങ്ങള്‍ ഈ കെണിയില്‍ പെട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്

ചൈനയുടെ അടിസ്ഥാനസൗകര്യ അധിനിവേശ പദ്ധതികള്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെല്‍റ്റ് റോഡ് സംരംഭത്തിന്റെ (ബിആര്‍ഐ) ഭാഗമായ ബിആര്‍ഐ ഫോറത്തിന്റെ രണ്ടാം പതിപ്പ് നടക്കാനിരിക്കെയാണ് പോംപിയോയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ബെല്‍റ്റ് റോഡ് ഫോറത്തിന്റെ ആദ്യപതിപ്പില്‍ പങ്കെടുക്കുക പോലും ചെയ്യാതിരുന്ന പ്രധാന രാജ്യം ഇന്ത്യ മാത്രമാണ്. ഭാരതത്തിന്റെ പരമാധികാരത്തെ പോലും വെല്ലുവിളിച്ച്, നവകോളനിവല്‍ക്കരണത്തിന്റെ ഭാഗമായി ചൈന നടപ്പാക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിക്കെതിരെ അതിശക്തമായ നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലൂടെയാണ് പദ്ധതിയുടെ പ്രധാന ഭാഗമായ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്.

എന്തായാലും പദ്ധതിക്കെതിരെയുള്ള വികാരങ്ങള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് യുഎസ് നിലപാട്. ഓരോ രാജ്യത്തിന്റെയും സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിലുള്ള നിക്ഷേപമാണ് ബെല്‍റ്റ് റോഡിന്റെ മറവില്‍ ചൈന പദ്ധതിയിടുന്നതും നടപ്പാക്കുന്നതും. എന്നാല്‍ ഇറ്റലി പോലെയുള്ള രാജ്യങ്ങളും ഈ കെണിയില്‍ പെടുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.

ഇറ്റലിക്കും യൂറോപ്പിനും വെല്ലുവിളിയാണ് യഥാര്‍ത്ഥത്തില്‍ ചൈനയുടെ ബെല്‍റ്റ് റോഡ്. അത് തിരിച്ചറിയാതെയാണ് പദ്ധതിയുടെ ഭാഗമാകാന്‍ അവര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ചൈനയുമായുള്ള സഹകരണത്തിന് ബെല്‍റ്റ് റോഡായിരുന്നില്ല ഇറ്റലി ഉപയോഗപ്പെടുത്തേണ്ടിയിരുന്ന പ്ലാറ്റ്‌ഫോം. നിക്ഷേപമാണ് ഇറ്റലിയുടെ നിലവിലെ പ്രശ്‌നമെങ്കില്‍ യൂറോപ്യന്‍ യൂണിയനെ അവര്‍ക്ക് അതിനുവേണ്ടി ഉപയോഗപ്പെടുത്താമായിരുന്നു. പകരം ചൈനയുടെ കെണിയില്‍ പോയി പെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ചൈനയെ ശക്തിപ്പെടുത്തി യൂറോപ്യന്‍ യൂണിയനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി പോലും ഇത് വ്യാഖ്യാനിക്കപ്പെടാം. ഇറ്റലിയിലേക്കുള്ള ചൈനീസ് നിക്ഷേപം ആപത്തായേക്കാമെന്ന ആശങ്ക അവിടെയുള്ള ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനോടകം പങ്കുവച്ചുകഴിഞ്ഞു. ഇറ്റലിയുടെയോ യൂറോപ്പിന്റെയോ പരമാധികാരം ചൈനക്കാര്‍ക്ക് അടിയറ വെക്കാനുള്ളതല്ലെന്നാണ് പ്രമുഖ നേതാവായ അന്റോണിയോ തജാനി തുറന്നടിച്ചത്.

ചൈനീസ് വിപണി അടച്ചിട്ട് ലോകവിപണികള്‍ കീഴടക്കി അതിലൂടെ തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ എത്തിപ്പിടിക്കാനുള്ള ഷി ജിന്‍പിംഗിന്റെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ മറവിലുള്ള വമ്പന്‍ നിക്ഷേപങ്ങള്‍. ഇതിന്റെ ആപത്ത് എന്താണെന്നുള്ളത് ശ്രീലങ്കയിലും മാലദ്വീപിലുമെല്ലാം ലോകം കണ്ടുകഴിഞ്ഞു. ബെല്‍റ്റ് റോഡിന്റെ ഭാഗമാകുന്ന നിരവധി വികസ്വര രാജ്യങ്ങളെ വലിയ കടക്കെണിയിലേക്കാണ് ചൈന തള്ളിയിടുന്നത്. അവസാനം അവര്‍ ചൈനയുടെ സൈനിക-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയുണ്ടാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഇപ്പോള്‍ ചൈനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നത്. ഇറ്റലിയെ കൂടെ കൂട്ടി യൂറോപ്യന്‍ യൂണിയനില്‍ വിള്ളല്‍ വീഴ്ത്താമെന്ന ദീര്‍ഘകാലലക്ഷ്യത്തെയെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏത് രീതിയില്‍ പ്രതിരോധിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഫ്രാന്‍സിന്റെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

Categories: Editorial, Slider
Tags: Belt road