യന്ത്രസല്ലാപത്തിന്റെ സംഗമഗീതം

യന്ത്രസല്ലാപത്തിന്റെ സംഗമഗീതം

ഈ നൂറ്റാണ്ടിലെ മാര്‍ക്കറ്റിംഗിനെ അടയാളപ്പെടുത്തുന്നത് ബിഗ് ഡാറ്റ അനലിറ്റിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും ഒക്കെയാണ്. മനുഷ്യ മുഖമുള്ള ചാറ്റ്‌ബോട്ടുകള്‍ വലിയൊരു അവസരമാണ് തുറന്നിടുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന രംഗത്തുള്ളവര്‍ക്ക് ഗവേഷണ-വികസന വിഭാഗത്തിന് ആവശ്യങ്ങളും ആശയങ്ങളും കണ്ടെത്തി ഉല്‍പ്പന്ന നവീകരണത്തിന് ഈ ചാറ്റ്‌ബോട്ടുകള്‍ വലിയ സംഭാവന ചെയ്യും. ചാറ്റ്‌ബോട്ടിന്റെ ലോക വിപണി കൈയടക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് ഇനിയും സമയം വൈകിയിട്ടില്ല

‘നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍
നിര്‍വ്വികാരം നടക്കുന്നു റോബോട്ടുകള്‍.
കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത്
ഗോത്രരാജാവിന്റെ ജനനേന്ദ്രിയമിത്
ശാസ്ത്രകാരന്റെ തലച്ചോറിത്, നീല-
നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്.
യന്ത്രസല്ലാപം പിറക്കുന്നതിന്‍ മുന്‍പ്
സംഗമഗീതം കുറിച്ച കാട്ടാറിവള്‍’

– ‘മനുഷ്യപ്രദര്‍ശനം’ കുരീപ്പുഴ ശ്രീകുമാര്‍

പഠനക്കളരികളില്‍ പലപ്പോഴും മാര്‍ക്കറ്റിംഗില്‍ എംബിഎ ചെയ്ത പഠിതാക്കള്‍ ഉണ്ടാവാറുണ്ട്. അവരോട് മാര്‍ക്കറ്റിംഗ് എന്താണെന്ന് ചോദിച്ചാല്‍ കട്ടികൂടിയ വിപണന പാഠപുസ്തകങ്ങളില്‍ നിന്ന് അവര്‍ ഹൃദിസ്ഥമാക്കിയ, നിരവധി ആലങ്കാരിക പദങ്ങള്‍ ചേര്‍ത്ത് മാല തീര്‍ത്ത, മനോഹര വാചകങ്ങളാണ് മറുപടിയായി ലഭിക്കുക. അവരോട് സാധാരണ പറയാറുള്ളത്, പ്രായോഗിക തലത്തില്‍ സങ്കീര്‍ണ്ണമായ നിര്‍വ്വചനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നുവെന്നും ആകെ മനസ്സിലാക്കേണ്ടത് വിപണനം എന്നാല്‍ സംസാരിക്കുക എന്ന് മാത്രമാണെന്നുമാണ്. ഒരു ഉല്‍പ്പന്നം വിപണനം ചെയ്യുന്നയാള്‍ ഒരേയൊരു കാര്യമാണ് ചെയ്യേണ്ടത്; ഉല്‍പ്പന്നത്തെക്കുറിച്ച് കേള്‍വിക്കാരന് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി സംസാരിക്കുക, അവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി മറുപടി പറയുക, സംശയങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്തുമാറ് ദൂരീകരിക്കുക.

ഇവിടെയാണ് തടസ്സങ്ങള്‍ ആരംഭിക്കുന്നതും. ആരോടാണ് പറയുക? ആരാണ് കേള്‍വിക്കാരന്‍? പലപ്പോഴും ഉല്‍പ്പന്നത്തിന്റെ ഉപയോഗം ആവശ്യമില്ലാത്ത ആളോടായിരിക്കും സംസാരിച്ച് സമയം കളയുന്നത്. അതേ സമയം ആവശ്യമുള്ളയാളെ തിരിച്ചറിയാതിരിക്കുകയും വിട്ട് പോവുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഒരു ഉല്‍പ്പന്നം ആവശ്യമില്ലാത്തയാള്‍ക്ക് അതില്‍ ആവശ്യം ജനിപ്പിക്കുന്നത് വിപണിസൃഷ്ടിയാണ്. ഒരു പുതിയ വിപണി പരിസരം സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണത്. നമ്മുടെ വജ്രവ്യാപാരികള്‍ രണ്ട് പതിറ്റാണ്ടിനപ്പുറം ചെയ്തത് ഇതാണ്. ഇന്ന് പ്ലാറ്റിനത്തില്‍ നടക്കുന്നതും ഇതാണ്. എന്നാല്‍ ഉല്‍പ്പന്നം ആവശ്യമേ വരാത്ത ഒരാളെ പറഞ്ഞുപറ്റിച്ച് അത് അയാളെക്കൊണ്ട് വാങ്ങിപ്പിക്കുന്നത് വിപണി ധാര്‍മ്മികതയ്ക്ക് എതിരാണ്; മിസ് സെല്ലിംഗ്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ സംയുക്ത വര്‍മ്മ അവതരിപ്പിച്ച കഥാപാത്രം ജയറാം അവതരിപ്പിച്ച കഥാപാത്രത്തെക്കൊണ്ട് ഭാവന വികസിപ്പിക്കാനുള്ള യന്ത്രമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹെഡ് മസാജര്‍ വാങ്ങിപ്പിച്ചത് ഓര്‍മയില്ലേ? വിപണനക്കാരന്‍ വഴിതെറ്റി എത്തിപ്പെടുന്ന ഡെഡ് എന്‍ഡുകള്‍ക്ക് ഒരു കാല്‍പ്പനിക ഉദാഹരണം ആണത്. ചക്കയിടുമ്പോള്‍ മുയലിന്റെ തലയില്‍ വീഴുന്നത് ഒരുതവണ മാത്രം സംഭവിക്കുന്ന യാദൃച്ഛികതയായേ കരുതേണ്ടതുള്ളൂ. സ്ഥായിയായ ഒരു വിപണിപാത അവിടെ നിന്ന് ആരംഭിക്കുന്നില്ല. മറിച്ച് വഴിയടയുകയാണ്. കാരണം വില്‍പ്പനക്കാരന്റെ വിശ്വാസ്യതയാണ് അവിടെ നഷ്ടപ്പെട്ടത്.

മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ജോലി വില്‍പ്പനയല്ല. അത് വില്‍പ്പനക്കാരന്റെ മാത്രം ജോലിയാണ്. വിപണനക്കാരന്റെ ജോലി ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുവാന്‍ ഉല്‍പ്പാദകനെ ഉപദേശിക്കലാണ്. എന്നാല്‍, വില്‍പ്പനക്കാരന്റെ ജോലി ഉല്‍പ്പന്ന കേന്ദ്രീകൃതമാണ്. നിര്‍മ്മിച്ച ഉല്‍പ്പന്നത്തിന് ആവശ്യക്കാരനെ കണ്ടെത്തി വില്‍പ്പന ഉണ്ടാക്കുക എന്നതാണ് അയാളുടെ കര്‍ത്തവ്യം. രണ്ടും രണ്ടറ്റത്താണ് വര്‍ത്തിക്കുന്നത്.

യഥാര്‍ത്ഥ ആവശ്യക്കാരനുമായി കണ്ടുമുട്ടാനുള്ള പ്രയാസമാണ് വില്‍പ്പന രംഗത്തുള്ളവര്‍ നേരിടുന്ന ഒരു വെല്ലുവിളി. അതുപോലൊരു പ്രശ്‌നം തന്നെയാണ് ആവശ്യക്കാരനും നേരിട്ടിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ എന്ത് എവിടെ ലഭിക്കും എന്ന് ആവശ്യക്കാരന് എളുപ്പം കണ്ടെത്താനായി. ഇന്റര്‍നെറ്റ് മുഖേന ബന്ധപ്പെടുന്നതിന് പല വെബ്സൈറ്റുകളും പല മാര്‍ഗ്ഗങ്ങള്‍ ആണ് നല്‍കുന്നത്. ചിലതില്‍ ഇ-മെയില്‍ മുഖേന ബന്ധപ്പെടാനുള്ള വിവരം, മറ്റ് ചിലതില്‍ ഫോണ്‍ നമ്പര്‍ അടക്കമുള്ള കമ്പനിയുടെ മുഴുവന്‍ വിലാസ വിവരങ്ങള്‍, മറ്റ് ചില വെബ്‌സൈറ്റുകളില്‍ ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും മറ്റും. ആവശ്യക്കാരന്റെ വിവരങ്ങള്‍ നല്‍കാനുള്ള ഇടങ്ങള്‍ നല്‍കി അവിടെ പേരും വിലാസവും മൊബീല്‍ നമ്പറും ഇ-മെയില്‍ ഐഡിയും മറ്റ് അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ കമ്പനി ഇങ്ങോട്ട് ബന്ധപ്പെടുന്ന രീതി ഇന്ന് പരക്കെ പ്രബലമാണ്. ഇതുകൊണ്ട് കമ്പനിയ്ക്ക് രണ്ട് നേട്ടങ്ങള്‍ ആണുള്ളത്. ഒന്ന്, ഉല്‍പ്പന്നത്തില്‍ താല്‍പ്പര്യമുള്ളവരുടെ നിയതമായ വിവരശേഖരണം. വില്‍പ്പന നടക്കുന്നത് വരെ തുടര്‍ച്ചയായി പിന്തുടരാന്‍ ഇത് സഹായിക്കുന്നു. കൂടാതെ വില്‍പ്പനാനന്തരം ഫീഡ്ബാക്ക് എടുക്കാനുമാവുന്നു. മറ്റ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമ്പോള്‍ ഈ ആളുകളെ അപ്പപ്പോള്‍ വിവരം അറിയിക്കാനുമാവുന്നു. രണ്ട്, കമ്പനിയുടെ വില്‍പ്പന ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ വിനിയോഗം. ആരെ ഏത് ആവശ്യക്കാരനുമായി ബന്ധിപ്പിക്കണം എന്ന് കമ്പനിയ്ക്ക് തീരുമാനിക്കാന്‍ ആവുന്നു. ഉപഭോക്താവിന്റെ സമയ സൗകര്യത്തില്‍ ഇടപെടാതെ തന്നെ വില്‍പ്പന ഉദ്യോഗസ്ഥരുടെ ജോലിസമയം ക്രമീകരിക്കാനാവുന്നു.

പലപ്പോഴും വിപണനവും വില്‍പ്പനയും മുകളില്‍ പറഞ്ഞ പ്രകാരം പ്രത്യേകം മനസ്സിലാക്കാത്തത് മൂലം അവ തമ്മില്‍ ആശയക്കുഴപ്പം വരാറുണ്ട്. അതുകൊണ്ടാണ് സാധനങ്ങള്‍ വില്‍ക്കുവാന്‍ നിയോഗിക്കുന്നവരെ ‘മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്’ എന്ന് വിളിക്കുന്നത്. താരതമ്യേന വലിയ കമ്പനികളില്‍ പോലും മാര്‍ക്കറ്റിംഗ് വിഭാഗം ചെയ്യുന്നത് സെയ്ല്‍സ് വിഭാഗം ചെയ്യേണ്ട ജോലിയാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ആരും ചോദിക്കുന്നില്ല, ആരും തിരിച്ചറിയുന്നുമില്ല. ഈ വീഴ്ച ഉപഭോക്തൃ സംതൃപ്തിയില്‍ കടുത്ത വിടവ് സൃഷ്ടിക്കുന്നു. ഉപഭോക്തൃ സംതൃപ്തി എന്നത് ഇന്ന് കാലഹരണപ്പെട്ട പ്രത്യയമാണ്. ഉപഭോക്തൃ അതീന്ദ്രിയാനുഭൂതി (customer ecstasy) ആണ് ഇന്ന് താരം. ഉല്‍പ്പാദകന്‍, വിപണനക്കാരന്‍, വില്‍പ്പനക്കാരന്‍ എന്നിവരൊന്നും മനസ്സിലാക്കിയില്ലെങ്കിലും ഉപഭോക്താവ് ഉല്‍പ്പന്നത്തെ കുറിച്ച് ചിലത് ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കുമ്പോഴാണ് അവന് അതീന്ദ്രിയാനുഭൂതി അനുഭവപ്പെടുന്നത്. ഈ അനുഭൂതി ലഭിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളും വിശേഷ ലക്ഷണങ്ങളും ഉല്‍പ്പന്നത്തിന് ഉണ്ടാവണം. അവ എന്തൊക്കെയാണെന്ന് മനസ്സിലാക്കുവാന്‍ ആവശ്യക്കാരുമായി നിരന്തരം സംസാരിക്കേണ്ടതുണ്ട്. അതാണ് ഞാന്‍ പറയുന്നത് മാര്‍ക്കറ്റിംഗ് എന്നാല്‍ സംസാരിക്കുക എന്നതാണെന്ന്.

നമുക്ക് മാര്‍ക്കറ്റിംഗിനായി ആളെ നിയമിക്കാം. പക്ഷേ എത്ര പേരെ? അവര്‍ ആരോടെല്ലാം സംസാരിക്കും? ഒരു ദിവസം എത്ര പേരോട് സംസാരിക്കാന്‍ അതിലൊരാള്‍ക്ക് ആവും? ഉല്‍പ്പന്നത്തെ കുറിച്ച് പ്രതീക്ഷകള്‍ ഉള്ളവരെ അവര്‍ എങ്ങനെ കണ്ടെത്തും? ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അവര്‍ എങ്ങനെ മനസ്സിലാക്കും, എങ്ങിനെ ക്രോഡീകരിക്കും? ഇതെല്ലാം പ്രഹേളികകള്‍ ആണ്. ഇവിടെ ഇന്റര്‍നെറ്റ് ഇന്റര്‍ഫേസുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും സഹായകരമാണ്. പരസ്പരം സംവദിക്കുന്ന ഇന്റര്‍ഫേസുകള്‍ ആണ് ആദ്യം വന്നത്. മെസ്സഞ്ചര്‍ സംവിധാനം. ഉപഭോക്താവിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കി വെച്ച ഒരു എഫ്എക്യു (നിരന്തരം ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ സംഭരിച്ച് ഉത്തരങ്ങള്‍ തയ്യാറാക്കി വെക്കുന്ന രീതി) പ്രകാരമാണ് മെസ്സഞ്ചര്‍ മറുപടി തരുന്നത്. ചോദ്യങ്ങളിലെ വാക്കുകള്‍ വിശകലനം ചെയ്ത് അവ എഫ്എക്യുവുമായി ബന്ധിപ്പിച്ച് യുക്തമായ ഉത്തരം നല്‍കുന്നു. ചാറ്റ്‌ബോട്ട് ആരംഭിച്ചപ്പോള്‍ ഇതായിരുന്നു സംവിധാനം. വളരെ യാന്ത്രികമായ ഒരു സംഗതി. ‘അരിയെത്ര?’ എന്ന് നമ്മള്‍ ചോദിക്കുന്നു; ‘പയര്‍ അഞ്ഞാഴി’ എന്ന് കൃത്യമായി മറുപടി വരുന്നു. ചാറ്റ്‌ബോട്ട്, സന്ദേശത്തില്‍ നിന്ന് ചികഞ്ഞെടുത്ത് മനസ്സിലാക്കിയത് ചോദ്യം അളവിനെ സംബന്ധിച്ച് ആണെന്നാണ്. അളവുകള്‍ സംബന്ധിച്ച് മുന്‍കൂട്ടി തയ്യാറാക്കി ഏല്‍പ്പിച്ച എഫ്എക്യു പ്രകാരം പയറിന്റെ അളവാണ് അതിലുള്ളത്. വളരെ യാന്ത്രികമാണ് ഈ പ്രക്രിയയെന്ന് നമുക്ക് കൃത്യമായി മനസ്സിലാകുന്നു. അതോടെ അതില്‍ താല്‍പ്പര്യവും നഷ്ടപ്പെടുന്നു. ചാറ്റ്‌ബോട്ടുകള്‍ ആളുകളെ കമ്പനിയുമായി അടുപ്പിക്കുന്നതിലധികം അകലെയാക്കുന്നുണ്ട് എന്നാണ് വിദഗ്ദ്ധമതം.

ഇതിന് ബദലായിട്ടാണ് സംസാരിക്കുന്ന റോബോട്ടുകള്‍ വന്നത്. അപ്പോഴും എഴുതിക്കാണിക്കുന്നതിന് പകരം റോബോട്ടില്‍ നിന്ന് യാന്ത്രികത പ്രകടമായി പ്രതിഫലിക്കുന്ന ശബ്ദം പുറത്ത് വരുന്നു എന്ന മാറ്റമേ വന്നുള്ളൂ. അത് ആളുകളെ തൃപ്തിപ്പെടുത്തിയുമില്ല. ഇതിനെല്ലാമുള്ള പരിഹാരമായാണ് ലാന്‍ഡ് ഫോണിലും മൊബീല്‍ ഫോണിലും സംസാരിക്കുന്ന, വീഡിയോ ചാറ്റില്‍ സംസാരിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ മാര്‍ക്കറ്റിംഗ്് രംഗത്ത് എത്തിയത്. ഒരേ സമയം അനേകായിരങ്ങളോട് സംസാരിക്കുന്ന യന്ത്രമനുഷ്യ(ത്തി)ന്‍. സ്വരഭേദങ്ങള്‍ സ്വാഭാവികമായി എന്നപോലെ ചിട്ടപ്പെടുത്തിയ യന്ത്രങ്ങള്‍. അവ നിങ്ങള്‍ തമാശ പറഞ്ഞാല്‍ ചിരിക്കും, കഷ്ടപ്പാടുകള്‍ പറഞ്ഞാല്‍ സഹതപിക്കും, അല്‍പ്പം സ്‌നേഹിക്കും. അവയുടെ മുഖം, കണ്ണുകള്‍, പുരികം എല്ലാം തദനുവികാരങ്ങള്‍ പ്രകടിപ്പിക്കുന്നവയാണ്. കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും മുഴുവന്‍ വിവരങ്ങളും വിപണിയില്‍ മത്സരത്തിന് വരുന്ന മറ്റ് ഉല്‍പ്പങ്ങളുടെയും പകരം ഉപയോഗിക്കാവുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ മുതല്‍ ഒരു സാധാരണ മനുഷ്യന്‍ സാധാരണ അവസ്ഥയില്‍ സംസാരിക്കാവുന്ന കാര്യങ്ങള്‍ വരെ ഇവയില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സമര്‍ത്ഥമായ ഉപയോഗം. (ഇങ്ങനെ ഒരു ചാറ്റ്‌ബോട്ട് ആണ് ഇപ്പോള്‍ ഒരു പ്രതിമയുടെ രൂപത്തില്‍ വഴുതക്കാട്ടുള്ള പോലീസ് ആസ്ഥാനത്ത് വെച്ചിട്ടുള്ളത്. അത് ഒരു രൂപമാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരു ഇമേജ് ആയും ഇവയ്ക്ക് പ്രത്യക്ഷപ്പെടാവും). യഥാര്‍ത്ഥ മനുഷ്യരോട് സംസാരിക്കുന്ന പോലെയേ ഇവയുമായി സംവദിക്കുമ്പോള്‍ ഉപഭോക്താവിന് തോന്നുകയുള്ളൂ.

ഈ നൂറ്റാണ്ടിലെ മാര്‍ക്കറ്റിംഗിനെ അടയാളപ്പെടുത്തുന്നത് ബിഗ് ഡാറ്റ അനലിറ്റിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും ഒക്കെയാണ്. എന്നാല്‍ അവയ്‌ക്കൊന്നും മാനുഷിക മുഖമില്ല. യന്ത്രവും ഡാറ്റയും അല്ല പ്രധാനം, അവയ്ക്ക് പിന്നിലുള്ള മനുഷ്യ മനസ്സാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞത് കവികളാണ്. അതുകൊണ്ടാണ് കുരീപ്പുഴ ശ്രീകുമാര്‍ ‘മനുഷ്യപ്രദര്‍ശനം’ എന്ന കവിത എഴുതിയത്. മനുഷ്യരെ പ്രദര്‍ശിപ്പിക്കുന്ന ഒരു പരിപാടി. അത് കാണുവാന്‍ റോബോട്ടുകള്‍ കുടുംബവുമായി എത്തുന്നു. കുഞ്ഞു റോബോട്ടുകള്‍ പ്രദര്‍ശന നഗരിയുടെ മുറ്റത്ത് ഓടിക്കളിക്കുന്നു. മുതിര്‍ന്ന റോബോട്ടുകള്‍ പ്രദര്‍ശനം നടന്ന് കാണുകയാണ്. ക്യൂറേറ്റര്‍ ഓരോന്നും വിശദീകരിക്കുന്നു. ക്ലോണിംഗ് വന്നപ്പോള്‍ മനുഷ്യ ജനനേന്ദ്രിയത്തിന് പ്രവര്‍ത്തിയും പ്രസക്തിയും നഷ്ടപ്പെട്ട് അത് പ്രദര്‍ശനശാലയില്‍ എത്തി. ചിന്താശേഷിയുള്ള യന്ത്രങ്ങള്‍ ശാസ്ത്രജ്ഞന്റെ ആവശ്യം ഇല്ലാതാക്കി. അയാളുടെ തലച്ചോര്‍ മ്യൂസിയത്തിലേക്ക്. അങ്ങിനെ പലതും.

കവികള്‍ക്ക് പിന്നാലെ ബിസിനസ്സ് ലോകവും ഇത് തിരിച്ചറിഞ്ഞു. അതാണ് മനുഷ്യനെപ്പോലെ സംസാരിക്കുന്ന റോബോട്ടുകള്‍ വേണം മാര്‍ക്കറ്റിംഗിന് എന്ന് തീരുമാനിച്ചത്. മനുഷ്യ മുഖമുള്ള ചാറ്റ്‌ബോട്ടുകള്‍ വലിയൊരു അവസരമാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദന രംഗത്തുള്ളവര്‍ക്ക് ഗവേഷണ-വികസന വിഭാഗത്തിന് ആവശ്യങ്ങളും ആശയങ്ങളും കണ്ടെത്തി ഉല്‍പ്പന്ന നവീകരണത്തിന് ഈ ചാറ്റ്‌ബോട്ടുകള്‍ വലിയ സംഭാവന ചെയ്യും. അതിനേക്കാള്‍ വലിയ അവസരമാണ് ഇവ നിര്‍മ്മിക്കുന്നവര്‍ക്കുള്ളത്. ഫേസ്ബുക്കില്‍ 33,000 ചാറ്റ്‌ബോട്ടുകള്‍ ആണ് ഉള്ളതെങ്കില്‍ ചൈനീസ് കമ്പനിയായ വീചാറ്റ് (WeChta) സംവേദന ക്ഷമതയുള്ള ഒരു ലക്ഷത്തിലധികം യന്ത്ര മനുഷ്യരെ വിപണന രംഗത്ത് എത്തിച്ചിട്ടുണ്ട്. അതാണ് ചാറ്റ്‌ബോട്ടിന്റെ വിപണി. വിവര സാങ്കേതികവിദ്യയില്‍ അതീവ പരിജ്ഞാനമുള്ള വലിയൊരു പുതുതലമുറ ഇന്ത്യക്ക് ഉണ്ട്. പക്ഷേ, അവരില്‍ ഭൂരിപക്ഷവും മറ്റ് രാജ്യങ്ങളില്‍ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലെ മുതലാളിമാര്‍ക്ക് ഇന്ത്യയില്‍ ഉള്ള കുറഞ്ഞ കൂലി നല്‍കുന്ന പണിശാലകളില്‍ അഹോരാത്രം ജോലി ചെയ്ത് ശമ്പളം കൈപ്പറ്റി കാലം പോക്കുന്നു. ചാറ്റ്‌ബോട്ടിന്റെ ലോക വിപണി കൈയടക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് ഇനിയും സമയം വൈകിയിട്ടില്ല. നമ്മുടെ യന്ത്ര സല്ലാപങ്ങള്‍ സംഗമഗീതം പാടേണ്ടത് അങ്ങനെ വിശാലമായ ഒരു വ്യാവസായിക ലക്ഷ്യത്തിലേക്കുള്ള യാത്രാഗാനം ആയിട്ടായിരിക്കണം. അപ്പോഴും നമുക്ക് മനുഷ്യത്വത്തെയും പെണ്ണിനേയും പ്രകൃതിയെയും കാട്ടാറുകളെയും സംരക്ഷിക്കാം.

Categories: FK Special, Slider