ആമസോണ്‍ തലവന്‍ ബെസോസിന്റെ ഫോണ്‍ സൗദി ഹാക്ക് ചെയ്തു?

ആമസോണ്‍ തലവന്‍ ബെസോസിന്റെ ഫോണ്‍ സൗദി ഹാക്ക് ചെയ്തു?
  • ഖഷോഗ്ഗി കൊലപാതകത്തിനെതിരെയുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിലപാടാണ് പ്രകോപനത്തിന് കാരണം
  • ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്
  • ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി. സൗദി നടത്തിയത് രാഷ്ട്രീയനീക്കമെന്ന് ആരോപണം

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നനായി വിലസുന്ന യുഎസ് സംരംഭകന്‍ ജെഫ് ബെസോസിന്റെ ഫോണ്‍ സൗദി അറേബ്യന്‍ ടെക് വിദഗ്ധര്‍ ഹാക്ക് ചെയ്തതായി സെക്യൂരിറ്റി കണ്‍സള്‍ട്ടന്റിന്റെ ആരോപണം. ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തിയതായാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി തലവനായ ഗവിന്‍ ഡി ബെക്കര്‍ ഡെയിലി ബീസ്റ്റിലെഴുതിയ ലേഖനത്തില്‍ പറയുന്നത്. പുറത്തുവന്ന വിവരം ശരിയാണെങ്കില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്ന വിഷയമായി ഇത് മാറും. സൗദി സര്‍ക്കാര്‍ തന്നെയാണ് ബെസോസിനെതിരെ പകപോക്കല്‍ നടത്തിയതെന്ന് തെളിഞ്ഞാല്‍ യുഎസുമായുള്ള നയതന്ത്രബന്ധത്തെ വരെ അത് ബാധിച്ചേക്കും.

ബെസോസിനെതിരെ സൗദി സര്‍ക്കാര്‍ വ്യാപകമായ പ്രചരണം നടത്തിയിരുന്നെന്ന ഗുരുതരമായ ആരോപണവും സെക്യൂരിറ്റി തലവന്‍ നടത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിനെതിരെ അതിശക്തമായ ഭാഷയില്‍ യുഎസ് പത്രം നിലപാടെടുത്തിരുന്നു. ഇതാണ് സൗദി അറേബ്യയെ പ്രകോപിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ തലവനായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രവും.

ഞങ്ങളുടെ വിദഗ്ധരും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നവരും കണ്ടെത്തിയിരിക്കുന്നത് സൗദി ഹാക്കര്‍മാര്‍ ബെസോസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് തന്നെയാണ്. സ്വകാര്യ വിവരങ്ങളടക്കം ചോര്‍ന്നു-ഡിബെക്കര്‍ പറഞ്ഞു.

യുഎസ് അധികൃതര്‍ ക്ക് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞ ബെക്കര്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ബെസോസിന്റെയും കാമുകി ലൗറന്‍ സാന്‍ചെസിന്റെയും സന്ദേശങ്ങള്‍ നാഷണല്‍ എന്‍ക്വയറര്‍ മാധ്യമത്തിന് എങ്ങനെ ലഭിച്ചുവെന്നുള്ള അന്വേഷണമാണ് സൗദിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷണല്‍ എന്‍ക്വയററിന്റെ മാതൃകമ്പനിയായ അമേരിക്കന്‍ മീഡിയ ഇന്‍ക് തന്നെ ഭീഷണിപ്പെടുത്തുന്നതായി ബെസോസ് തുറന്നടിച്ചിരുന്നു. സാന്‍ചെസുമായുള്ള ബെസോസിന്റെ സ്വകാര്യ ദൃശ്യങ്ങളും സന്ദേശങ്ങളും പുറത്തുവിടുമെന്നായിരുന്നു ഭീഷണിയെന്ന് ബെസോസ് ആരോപിച്ചു. ഡി ബെക്കറിന്റെ അന്വേഷണം അവസാനിപ്പിച്ചില്ലെങ്കില്‍ ചിത്രങ്ങളും മെസേജുകളും പ്രചരിപ്പിക്കുമെന്നായിരുന്നു മാധ്യമസ്ഥാപനം ഭീഷണിപ്പെടുത്തിയതെന്നുള്ള ബെസോസിന്റെ വെളിപ്പെടുത്തല്‍ യുഎസില്‍ വലിയ ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തു.

അമേരിക്കന്‍ മീഡിയ ഇന്‍കിന്റെ പ്രവൃത്തികള്‍ക്ക് രാഷ്ട്രീയ മാനങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഭീഷണികളുടെ ലക്ഷ്യമെന്നും സൗദിയുടെ പങ്ക് പുറത്തുവരാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നുമാണ് വിലയിരുത്തല്‍. സൗദി സര്‍ക്കാര്‍ ബെസോസിന്റെ ഫോണില്‍ നുഴഞ്ഞു കയറിയെന്നുള്ള വിവരം അമേരിക്കന്‍ മീഡിയ ഇന്‍കിന് അറിയാമായിരുന്നുവെന്നും ഡിബെക്കര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. വാഷിംഗ്ടണിലെ സൗദി എംബസിയും അമേരിക്കന്‍ മീഡിയ ഇന്‍കും ആമസോണും ഇതുവരെ ഡിബെക്കറിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചിട്ടില്ല.

ഖഷോഗ്ഗി കൊലപാതകം

രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളുടെ ആവശ്യത്തിനാണ് ജമാല്‍ ഖഷോഗ്ഗി ഒക്‌റ്റോബര്‍ രണ്ടിന് ഇസ്താന്‍ബുള്ളിലുള്ള സൗദി കോണ്‍സുലേറ്റിലേക്ക് പോയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘം ഖഷോഗ്ഗിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് തുര്‍ക്കി അധികൃതര്‍ തുടക്കം മുതലേ പറഞ്ഞെങ്കിലും സൗദി സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. വിവിധ ലോക രാജ്യങ്ങളുടെ നിരന്തര സമ്മര്‍ദവും തുര്‍ക്കിയുടെ നിലപാടും സൗദിയെ ഒറ്റെപ്പെടുത്തണമെന്ന ആഹ്വാനത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഒടുവില്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സൗദി സര്‍ക്കാര്‍ സമ്മതിച്ചു. തങ്ങളുടെ ഏജന്റുമാര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നും എന്നാല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വിഷയവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും സൗദി അറിയിച്ചു. പ്രിന്‍സ് മുഹമ്മദിന്റെ വലിയ വിമര്‍ശകനായിരുന്നു ഖഷോഗ്ഗി.

കൊലപാതകത്തിനെതിരെ അതിതീവ്രമായ കാംപെയ്‌നിംഗാണ് വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയത്. ഇത് സൗദിയിലും ആഗോളതലത്തിലും ചര്‍ച്ചയാവുകയും ചെയ്തു. ആമസോണിനെതിരെയും കമ്പനിയുടെ കീഴിലുള്ള ഗള്‍ഫിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ സൗക്കിനെതിരെയും സൗദി പൗരന്മാര്‍ കാംപെയ്‌നിംഗ് നടത്തുകയുമുണ്ടായി.

ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള സൗദിയുടെ വിശദീകരണം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ സൗദി തുറന്നു പറയണമെന്ന് ആവശ്യമുയരുകയും ചെയ്തു. സൗദിയിലേക്കുള്ള വിദേശ നിക്ഷേപത്തെ വരെ കൊലപാതകം ബാധിക്കുകയും പരിഷ്‌കരണവാദിയെന്ന പ്രിന്‍സ് മുഹമ്മദിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. സൗദി അറേബ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കേണ്ടെന്ന് ജര്‍മനി തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദിയോടും പ്രിന്‍സ് മുഹമ്മദിനോടും പ്രത്യേക താല്‍പ്പര്യമുണ്ടായതിനാല്‍ തന്നെ അമേരിക്കയുടെ നിലപാട് മാറിക്കൊണ്ടിരിക്കുകയാണ് ചെയ്തത്.

സൗദി സര്‍ക്കാരിന്റെ തന്നെ ആസൂത്രിതമായ നീക്കങ്ങള്‍ ജെഫ് ബെസോസിനെതിരെ നടന്നതായാണ് ഡിബെക്കറുടെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഖഷോഗ്ഗി കൊലപാതകത്തില്‍ മൃദു സമീപനം സ്വീകരിച്ചുപോന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ പുതിയ സമ്മര്‍ദം സൃഷ്്ടിക്കാന്‍ ഈ വാര്‍ത്ത കാരണമായേക്കും. ബെസോസിനോട് ട്രംപിന് വലിയ താല്‍പ്പര്യമില്ലെങ്കിലും ലോകത്തിലെ ഏറ്റവും ധനികനെതിരെ സൗദി രാഷ്ട്രീയപരമായി തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നതിനോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ കോര്‍പ്പറേറ്റ് ലോകത്തും അത് വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കും.

Comments

comments

Categories: Arabia