വേതനത്തിലെ ഇരട്ടത്താപ്പ് തൊഴിലിടങ്ങളിലെ ലിംഗവിവേചനം രൂക്ഷമാക്കുന്നു

വേതനത്തിലെ ഇരട്ടത്താപ്പ് തൊഴിലിടങ്ങളിലെ ലിംഗവിവേചനം രൂക്ഷമാക്കുന്നു

ഒരു ശരാശരി സ്ത്രീ തൊഴിലാളിക്ക് അതേ യോഗ്യതയുള്ള പുരുഷ തൊഴിലാളിയേക്കാള്‍ 34 ശതമാനം കുറവ് ശമ്പളമാണ് ലഭ്യമാകുന്നതെന്ന് ‘മൈന്‍ഡ് ദ ഗ്യാപ്-സ്റ്റേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു

ന്യൂഡെല്‍ഹി: നിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവവും വേതന നിരക്കിലെ ഇരട്ടത്താപ്പും തൊഴില്‍ വിപണിയിലെ ലിംഗ വിവേചനത്തിന്റെ പ്രധാന കാരണങ്ങളെന്ന് പ്രശസ്ത എന്‍ജിഒ ആയ ഓക്‌സ്ഫാം ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ഒരു ശരാശരി സ്ത്രീ തൊഴിലാളിക്ക് അതേ യോഗ്യതയുള്ള പുരുഷ തൊഴിലാളിയേക്കാള്‍ 34 ശതമാനം കുറവ് ശമ്പളമാണ് ലഭ്യമാകുന്നതെന്ന് ‘മൈന്‍ഡ് ദ ഗ്യാപ്-സ്റ്റേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ഇന്‍ ഇന്ത്യ’ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരവാസികളായ സ്ത്രീ തൊഴിലാളികള്‍ മേഖലാ കേന്ദ്രീകൃതമാണ്. അവരില്‍ പകുതി വനിതകളും പത്ത് തൊഴില്‍ മേഖലകള്‍ കേന്ദ്രീരിച്ചാണ് ജോലി ചെയ്യുന്നത്. നഗരത്തിലെ ഉദ്യോഗസ്ഥരായ ഏഴു സ്ത്രീകളില്‍ ഒരാള്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

വനിതകള്‍ സാമ്പത്തിക വളര്‍ച്ചാ കുതിപ്പിന്റെ തിരക്കഥയില്‍ നിന്ന് പുറത്തള്ളപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ഗ്രാമീണ ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ കുറവ്, സാമൂഹ്യ നിയമങ്ങളുടെ സമ്മര്‍ദം, വേതനത്തിലെ തുല്യതയില്ലായ്മ, വീട്ടുജോലികളുടെ അമിത ഭാരം തുടങ്ങിയവയാണ് അധ്വാന വര്‍ഗത്തില്‍ വനിതകളുടെ പങ്കാളിത്തം കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ജാതി, സാമ്പത്തികം പോലുള്ള സാമൂഹ്യ നിലകള്‍ സ്ത്രീ-പുരുഷന്‍മാരുടെ തൊഴിലുകളെ സ്വീധീനിക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാമിന്റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.

ദുര്‍ബലമായ നയങ്ങളുടെയും സാമൂഹ്യ സുരക്ഷാ, അടിസ്ഥാനസൗകര്യമേഖലകളിലെ കുറഞ്ഞ നിക്ഷേപത്തിന്റെയും പരിണിത ഫലങ്ങളാണിവയെല്ലാമെന്ന് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹര്‍ അഭിപ്രായപ്പെട്ടു.

നിലവാരമുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട ഓക്‌സ്ഫാം ഇന്ത്യ പോളിസി റിസര്‍ച്ച് ആന്‍ഡ് കാംപെയ്ന്‍സ് ഡയറക്റ്റര്‍ റാണു ഭോഗല്‍ തൊഴിലാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള പ്രതിഫലവും നിലവാരമുള്ള ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാകുന്ന സാമൂഹ്യ സുരക്ഷയും പ്രദാനം ചെയ്യുന്ന തൊഴില്‍ വിപണിയാണ് നമുക്ക് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

വലിയ തോതില്‍ ജീവനക്കാരെ ആവശ്യമുള്ള വ്യവസായ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ഓകസ്ഫാം റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി വലിയ നിക്ഷേപം നടത്തണമെന്നും ഭാവിയില്‍ ഈ രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും നിരീക്ഷണമുണ്ട്.

Comments

comments

Categories: FK News

Related Articles